സിൽവർസ്റ്റോൺ ഏറ്റെടുക്കാനില്ലെന്നു ജഗ്വാർ ലാൻഡ് റോവർ

യു കെയിലെ ഫോർമുല വൺ മത്സരവേദിയായ സിൽവർസ്റ്റോൺ റേസ് ട്രാക്ക് പാട്ടത്തിനെടുക്കാനുള്ള നീക്കത്തിൽ നിന്നു ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ നിർമാതാക്കളായ ജഗ്വാർ ലാൻഡ് റോവർ(ജെ എൽ ആർ) പിൻമാറി. ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിലെ ബ്രിട്ടീഷ് ഗ്രാൻപ്രിക്ക് ആതിഥ്യമരുളുന്ന സിൽവർസ്റ്റോണിൽ നിന്ന് അധിക വരുമാനം കണ്ടെത്താൻ ഉടമകളായ ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ് (ബി ആർ ഡി സി) നടത്തുന്ന ശ്രമങ്ങൾക്കു കനത്ത തിരിച്ചടിയാണു ജെ എൽ ആറിന്റെ ഈ തീരുമാനം.

ബ്രിട്ടീഷ് ഗ്രാൻപ്രിക്ക് ആതിഥ്യമരുളുന്ന സിൽവർസ്റ്റോണും അനുബന്ധ ഭൂമിയും ജെ എൽ ആറിനു പാട്ടത്തിനു നൽകുന്നതിനോട് സർക്യൂട്ട് ഉടമകൾ തികച്ചും അനുകൂല നിലപാടിലായിരുന്നു. ഇതുസംബന്ധിച്ച തുടർചർച്ചകൾ നടത്താൻ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ കഴിഞ്ഞ ഏപ്രിലിൽ ബി ആർ ഡി സി ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. സിൽവർസ്റ്റോൺ റേസ് ട്രാക്കിനെ ‘പാരമ്പര്യ കേന്ദ്ര’മായി വികസിപ്പിക്കാനായിരുന്നു ജഗ്വാർ ലാൻഡ് റോവറിന്റെ പദ്ധതി. സ്വന്തം കാറുകൾ പ്രദർശിപ്പിക്കുന്നതിനൊപ്പം മധ്യ ഇംഗ്ലണ്ടിൽ സ്ഥിതി ചെയ്യുന്ന സിൽവർസ്റ്റോണിൽ ഓഫിസും ഹോട്ടലും സന്ദർശക കേന്ദ്രവും സ്ഥാപിക്കാനും ജെ എൽ ആർ ആലോചിച്ചിരുന്നു. എന്നാൽ ചർച്ചകളും ആലോചനയും മാസങ്ങൾ നീണ്ടതോടെ പദ്ധതിയിൽ നിന്നു പിൻമാറുകയാണെന്നു ജെ എൽ ആർ പ്രഖ്യാപിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബ്രിട്ടീഷ് റേസിങ് ഡ്രൈവേഴ്സ് ക്ലബ്വുമായുള്ള ചർച്ചകൾ അവസാനിപ്പിച്ചതായും കമ്പനി വ്യക്തമാക്കി. സിൽവർസ്റ്റോൺ പാട്ടത്തിനെടുക്കാനോ വാങ്ങാനോ തൽക്കാലം ജെ എൽ ആറിനു പദ്ധതിയില്ലെന്നും കമ്പനി പ്രഖ്യാപിച്ചു.

ബ്രിട്ടനിലെ രണ്ടു പ്രീമിയം ബ്രാൻഡുകൾക്കൊപ്പം സിൽവർസ്റ്റോണിനെ എത്തിക്കാമെന്നതിനാൽ ട്രാക്കും അനുബന്ധ ഭൂമിയും ജെ എൽ ആർ ഏറ്റെടുക്കുന്നതിനോട് ക്ലബ്വിന് അനുകൂല നിലപാടായിരുന്നു. പോരെങ്കിൽ ഭൂമി പാട്ടത്തിനു നൽകുന്നത് ബി ആർ ഡി സിക്കു സാമ്പത്തികമായും ഗുണകരമാവുമായിരുന്നു. ഡെയ്മ്ലറിന്റെ ഉടമസ്ഥതയിലുള്ള ജർമൻ ആഡംബര കാർ ബ്രാൻഡായ മെഴ്സീഡിസ് ബെൻസിന്റെ നേതൃത്വത്തിൽ ലണ്ടനിൽ പ്രവർത്തിക്കുന്ന മെഴ്സീഡിസ് ബെൻസ് വേൾഡ് ആണു സമാന സാധ്യത പരിശോധിക്കാൻ ജെ എൽ ആറിനെ പ്രേരിപ്പിച്ചത്. ഡ്രൈവിങ് അനുഭവവും ഗൈഡഡ് ടൂറും സിമുലേറ്റഡ് റൈഡുകളുമൊക്കെയായി ഒഴിവുവേളകൾ ചെലവിടാൻ ബ്രിട്ടീഷ് കുടുംബങ്ങളെ ആകർഷിക്കുന്നതിൽ മെഴ്സീഡിസ് ബെൻസ് വേൾഡ് വിജയിച്ചിട്ടുമുണ്ട്. സിൽവർസ്റ്റോൺ ട്രാക്കും അനുബന്ധ പ്രദേശവും പാട്ടത്തിനെടുത്ത് സമാന സൗകര്യങ്ങളുള്ള ഹെറിറ്റേജ് കേന്ദ്രം വികസിപ്പിക്കാനായിരുന്നു ജെ എൽ ആറിന്റെ ആലോചന.