ധോണിയുടെ ഹമ്മറിനെ സ്കൂട്ടിയിൽ ചെയ്സ് ചെയ്ത ആരാധിക

ആരാധ്യ ധോണിയോടൊപ്പം

ആരാധന മൂത്താൽ പിന്നെ വേറൊന്നും ചിന്തിക്കാനില്ല! ഹമ്മറിനെ ചെയ്സ് ചെയ്യാൻ സ്കൂട്ടർ തന്നെ ധാരാളം. അത് സ്കൂട്ടി കൂടിയാണെങ്കിലോ? ഇന്ത്യ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിയുടെ ഹമ്മറിനെ ചെറിയ സ്കൂട്ടറിൽ പിന്തുടർന്ന കോളജ് വിദ്യാർഥിനി ആരാധ്യ താരത്തോടൊപ്പം സെൽഫിയുമെടുത്തു. ഇന്ത്യൻ എകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ധോണിയുടെ വാഹന പ്രേമം പ്രശസ്തമാണ്. ലക്ഷ്വറി കാറുകളും ബൈക്കുകളുമടക്കം നിരവധി വാഹനങ്ങളാണ് ധോണിയുടെ ഗ്യാരേജിന് അലങ്കാരമായുള്ളത്. ധോണിയുടെ ഹമ്മർ കണ്ട് അന്തംവിട്ടു നോക്കുന്ന കിവീസ് താരങ്ങളുടെ ചിത്രം വൈറലായിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ധോണിയുടെ ഹമ്മർ വാർത്തകളിൽ നിറയുന്നത്.

കഴിഞ്ഞ ദിവസം റാഞ്ചിയിലെ വീട്ടിൽ നിന്നു വിമാനത്താവളത്തിലേക്ക് ആഡംബര കാറായ ഹമ്മറിൽ സഞ്ചരിക്കവെ റാഞ്ചി വനിതാ കോളജ് വിദ്യാർഥിനി ആരാധികയാണു ധോണിയെ പിന്തുടർന്നത്. നഗരമധ്യത്തിലൂടെ ഹമ്മറിൽ പാഞ്ഞ് ക്യാപ്റ്റനു പിന്നാലെ ആരാധികയും വച്ചു പിടിച്ചു. വിദ്യാർഥിനിയുടെ പരക്കം പാച്ചിൽ കണ്ട് പലരും റോഡിൽ നിന്ന് ഓടിമാറി, ആർക്കും കാര്യം പിടികിട്ടിയില്ല. റാഞ്ചി വിമാനത്താവളം ടെർമിനലിൽ എത്തിയപ്പോഴാണ് ആരാധികയുടെ ചെയ്സിങ് വിവരം ധോണി അറിയുന്നത്. ടെർമിനലിൽ പതിനഞ്ച് മിനിറ്റോളം കാത്തു നിന്ന ധോണി ആരാധികയ്ക്കൊപ്പം സെൽഫി എടുത്തശേഷമാണ് യാത്ര തുടർന്നത്.

റജിട്രേഷനിൽ വന്ന ചില കുഴപ്പങ്ങളെ തുടർന്ന് ഈ വർഷത്തിന്റെ തുടക്കത്തിൽ ധോണിയുടെ ഹമ്മർ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഹമ്മറിനെ കൂടാതെ നിരവധി കാറുകളും ബൈക്കുകളും ധോണിക്ക് സ്വന്തമായുണ്ട്.