ജി എം ഹാലോൾ ശാല പ്രവർത്തനം ഏപ്രിൽ 28നു നിർത്തുന്നു

ഗുജറാത്തിലെ ഹാലോൾ ശാലയിൽ നിന്നുള്ള ഉൽപ്പാദനം ഏപ്രിൽ 28ന് അവസാനിപ്പിക്കുമെന്നു യു എസ് വാഹന നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം). മഹാരാഷ്ട്രയിലെ തലേഗാവ് ശാലയിലേക്കു നിർമാണപ്രവർത്തനങ്ങൾ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ഈ പരിവർത്തന കാലത്ത് ഹാലോൾ ശാലയിലെ ജീവനക്കാരെ പിന്തുണയ്ക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നു ജി എം ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടർ കഹെർ കാസിം അറിയിച്ചു.

ജി എമ്മിനൊപ്പം തുടരാൻ താൽപര്യം പ്രകടിപ്പിച്ചവർക്ക് തലേഗാവ് ശാലയിൽ ജോലി നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പിരിഞ്ഞു പോകുന്നവർക്ക് ഉയർന്ന നഷ്ടപരിഹാര പാക്കേജും ലഭ്യമാക്കിയതായി അദ്ദേഹം വെളിപ്പെടുത്തി.പ്ലാന്റ് പ്രവർത്തനം അവസാനിപ്പിക്കുന്നതിനാൽ ജീവനക്കാർക്ക് സാമ്പത്തിക കാര്യങ്ങളിലും നികുതി വിഷയങ്ങളിലും ഉപദേശങ്ങൾ നൽകാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. തലേഗാവ് ശാലയിൽ ജോലിയിൽ തുടരാൻ ആഗ്രഹിക്കുന്നവരെ സഹായിക്കാനും നടപടിയായിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഹാലോൾ ശാലയുടെ പ്രവർത്തന സമാപനം പ്രശ്നരഹിതമാക്കാൻ സർക്കാർ അധികൃതരുമായും തൊഴിലാളി യൂണിയനുകളുമായും ജീവനക്കാരുമായും സപ്ലയർമാരുമായുമെല്ലാം ചർച്ചകൾ നടത്തുന്നുണ്ടെന്നും ജി എം വ്യക്തമാക്കി. ഹാലോൾ ശാലയിലെ ആസ്തികൾ മാത്രം വിറ്റഴിക്കാനുള്ള നടപടികളുമായി കമ്പനി മുന്നോട്ടു പോകുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി.