പുത്തൻ പ്രീമിയം ബ്രാൻഡുമായി ഗ്രേറ്റ് വാൾ മോട്ടോറും

ചൈനയിലെ സ്പോർട് യൂട്ടിലിറ്റി വാഹന മേഖലയിലെ മുൻനിരക്കാരായ ഗ്രേറ്റ് വാൾ മോട്ടോർ പുതിയ പ്രീമിയം ബ്രാൻഡ് അവതരിപ്പിക്കുന്നു. വില കുറഞ്ഞ കാറുകളുടെ നിർമാതാക്കളെന്ന പേരുദോഷത്തിൽ നിന്നു മോചിതരാവാനുള്ള ശ്രമത്തിന്റെ ഭാഗമായാണു ഗ്രേറ്റ് വാൾ മോട്ടോർ 16ന് ‘വീ’ എന്ന പുതിയ ബ്രാൻഡ് അവതരിപ്പിക്കുന്നത്.ചൈനയിലെ പ്രമുഖ വാഹന പ്രദർശനമായ ഗ്വാങ്ചൗ മോട്ടോർ ഷോയ്ക്കു മുന്നോടിയായിട്ടാവും ‘വീ’ ബ്രാൻഡിന്റെ രംഗപ്രവേശം. കമ്പനി ചെയർമാൻ വി ജിയാൻജുനിൽ നിന്നു പ്രചോദിതമായാണു പുതിയ ബ്രാൻഡിനു ‘വീ’ എന്നു പേരിട്ടതെന്നാണു സൂചന.

ചൈനയ്ക്കു സ്പോർട് യൂട്ടിലിറ്റി വാഹനങ്ങളോടുള്ള പ്രിയം ആദ്യം തിരിച്ചറിഞ്ഞ നിർമാതാക്കളാണു ഗ്രേറ്റ് വാൾ. 2014ൽ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന നേടിയതു കമ്പനിയുടെ ‘എച്ച് സിക്സ്’ ആയിരുന്നു. വിൽപ്പനയിൽ മുന്നിട്ടു നിൽക്കുമ്പോഴും വിദേശ ബ്രാൻഡുകളെ പോലെ ഉയർന്ന വില ഈടാക്കാനാവുന്നില്ല എന്നതാണു ഗ്രേറ്റ് വാൾ നേരിടുന്ന വെല്ലുവിളി. ഈ പോരായ്മ മറികടക്കാൻ ലക്ഷ്യമിട്ടാണു കമ്പനി പുതിയ പ്രീമിയം ബ്രാൻഡ് അവതരിപ്പിക്കുന്നതെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. മൂല്യത്തിലും പെരുമയിലും പ്രശസ്തിയിലുമൊക്കെ ആഗോള ബ്രാൻഡുകളോടു കിട പിടിക്കുന്ന പുതിയ ബ്രാൻഡാണു ‘വീ’യിലൂടെ ഗ്രേറ്റ് വാൾ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ മാസം എതിരാളികളായ ഗീലിയും ‘ലിങ്ക് ആൻഡ് കോ’ എന്ന പേരിൽ പുത്തൻ പ്രീമിയം ബ്രാൻഡ് അവതരിപ്പിച്ചിരുന്നു. ആറു വർഷം മുമ്പ് ഗീലി സ്വന്തമാക്കിയ സ്വീഡിഷ് വാഹന നിർമാതാക്കളായ വോൾവോയുമായി സഹകരിച്ച് വികസിപ്പിച്ച കോംപ്ലക്സ് മോഡുലാർ ആർക്കിടെക്ചർ(സി എം എ) പ്ലാറ്റ്ഫോമിലുള്ള ആദ്യ വാഹനവും വിപണിയുടെ ഇടത്തട്ട് ലക്ഷ്യമിടുന്ന ഈ ബ്രാൻഡിലാണു പുറത്തെത്തുക. തുടക്കത്തിൽ ചൈനയിൽ വിൽപ്പനയ്ക്കെത്തുന്ന കാറുകൾ പിന്നീട് യു എസിലും യൂറോപ്പിലും അവതരിപ്പിക്കാനും ഗീലിക്കു പദ്ധതിയുണ്ട്.
ജനറൽ മോട്ടോഴ്സും എസ് എ ഐ സി മോട്ടോർ കോർപറേഷനും പോലെ വിദേശ നിർമാതാക്കളും ചൈനീസ് പങ്കാളികളുമായുള്ള സംയുക്ത സംരംഭങ്ങൾ അരങ്ങുവാഴുന്ന ഇടത്തട്ടിനെ ലക്ഷ്യമിട്ടാണു ഗീലി ‘എൽ’ എന്ന കോഡ് നാമത്തിൽ പുതിയ ബ്രാൻഡ് വികസനം ആരംഭിച്ചത്. ‘ലിങ്ക് ആൻഡ് കോ’ എന്ന പുതിയ ബ്രാൻഡ് അവതരിക്കുന്നതോടെ വോൾവോയ്ക്ക് ആഡംബര കാർ വിഭാഗത്തിലും ഗീലിക്ക് ആഭ്യന്തര നിർമാതാക്കൾക്കെതിരെയും ശ്രദ്ധ കേന്ദ്രീകരിക്കാമെന്ന നേട്ടവുമുണ്ട്.