ഇഗ്നീഷൻ സ്വിച് തകരാർ: കനത്ത പിഴ കാത്തു ജി എം

നിർമാണ തകരാറുള്ള ഇഗ്നീഷൻ സ്വിച്ചുകൾ മൂലമുണ്ടായ അപകടങ്ങളുടെ പേരിൽ ജനറൽ മോട്ടോഴ്സി(ജി എം)നു റെക്കോർഡ് പിഴ ശിക്ഷ ലഭിക്കാൻ സാധ്യത. 104 പേരുടെയെങ്കിലും മരണത്തിനു വഴിവച്ചതു ജി എമ്മിന്റെ കുറ്റകരമായ അനാസ്ഥയാണെന്നാണത്രെ അപകടങ്ങളെപ്പറ്റി അന്വേഷിച്ച സംഘത്തിന്റെ നിഗമനം. ഇതോടെ കനത്ത പിഴ നൽകി ഏതാനും മാസത്തിനകം കേസിൽ നിന്നു തലയൂരാൻ ജി എം ശ്രമം തുടങ്ങിയെന്നാണു സൂചന.

വാഹനങ്ങൾക്ക് അപ്രതീക്ഷിതമായി വേഗമേറി അപകടങ്ങൾ സംഭവിച്ചതിനെ തുടർന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാർ നിർമാതാക്കളായ 120 കോടി ഡോളർ(7620 കോടിയോളം രൂപ) നൽകിയതാണു യു എസിലെ നിലവിലുള്ള റെക്കോർഡ് നഷ്ടപരിഹാരം. ഇഗ്നീഷൻ സ്വിച് പ്രശ്നത്തിൽ ജി എമ്മിനെ കാത്തിരിക്കുന്ന പിഴ ഈ റെക്കോർഡ് പഴങ്കഥയാക്കുമെന്ന അഭ്യൂഹം ശക്തമാണ്.

ജാപ്പനീസ് കമ്പനിയായ ടൊയോട്ട യു എസ് പ്രോസിക്യൂട്ടർമാരുമായി പട വെട്ടിയപ്പോൾ അന്വേഷണവുമായി സഹകരിച്ചു എന്നതാണ് ജി എമ്മിനുള്ള പ്രധാന അനുകൂല ഘടകം. അതുകൊണ്ടുതന്നെ ശിക്ഷ പ്രഖ്യാപിക്കുമ്പോൾ ജി എമ്മിനു നേരിയ ഇളവു ലഭിക്കുമെന്ന പ്രതീക്ഷയും സജീവമാണ്.

പ്രശ്നത്തിന്റെ പേരിൽ ജി എം കഴിഞ്ഞ വർഷം പുറത്താക്കിയ ചില ജീവനക്കാർക്കെതിരെ ക്രിമിനൽ കുറ്റം ആരോപിക്കപ്പെടാൻ സാധ്യതയേറെയാണ്. ജി എമ്മാവട്ടെ കാര്യമായ പരുക്കില്ലാതെ ഏറ്റെടുക്കാവുന്നതും അംഗീകരിക്കാവുന്നതുമായ കുറ്റകൃത്യം ഏതെന്നു കണ്ടെത്താനുള്ള ശ്രമത്തിലുമാണ്.

ദശാബ്ദത്തിലേറെ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് നിർമാണപിഴവുള്ള ഇഗ്നീഷൻ സ്വിച് പോലുള്ള ഗുരുതര തകരാറിന്റെ പേരിൽ വാഹനങ്ങൾ തിരിച്ചുവിളിക്കാൻ തീരുമാനിച്ചത് എന്നതാണ് ജി എമ്മിനെതിരായ പ്രധാന ആരോപണം. അതുകൊണ്ടുതന്നെ വാഹനങ്ങളുടെ നിർമാണ തകരാർ വെളിപ്പെടുത്തുന്നതിൽ ജി എം കാലതാമസം വരുത്തുകയോ ഈ വിഷയത്തിൽ റഗുലേറ്റർമാരെ തെറ്റിദ്ധരിപ്പിക്കുകയോ ചെയ്തോ എന്നതാണ് ന്യൂയോർക്കിലെ ഫെഡറൽ പ്രോസിക്യൂട്ടർമാരും എഫ് ബി ഐയും പ്രധാനമായും അന്വേഷിക്കുന്നത്. 2001ൽ തിരിച്ചറിഞ്ഞ പ്രശ്നം പരിഹരിക്കാൻ ഇത്രയും കാലതാമസം നേരിട്ടത് എന്തുകൊണ്ടെന്ന ചോദ്യം ജി എമ്മിനെ വിഷമവൃത്തത്തിലാക്കുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട ആവശ്യങ്ങളോടു പൂർണമായും സഹകരിക്കുന്നുണ്ടെന്നായിരുന്നു കമ്പനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. അന്വേഷണത്തിന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ചോ സമയക്രമത്തെക്കുറിച്ചോ പ്രതികരിക്കാനാവില്ലെന്നും ജി എം വ്യക്തമാക്കിയിരുന്നു.

അപ്രതീക്ഷിതമായി എൻജിൻ നിർത്താനും പവർ സ്റ്റീയറിങ്, പവർ ബ്രേക്ക്, എയർ ബാഗ് എന്നിവ പ്രവർത്തനരഹിതമാക്കാനും സാധ്യതയുള്ള ഇഗ്നീഷൻ സ്വിച്ചുകൾ ഘടിപ്പിച്ചതിന്റെ പേരിൽ 2014 ഫെബ്രുവരിയിലാണു ജി എം വാഹനങ്ങൾ തിരിച്ചുവിളിച്ചു പരിശോധിച്ചു തുടങ്ങിയത്. തുടക്കത്തിൽ 2005 — 2007 കാലത്തു നിർമിച്ച ‘ഷെവർലെ കൊബാൾട്ട്’, 2003 — 2007 മോഡൽ ‘സാറ്റേൺ അയോൺ’ തുടങ്ങി 27 ലക്ഷത്തോളം കാറുകളാണു കമ്പനി തിരിച്ചുവിളിക്കാൻ തീരുമാനിച്ചത്. തുടർന്നു ഘട്ടം ഘട്ടമായി പരിശോധന വ്യാപിപ്പിച്ചത്തോടെ ആഗോളതലത്തിൽ തിരിച്ചുവിളിച്ച വാഹനങ്ങളുടെ എണ്ണം 30 ലക്ഷം പിന്നിട്ടു.