ഇക്കൊല്ലം 70,000 കാർ കയറ്റുമതി ചെയ്യാൻ ജി എം ഇന്ത്യ

മധ്യ, ദക്ഷിണ അമേരിക്കയടക്കമുള്ള വിപണികളിലേക്ക് ഇക്കൊല്ലം ഏഴുപതിനായിരത്തിലേറെ കാറുകൾ കയറ്റുമതി ചെയ്യാൻ ലക്ഷ്യമിട്ട് യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ് ഇന്ത്യ(ജി എം ഐ). കഴിഞ്ഞ വർഷം ചിലെയും മെക്സിക്കോയുമടക്കമുള്ള രാജ്യങ്ങളിലേക്ക് 21,000 ‘ഷെവർലെ’ വാഹനങ്ങളാണു കമ്പനി കയറ്റുമതി ചെയ്തത്. 2015ൽ ആകെ 40 വിപണികളിലാണു ജി എം ഇന്ത്യയിൽ നിർമിച്ച വാഹനങ്ങൾ വിൽപ്പനയ്ക്കെത്തിച്ചത്.

ഇക്കൊല്ലം ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയിൽ ഗണ്യമായ വർധന പ്രതീക്ഷിക്കുന്നുണ്ടെന്നു ജി എം ഐ അറിയിച്ചു. അര ലക്ഷത്തോളം യൂണിറ്റിന്റെ വർധന കൈവരിക്കാനാണു പദ്ധതിയെന്നും കമ്പനി വ്യക്തമാക്കി. കഴിഞ്ഞ മാസം മധ്യ, ദക്ഷിണ അമേരിക്കൻ രാജ്യങ്ങളിലേക്കായി കമ്പനി 7,661 ‘ഷെവർലെ ബീറ്റ്’ കയറ്റുമതി ചെയ്തിരുന്നു; ജി എം ഐയെ സംബന്ധിച്ചിടത്തോളം കമ്പനി നടത്തുന്ന ഏറ്റവും വലിയ കയറ്റുമതിയാണിത്. സെപ്റ്റംബറിലെ കയറ്റുമതിയിൽ ഭൂരിഭാഗവും മെക്സിക്കോയിലേക്കായിരുന്നു: 7,254 യൂണിറ്റ്. കഠിനാധ്വാനവും പ്രഫഷനലിസവും കാഴ്ചവയ്ക്കുന്ന ജീവനക്കാരിൽ അഭിമാനമുണ്ടെന്നു ജി എം ഇന്ത്യ വൈസ് പ്രസിഡന്റ് (പ്ലാനിങ് ആൻഡ് എക്സ്പോർട്സ്) ശ്രീനി രാജഗോപാലൻ അഭിപ്രായപ്പെട്ടു. ‘ബീറ്റ്’ കയറ്റുമതിയിലെ ഈ ഉജ്വല നേട്ടം കമ്പനി ആഘോഷമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്ട്രയിലെ തലേഗാവ് ശാലയിൽ രാജ്യാന്തര നിലവാരമുള്ള കാറുകളാണു കമ്പനി നിർമിക്കുന്നത് എന്നതിനുള്ള തെളിവു കൂടിയാണ് കയറ്റുമതിയിലെ ഈ മികവെന്ന് അദ്ദേഹം വിശദീകരിച്ചു.

ജി എം ഇന്ത്യ 2014 സെപ്റ്റംബറിലാണു ചിലെയിലേക്കുള്ള വാഹന കയറ്റുമതി തുടങ്ങിയത്. ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് ലേ ഔട്ടുള്ള ‘ബീറ്റ്’ ആണു കമ്പനി മെക്സിക്കോ, ചിലെ, പെറു, മധ്യ അമേരിക്കൻ കരീബിയൻ(സി എ സി) രാജ്യങ്ങൾ, യുറുഗ്വേ, അർജന്റീന എന്നിവിടങ്ങളിലേക്കു കയറ്റുമതി ചെയ്യുന്നത്. മൊത്ത 70,072 ‘ബീറ്റ്’ ആണു ജി എം ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്തത്; 2015 — 16ൽ ഇന്ത്യയിൽ നിന്നുള്ള വാഹന കയറ്റുമതിയിൽ ആറാം സ്ഥാനവും ‘ബീറ്റി’നാണ്. വിദേശ വിപണികളിൽ ‘സ്പാർക്ക്’ എന്ന പേരിലാണു ‘ബീറ്റ്’ വിൽപ്പനയ്ക്കെത്തുന്നത്. ആഗോളതലത്തിൽ ഏഴുപതോളം രാജ്യങ്ങളിൽ ലഭ്യമാവുന്ന കാറിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 10 ലക്ഷത്തിലേറെ യൂണിറ്റാണ്.