10,000 ബുക്കിങ്ങിന്റെ കരുത്തോടെ ഹ്യുണ്ടായ് ‘ക്രേറ്റ’

Hyundai Creta

കൊറിയൻ നിർമാതാക്കളായ ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’യ്ക്കു മികച്ച വരവേൽപ്പ്. കഴിഞ്ഞ ഒന്നിന് ബുക്കിങ് ആരംഭിച്ചതു മുതൽ പതിനായിരത്തോളം പേരാണത്രെ ‘ക്രേറ്റ’സ്വന്തമാക്കാൻ കാത്തിരിക്കുന്നത്. 21നാണു ‘ക്രേറ്റ’യുടെ ഔദ്യോഗിക അരങ്ങേറ്റം. ‘ക്രേറ്റ’ അന്വേഷിച്ച് 28,500 പേർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഡീലർഷിപ്പുകളിലെത്തിയെന്നു ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ്(സെയിൽസ് ആൻഡ് മാർക്കറ്റിങ്) രാകേഷ് ശ്രീവാസ്തവ അവകാശപ്പെട്ടു. ഇതിൽ പതിനായിരത്തോളം പേരാണ് അഡ്വാൻസ് നൽകി ‘ക്രേറ്റ’ ബുക്ക് ചെയ്തത്.

കേരളത്തിന്റെ ഓണവും മഹാരാഷ്ട്രയുടെ ഗണേശ് ചതുർഥിയും ഉത്തരേന്ത്യയുടെ ദസറ — ദീപാവലി ആഘോഷവുമൊക്കെ ലക്ഷ്യമിട്ടാണു ഹ്യുണ്ടായ് ‘ക്രേറ്റ’യെ പടയ്ക്കിറക്കുന്നത്. മുൻ മോഡൽ അവതരണ വേളകളിൽ ഓണവും ഗണേശ് ചതുർഥിയും നഷ്ടമായതിന്റെ ക്ഷീണം ഒഴിവാക്കാനും ഇക്കുറി ശ്രമിച്ചിട്ടുണ്ടെന്നു ശ്രീവാസ്തവ വിശദീകരിക്കുന്നു.

കാറിന്റെ വില സംബന്ധിച്ചു വ്യക്തമായ സൂചനയൊന്നും ഹ്യുണ്ടായ് നൽകിയിട്ടില്ല; എങ്കിലും മിക്കവാറും എട്ടു ലക്ഷം മുതൽ 11 ലക്ഷം വരെയാവും ‘ക്രേറ്റ’യുടെ വിലയെന്നാണു പ്രതീക്ഷ. ഡീസൽ, പെട്രോൾ എൻജിനുകളോടെ ആറു വകഭേദങ്ങളിലാണു ‘ക്രേറ്റ’ ലഭിക്കുക. അടിസ്ഥാന മോഡലുകൾക്കു പുറമെ ‘എസ്’(പെട്രോളും ഡീസലും), ‘എസ് പ്ലസ്’, ‘എസ് എക്സ്’(ഡീസൽ മാത്രം), ‘എസ് എക്സ്(ഒ)’(ഡീസൽ) എന്നിവയാണു വകഭേങ്ങൾ.

ഡീസൽ വിഭാഗത്തിൽ 1.4 ലീറ്റർ, 1.6 ലീറ്റർ എൻജിനുകളാണു ‘ക്രേറ്റ’യ്ക്കു കരുത്തേകുക; പെട്രോളിലാവട്ടെ 1.6 ലീറ്റർ എൻജിനും. ‘എസ് എക്സ്’ മുതലുള്ള വകഭേദങ്ങൾക്കു മാത്രമാവും 1.6 ലീറ്റർ ഡീസൽ എൻജിന്റെ കരുത്ത്. പോരെങ്കിൽ ഈ വിഭാഗത്തിൽ പുതുമയായി ഡീസൽ എൻജിനൊപ്പം ഓട്ടമാറ്റിക് ട്രാൻസ്മിഷൻ എന്ന സാധ്യതയും ‘ക്രേറ്റ’യിൽ ഹ്യുണ്ടായ് വാഗ്ദാനം ചെയ്യുന്നുണ്ട്.

കഴിഞ്ഞ മാസം തന്നെ ഹ്യുണ്ടായ് ‘ക്രേറ്റ’യുടെ നിർമാണം ആരംഭിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജ്യത്തെ എഴുനൂറോളം ഡീലർഷിപ്പുകളിലും വാഹനം ലഭ്യമാണ്. ഇക്കൊല്ലം 14% വളർച്ചയോടെ 4.65 ലക്ഷം കാറുകൾ വിൽക്കാൻ ലക്ഷ്യമിടുന്ന ഹ്യുണ്ടായ് മോട്ടോർ ഇന്ത്യയ്ക്ക് ‘ക്രേറ്റ’യുടെ വിജയം സുപ്രധാനമാണ്. മത്സരക്ഷമമായ വിലയ്ക്കു ലഭ്യമായാൽ ‘സ്കോർപിയോ’യ്ക്കു കനത്ത വെല്ലുവിളി ഉയർത്താൻ ‘ക്രേറ്റ’യ്ക്കു കഴിയുമെന്നാണു വിദഗ്ധരുടെ നിഗമനം; നിലവിൽ ഏഴര മുതൽ പന്ത്രണ്ടര ലക്ഷം രൂപ വരെയാണു മഹീന്ദ്രയുടെ ‘സ്കോർപിയോ’യ്ക്കു വില.