വാഹനങ്ങൾ തിരിച്ചുവിളിക്കാൻ ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോറും ഫോഡും

ബ്രേക്കിങ് സംവിധാനത്തിലെ തകരാറിനെ തുടർന്നു 36,000 കാറുകൾ തിരിച്ചുവിളിച്ചു പരിശോധിക്കാൻ ഹ്യുണ്ടായിയുടെ ചൈനയിലെ സംയുക്ത സംരംഭമായ ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോർ തീരുമാനിച്ചു. 2013 ജൂലൈ 12നും 2014 ജൂലൈ 31നുമിടയ്ക്കു നിർമിച്ച 36,484 ‘മിസ്ട്ര’യാണു തിരിച്ചു വിളിക്കുന്നതെന്നു ചൈനയിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ക്വാളിറ്റി സൂപ്പർവിഷൻ, ഇൻസ്പെക്ഷൻ ആൻഡ് ക്വാറന്റൈൻ(എ ക്യു എസ് ഐ ക്യു) വെളിപ്പെടുത്തി.

ബ്രേക്ക് ഹോസിൽ വിള്ളൽ വീണു ബ്രേക്ക് ഫ്ളൂയിഡ് ചോരാനും തുടർന്നു ബ്രേക്ക് ലൈറ്റ് പ്രവർത്തന രഹിതമാവാനുമുള്ള സാധ്യത പരിഗണിച്ചാണു വാഹനം തിരിച്ചു വിളിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. വാഹന പരിശോധനയ്ക്കു തുടക്കമായതായും നിർമാണ തകരാറുള്ള യന്ത്രഘടകങ്ങൾ സൗജന്യമായി മാറ്റി നൽകുമെന്നും ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോർ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രമുഖ കൊറിയൻ കാർ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോറും ചൈനയിലെ ബെയ്ജിങ് ഓട്ടമോട്ടീവ് ഇൻഡസ്ട്രി ഹോൾഡിങ് കമ്പനി ലിമിറ്റഡും ചേർന്നു സ്ഥാപിച്ച സംയുക്ത സംരംഭമാണു ബെയ്ജിങ് ഹ്യുണ്ടായ് മോട്ടോർ.

അതിനിടെ പിൻ ഭാഗത്തു വാഹനം വന്നിടിക്കാൻ ഇടയാക്കിയേക്കാവുന്ന, ക്രൂസ് കൺട്രോൾ സംവിധാനത്തിലെ ബ്രേക്കിങ് തകരാറിന്റെ പേരിൽ ‘എഫ് 150’ പിക് അപ് ട്രക്കുകൾ തിരിച്ചു വിളിക്കാൻ യു എസ് നിർമാതാക്കളായ ഫോഡ് തീരുമാനിച്ചു. ഈ തകരാർ മൂലം അപകടം നടന്നതായി വിവരം ലഭിച്ചെന്നും എന്നാൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നും ഫോഡ് വ്യക്തമാക്കി.

യു എസിൽ വിറ്റ 2015 മോഡലിൽപെട്ട 37,000 ‘എഫ് 150’ പിക് അപ് ട്രക്കുകളാണു ഫോഡ് തിരിച്ചുവിളിച്ചു പരിശോധിക്കുന്നത്. വലിപ്പമുള്ള, റിഫ്ളക്ടീവ് സാധ്യതയേറിയ ട്രക്കുകളെ ‘എഫ് 150’ മറികടക്കുമ്പോഴാണ് അപകടസാധ്യതയെന്നും ഫോഡ് വിശദീകരിക്കുന്നു. പിക് അപ് ട്രക്കിലെ അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ റഡാർ, മറികടക്കേണ്ട ട്രക്ക്, സ്വന്തം ലെയ്നിലാണെന്നു തെറ്റിദ്ധരിക്കുന്നതാണു പ്രശ്നം. ഇതോടെ വാഹനം മുന്നറിയിപ്പുകൾ പുറപ്പെടുവിപ്പിക്കുകയും ബ്രേക്ക് ലൈറ്റ് തെളിയിക്കുകയും ചെയ്യാനിടയുണ്ടെന്നു ഫോഡ് വിശദീകരിക്കുന്നു. സ്വന്തം നിലയിൽ ‘എഫ് 150’ ബ്രേക്ക് ചെയ്യുന്നതോടെ പിന്നാലെ വരുന്ന വാഹനം പിക് അപ് ട്രക്കിൽ വന്നിടിക്കാൻ സാധ്യതയുണ്ടെന്നും ഫോഡ് വിലയിരുത്തുന്നു. പ്രശ്നം പരിഹരിക്കാൻ ഫോഡ് ഡീലർഷിപ്പുകൾ ക്രൂസ് കൺട്രോൾ സോഫ്റ്റ്​വെയർ സൗജന്യമായി പരിഷ്കരിച്ചു നൽകുമെന്നും കമ്പനി വ്യക്തമാക്കുന്നു.