ഐ എൻ എസ് വിരാട് ഇനി ഹോട്ടൽ

INS Viraat

ഇന്ത്യയുടെ അഭിമാനവും ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വിമാന വാഹിനി കപ്പലുമായ ഐ എൻ എസ് വിരാട് ഹോട്ടലാകുന്നു. സർവീസിൽ നിന്ന് ഉടൻ വിരമിക്കുന്ന വിരാടിനെ ആന്ധ്രപ്രദേശ് ടൂറിസത്തിന്റെ കീഴിൽ ഹോട്ടലാക്കി മാറ്റാനുള്ള ശ്രമങ്ങൾ തുടങ്ങിയെന്ന് ആന്ധ്രാമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡു അറിയിച്ചു. സർക്കാരും പ്രൈവറ്റ് കമ്പനിയും ചേർന്ന് നടത്തുന്ന സംയുക്ത സംരംഭമായിരിക്കും ഇത്. ഏകദേശം 1500 മുറികളുള്ള ലക്ഷ്വറി ഹോട്ടലാക്കിയാണ് ഐഎൻഎസ് വിരാടിനെ മാറ്റുക.

സോവിയറ്റ് നിര്‍മിത മുങ്ങിക്കപ്പലായ ഐ.എന്‍.എസ്. കുര്‍സുറയെ 2001-ല്‍ ഡീകമ്മിഷന്‍ ചെയ്തതിനുശേഷം ആന്ധ്രാപ്രദേശ് ഏറ്റെടുത്ത് കാഴ്ച ബംഗ്ലാവാക്കിയിരുന്നു. ഇന്ത്യയിലെ ഏക അന്തര്‍വാഹിനി കാഴ്ചബംഗ്ലാവാണിത്. മുങ്ങിക്കപ്പല്‍ കാഴ്ച ബംഗ്ലാവിനു പുറമെ, ഐ.എന്‍.എസ്. വിരാട് കൂടിയാകുമ്പോള്‍ സംസ്ഥാനത്തെ വിനോദസഞ്ചാരത്തിനു വന്‍ നേട്ടമാകുമെന്നു സര്‍ക്കാര്‍ കരുതുന്നു.

1959 നവംബർ 18-ന് ബ്രിട്ടീഷ് റോയൽ നാവികസേനയുടെ വിമാനവാഹിനി കപ്പലായ എച്ച്.എം.എസ്. ഹെംസ് എന്ന പേരിലാണ് ഐ.എൻ.എസ്. വിരാട് കമ്മിഷൻ ചെയ്യപ്പെട്ടത്. 1984 വരെ റോയൽ നാവികസേനയുടെ ഭാഗമായിരുന്ന ഈ വിമാനവാഹിനി കപ്പലിനെ 1987 ലാണ് ഇന്ത്യ സ്വന്തമാക്കുന്നത്. ലോകത്ത് ഇപ്പോഴുള്ള ഏറ്റവും പഴയ വിമാനവാഹിനിക്കപ്പലാണ് ഐ.എന്‍.എസ്. വിരാട്. 57 വർഷം പഴക്കമുണ്ട് ഈ ബ്രിട്ടീഷ് നിര്‍മിത കപ്പലിന്. 1999 - 2001 കാലത്ത് കപ്പലിനു വിപുലമായ അറ്റകുറ്റപ്പണി നടത്തിയിരുന്നു. 30 സീഹാരിയർ എയർക്രാഫ്‌റ്റുകളുമായി സഞ്ചരിക്കാനുള്ള ശേഷി വിരാടിനുണ്ട്. നൂറ്റമ്പതോളം ഓഫിസർമാരും ആയിരത്തിയഞ്ഞൂറോളം നാവികരുമാണ് വിരാടിൽ ഉള്ളത്.