പുതുവർഷത്തിൽ യു എസിലെ 5 നിർമാണശാല അടച്ചിടാൻ ജി എം

വിൽപ്പനയിലെ ഇടിവു മുൻനിർത്തി പുതുവർഷത്തിൽ അഞ്ചു നിർമാണശാലകൾ താൽക്കാലികമായി അടയ്ക്കുമെന്നു യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം). 2017 ജനുവരിൽ ഈ ശാലകൾ ഒന്നു മുതൽ മൂന്ന് ആഴ്ച വരെക്കാലത്തേക്ക് അടയ്ക്കാനാണു കമ്പനിയുടെ നീക്കം.

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)ങ്ങൾക്കും ട്രക്കുകൾക്കും ആവശ്യക്കാരേറുമ്പോഴും സെഡാനുകൾ വാങ്ങാൻ ആരുമില്ലെന്നതാണു യു എസ് വാഹന നിർമാതാക്കൾ നേരിടുന്ന പ്രതിസന്ധി. ഉൽപ്പാദിപ്പിച്ച സെഡാനുകൾ വാങ്ങാൻ തന്നെ ആരുമെത്താത്ത സാഹചര്യത്തിൽ കൂടുതൽ വാഹനം ഉൽപ്പാദിപ്പിക്കാതെ ശാലകൾ താൽക്കാലികമായി അടച്ചിടാനാണു ജി എമ്മിന്റെ പദ്ധതി.

വിപണിയുടെ ആവശ്യം പരിഗണിച്ച് നിർമാണശാലകളുടെ പ്രവർത്തനം പുനഃക്രമീകരിക്കാനാണു കമ്പനി തീരുമാനിച്ചിരിക്കുന്നതെന്ന് ജി എം വക്താവ് വിശദീകരിച്ചു. മിചിഗനിലെ രണ്ടു ശാലകളും കെന്റക്കിയിലെയും കൻസാസിലെയും ഒഹിയോയിലെയും ഓരോ ശാലയുമാണു ജി എം തൽക്കാലത്തേക്കു പൂട്ടുക. ആകെ പതിനാലായിരത്തോളം ജീവനക്കാരെയാണു കമ്പനിയുടെ തീരുമാനം ബാധിക്കുകയെന്നും അവർ വ്യക്തമാക്കി.