ഫോക്സ്​വാഗനോടു കർക്കശ നിലപാടുമായി ജർമനി

സ്വന്തം നിലയിൽ അറ്റകുറ്റപ്പണികൾ നടത്താമെന്ന കമ്പനിയുടെ വാഗ്ദാനം നിരസിച്ച് ഡീസൽ എൻജിനുള്ള 24 ലക്ഷം കാറുകൾ തിരിച്ചുവിളിക്കാൻ ജർമൻ ഫോക്സ്​വാഗൻ എ ജിക്കു ജർമൻ സർക്കാരിന്റെ നിർദേശം. ഇതോടെ യു എസിൽ ‘പുകമറ സോഫ്റ്റ്​വെയർ’ വിവാദത്തിൽ കുടുങ്ങിയ ഫോക്സ്​വാഗനെതിരെ പല യൂറോപ്യൻ രാജ്യങ്ങളും നിലപാട് കർശനമാക്കി.

മലിനീകരണ നിയന്ത്രണ വേളയിൽ കൃത്രിമം കാട്ടാൻ വികസിപ്പിച്ച സോഫ്റ്റ്​വെയറിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണു ഡീസൽ എൻജിനുള്ള കാറുകൾ പരിശോധിച്ചു പരിഹാര നടപടി സ്വീകരിക്കാൻ ഫോക്സ്​വാഗൻ നിർബന്ധിതരായത്. സ്വന്തം നിലയിലുള്ള പരിശോധനയ്ക്കു പകരം ഫോക്സ്​വാഗൻ 24 ലക്ഷത്തോളം കാറുകൾ തിരിച്ചുവിളിക്കണമെന്നാണു ജർമനിയിലെ ഫെഡറൽ മോട്ടോർ ട്രാൻസ്പോർട്ട് അതോറിട്ടി(കെ ബി എ)യുടെ നിലപാട്. ഇതോടെ വാഹന പരിശോധന വേഗത്തിലാക്കാനാവുമെന്നും അധികൃതർക്കു കൂടുതൽ നിയന്ത്രണം കൈവരുമെന്നുമാണു പ്രതീക്ഷയെന്നു ജർമൻ ഗതാഗത മന്ത്രി അലക്സാണ്ടർ ഡോബ്രിണ്ട് അഭിപ്രായപ്പെട്ടു.

മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങളെ മറികടക്കാൻ 2008 മുതൽ വളഞ്ഞവഴി സ്വീകരിക്കുന്നതാണു ജർമനിയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ ഫോക്സ്​വാഗനു ജന്മനാട്ടിൽ തിരിച്ചടി സൃഷ്ടിച്ചത്. സ്വന്തം നാട്ടിൽ കർക്കശ നടപടി നേരിടുന്ന ഫോക്സ്​വാഗനോടു ഡീസൽ കാറുകൾ ധാരാളം വിറ്റഴിയുന്ന ഇതര യൂറോപ്യൻ വിപണികളും കരുണ കാണിക്കാനിടയില്ലെന്നാണു വിലയിരുത്തൽ. മലിനീകരണ നിയന്ത്രണ പരിശോധനകളെ അതിജീവിക്കാനുള്ള ‘പുകമറ സോഫ്റ്റ്​വെയർ’ മേഖലയിൽ വിറ്റ 80 ലക്ഷത്തോളം കാറുകളിൽ ഘടിപ്പിച്ചിട്ടുണ്ടാവാമെന്നാണു കണക്കുകൾ.

ഫോക്സ്​വാഗനെതിരെ ജർമനി പ്രഖ്യാപിച്ച നടപടി അതതു രാജ്യങ്ങളിൽ ബാധകമാണെന്ന് ഓസ്ട്രിയയും സ്വിറ്റ്സർലൻഡും പ്രഖ്യാപിച്ചിട്ടുണ്ട്; ഇരുരാജ്യങ്ങളിലുമായി അഞ്ചു ലക്ഷത്തോളം കാറുകളാണു ഫോക്സ്​വാഗൻ പരിശോധിക്കേണ്ടി വരിക. അതേസമയം കെ ബി എയുടെ ഉത്തരവ് പരിശോധിച്ചു വരികയാണെന്നായിരുന്നു ഫോക്സ്​വാഗന്റെ പ്രതികരണം. ‘പുകമറ’ വിവാദം ചർച്ച ചെയ്യാൻ കമ്പനിയിലെ നാനൂറോളം ഉയർന്ന ഉദ്യോഗസ്ഥരുടെ യോഗം ലീപ്സിഗിൽ ചേരുന്നുണ്ട്.

യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധനകളെ അതിജീവിക്കാൻ സോഫ്റ്റ്​വെയർ സഹായം തേടിയ കാര്യം കഴിഞ്ഞ മാസമാണു ഫോക്സ്​വാഗൻ പുറത്തുവിട്ടത്. പരിശോധനാവേളയിൽ നിയന്ത്രണം പാലിക്കുന്നതായി നടിക്കുന്ന ഡീസൽ എൻജിൻ കാറുകൾ നിരത്തിലെത്തുന്നതോടെ ‘മാലിന്യ വണ്ടി’കളാവുമെന്നായിരുന്നു കമ്പനിയുടെ കുമ്പസാരം. യു എസിൽ ഇത്തരത്തിൽപെട്ട 4.82 ലക്ഷം കാറുകൾ വിറ്റെന്നും കമ്പനി അറിയിച്ചിരുന്നു.

എന്നാൽ തട്ടിപ്പിന്റെ വ്യാപ്തിയേറിയതോടെ ‘പുകമറ സോഫ്റ്റ്​വെയർ’ ഘടിപ്പിച്ച കാറുകളുടെ എണ്ണം ആഗോളതലത്തിൽ 1.1 കോടിയോളമായി ഉയർന്നു. ‘ഇ എ 189’ ഡീസൽ എൻജിനോടെ ഫോക്സ്​വാഗൻ ജർമനിയിൽ വിറ്റ കാറുകളിലും വിവാദ സോഫ്റ്റ്​വെയറിന്റെ സാന്നിധ്യമുണ്ടെന്നു ഡോബ്രിണ്ട് വ്യക്തമാക്കി.