ഇന്ത്യയിൽ നിന്നു ‘ക്രേറ്റ’ കയറ്റുമതി ചെയ്യാൻ ഹ്യുണ്ടായ്

Hyundai Creta

ആഗോളതലത്തിൽ ഓൾ ടെറെയ്ൻ കാറുകൾക്കുള്ള ആവശ്യം മുതലെടുക്കാനായി ഇന്ത്യയിൽ നിർമിക്കുന്ന ‘ക്രേറ്റ’ കയറ്റുമതി ചെയ്യാൻ ഹ്യുണ്ടായ് മോട്ടോർ കമ്പനി ആലോചിക്കുന്നു. ഏഷ്യക്കു പുറമെ മറ്റു വിദേശ വിപണികളിലും ഇന്ത്യയിൽ നിന്നുള്ള കോംപാക്ട് എസ് യു വിയായ ‘ക്രേറ്റ’ അവതരിപ്പിക്കാനാണു ഹ്യുണ്ടായിയുടെ പദ്ധതി.

ഇക്കൊല്ലം തന്നെ ലാറ്റിൻ അമേരിക്കയിലേക്കും മധ്യ പൂർവ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ‘ക്രേറ്റ’യുടെ ഇന്ത്യയിലെ അവതരണവേളയിൽ തന്നെ ഹ്യുണ്ടായ് വ്യക്തമാക്കിയിരുന്നു. മറ്റു പല രാജ്യങ്ങളിലും ‘ക്രേറ്റ’ അവതരിപ്പിക്കണമെന്നു ശക്തമായ സമ്മർദമുണ്ടെന്ന് ഇന്ത്യയിലെ ആദ്യ എസ് യു വിയുടെ അവതരണവേളയിൽ ഹ്യുണ്ടായിയുടെ രാജ്യാന്തര വിൽപ്പന വിഭാഗം സീനിയർ വൈസ് പ്രസിഡന്റ് യുങ്ക്വോൺ റിം തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതുവഴി രാജ്യാന്തര തലത്തിൽ കൂടുതൽ വിൽപ്പന കൈവരിക്കാനാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

വിൽപ്പനയുടെ അടിസ്ഥാനത്തിൽ ഹ്യുണ്ടായിയും സഹസ്ഥാപനമായ കിയ മോട്ടോഴ്സ് കോർപറേഷനും രാജ്യാന്തരതലത്തിൽ അഞ്ചാം സ്ഥാനത്താണ്. 2015ൽ 82 ലക്ഷം യൂണിറ്റിന്റെ വിൽപ്പനയാണ് ഹ്യുണ്ടായ് — കിയ സഖ്യം ലക്ഷ്യമിടുന്നത്; 2014നെ അപേക്ഷിച്ച് രണ്ടര ശതമാനത്തോളം മാത്രം കൂടുതലാണിത്. പോരെങ്കിൽ 2003നുശേഷമുള്ള ഏറ്റവും കുറഞ്ഞ വളർച്ചാനിരക്കാണ് ഇക്കൊല്ലം ഹ്യുണ്ടായ് പ്രതീക്ഷിക്കുന്നതും.

ഇന്ധന വിലയിലെ കുറവിന്റെ പിൻബലത്തിൽ എതിരാളികൾ എസ് യു വി വിഭാഗത്തിലെ സാധ്യതകൾ മുതലെടുത്തു മുന്നേറിയപ്പോൾ ഹ്യുണ്ടായ് പലപ്പോഴും കാഴ്ചക്കാരുടെ റോളിലായിരുന്നു. ഈ വിഭാഗത്തിൽ പുതിയ മോഡലുകൾ ഇല്ലാത്തതും ഉൽപ്പാദനശേഷിയിലെ പരിമിതികളുമായിരുന്നു ഹ്യുണ്ടായിയെ പിന്നോട്ടടിച്ചത്. എന്നാൽ ഈ പോരായ്മകൾ പരിഹരിച്ച് എസ് യു വി വിഭാഗത്തിലെ പ്രകടനം മെച്ചപ്പെടുത്താനാണു ഹ്യുണ്ടായ് ഇപ്പോൾ തയാറെടുക്കുന്നത്. യു എസിലെ ഉൽപ്പാദനശേഷി ഉയർത്തുന്നതിനൊപ്പം ചൈനയിൽ അഞ്ചാം നിർമാണശാല സ്ഥാപിച്ചുമാവും ഹ്യുണ്ടായ് കൂടുതൽ എസ് യു വികൾ നിരത്തിലെത്തിക്കുക.

ഇന്ത്യയിൽ രണ്ടാം സ്ഥാനത്തുള്ള ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ ലിമിറ്റഡ് ഇക്കൊല്ലം 13,000 ‘ക്രേറ്റ’യാണു കയറ്റുമതി ചെയ്യുക. ആഭ്യന്തര വിപണിയിൽ നിന്നുള്ള ആവശ്യം കൂടി നിറവേറ്റണ്ടതിനാൽ ‘ക്രേറ്റ’ കയറ്റുമതി വർധിപ്പിക്കുന്നതിനെപ്പറ്റി ഇപ്പോൾ കമ്പനി ആലോചിക്കുന്നില്ല.

ആഗോളതലത്തിൽ നിലവിൽ ആറാം സ്ഥാനത്തുള്ള ഇന്ത്യൻ കാർ വിപണി 2020ൽ യു എസിനും ചൈനയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്തെത്തുമെന്നാണു പ്രവചനങ്ങൾ. ഇതോടെ കോംപാക്ട് എസ് യു വി വിൽപ്പന 9.70 ലക്ഷം യൂണിറ്റോളമായി ഉയരുമെന്നാണു കണക്ക്; ഈ വിഭാഗം ഇപ്പോൾ കൈവരിക്കുന്ന വിൽപ്പനയുടെ നാലിരട്ടിയോളമാണിത്.

ഇന്ത്യയിലെ രണ്ടു ശാലകളിലായി പരമാവധി പ്രതിവർഷം 6.80 ലക്ഷം യൂണിറ്റാണു ഹ്യുണ്ടായിക്കുള്ള സ്ഥാപിത ഉൽപ്പാദന ശേഷി. 2014നെ അപേക്ഷിച്ചു 17% വളർച്ചയോടെ ഇക്കൊല്ലം 4.80 ലക്ഷം വാഹനങ്ങൾ വിൽക്കുകയാണു ലക്ഷ്യമെന്ന് ഹ്യുണ്ടായ് ഇന്ത്യ മാനേജിങ് ഡയറക്ടർ ബി എസ് സിയോ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ നിശ്ചയിച്ച 4.65 ലക്ഷത്തിൽ നിന്നു വിൽപ്പന ലക്ഷ്യം ഉയർത്തിയതു ‘ക്രേറ്റ’യിൽ പ്രതീക്ഷയർപ്പിച്ചാണെന്നാണു സൂചന.