ഫോർമുല ഇയിൽ അരങ്ങേറാനൊരുങ്ങി ജഗ്വാർ

അടുത്ത വർഷം ഫോർമുല ഇ ചാംപ്യൻഷിപ്പിലൂടെ കാറോട്ട മത്സര രംഗത്തേക്കു മടങ്ങാൻ ടാറ്റ മോട്ടോഴ്സിന്റെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര കാർ ബ്രാൻഡായ ജഗ്വാർ തീരുമാനിച്ചു. ബാറ്ററിയുടെ കരുത്തിൽ ഓടുന്ന കാറുകൾ പങ്കെടുക്കുന്ന ഫോർമുല ഇയിലേക്കുള്ള ജഗ്വാറിന്റെ മടക്കത്തിന് മത്സര സംഘാടകരുടെയും രാജ്യാന്തര ഓട്ടമൊബീൽ ഫെഡറേഷ(എഫ് ഐ എ)ന്റെയും അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഫോർമുല ഇ ചാംപ്യൻഷിപ്പിന്റെ മൂന്നാം സീസണിലാണു സ്വന്തം ടീമുള്ള നിർമാതാവായി ജഗ്വാർ അരങ്ങേറുക. എഫ് ഐ എ സംഘടിപ്പിക്കുന്ന പുതുമ നിറഞ്ഞ കാറോട്ട മത്സരമായ ഫോർമുല ഇയിലേക്കുള്ള ജഗ്വാറിന്റെ വരവ് ജഗ്വാർ ലാൻഡ് റോവറി(ജെ എൽ ആർ)ന്റെ ഗ്രൂപ് എൻജിനീയറിങ് ഡയറക്ടർ നിക് റോജേഴ്സാണു പ്രഖ്യാപിച്ചത്.

Jaguar Formula E

ജെ എൽ ആറിന്റെ ഭാവി മോഡൽ ശ്രേണിയിൽ വൈദ്യുത വാഹനങ്ങൾക്കു നിർണായക സ്ഥാനമുണ്ടാവുമെന്ന് റോജേഴ്സ് അഭിപ്രായപ്പെട്ടു. അതുകൊണ്ടുതന്നെ ഈ മേഖലയിലെ സാങ്കേതികവിദ്യയുടെ വികസനത്തിൽ ഫോർമുല ഇയിലെ പങ്കാളിത്തം കമ്പനിക്ക് ഏറെ നിർണായകമാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്റ്റുവർട്ട് റേസിങ് ടീം ഏറ്റെടുത്ത ജഗ്വാർ 2000 മുതൽ 2004 വരെ ഫോർമുല വൺ ലോക ചാംപ്യൻഷിപ്പിൽ മത്സരിച്ചിരുന്നു. എന്നാൽ പ്രതീക്ഷിച്ച വിജയം നേടാനാവാത്ത സാഹചര്യത്തിൽ എഫ് വൺ ടീമിനെ ജഗ്വാർ റെഡ്ബുൾ റേസിങ്ങിനു വിറ്റു. പുതിയ പേരിൽ ട്രാക്കിലെത്തിയ റെഡ്ബുൾ റേസിങ് ജർമൻ ഡ്രൈവറായ സെബാസ്റ്റ്യൻ വെറ്റലിലൂടെ തുടർച്ചയായ നാലു ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പാണു സ്വന്തമാക്കിയത്.വാഹന നിർമാതാക്കളുടെ കഠിന പരീക്ഷയായി വിശേഷിപ്പിക്കപ്പെടുന്ന ലെ മാൻസ് 24 മണിക്കൂർ റേസ് 1950 കാലഘട്ടത്തിൽ ജഗ്വാർ അഞ്ചു തവണ വിജയിച്ചിട്ടുണ്ട്. പിന്നീട് 1988ലും 1990ലും ലെ മാൻസ് കീഴടക്കിയ ജഗ്വാറിനു പക്ഷേ 2004നു ശേഷം കാറോട്ട മത്സര വേദിയിൽ സാന്നിധ്യം തന്നെ ഇല്ലാത്ത സ്ഥിതിയായിരുന്നു.

Jaguar Formula E

എന്നാൽ കാറോട്ട മത്സരരംഗത്തേക്കു തിരിച്ചെത്താനുള്ള ബദൽ മാർഗങ്ങൾ തേടുകയായിരുന്നു ജഗ്വാറെന്നാണു ടീം ഡയറക്ടർ ജെയിംസ് ബാർക്ലേ പറയുന്നത്. കമ്പനിയെ സംബന്ധിച്ച സുപ്രധാന തീരുമാനമെന്ന നിലയിൽ നീക്കം തികച്ചും ശരിയാവണമെന്നും ജഗ്വാറിനു നിർബന്ധമുണ്ടായിരുന്നു. ഇതൊക്കെ പരിഗണിച്ചാണു കമ്പനിയുടെ വൈദ്യുത വാഹന(ഇ വി) പദ്ധതിക്കു തികച്ചും അനുയോജ്യമായ ഫോർമുല ഇ ചാംപ്യൻഷിപ്പിൽ അരങ്ങേറ്റകുറിക്കാൻ ജഗ്വാർ തീരുമാനിച്ചതെന്നും ബാർക്ലേ വ്യക്തമാക്കി. അതേസമയം ഒറ്റ സീറ്റുള്ള കാറുകൾ പോരാടുന്ന ഫോർമുല ഇയിൽ മത്സരിക്കുന്ന ഡ്രൈവർമാർ ആരൊക്കെയെന്നോ പങ്കാളികൾ ആരാണെന്നോ ജഗ്വാർ വെളിപ്പെടുത്തിയിട്ടില്ല. ജഗ്വാർ ഫോർമുല ഇ ടീമിന്റെ സാങ്കേതിക പങ്കാളി വില്യംസ് അഡ്വാൻസ് എൻജിനീയറിങ് ആവുമെന്ന് എറെക്കുറെ ഉറപ്പായിട്ടുണ്ട്. പോരെങ്കിൽ പ്ലഗ് ഇൻ ഹൈബ്രിഡ് കൺസപ്റ്റ് കാറായ ‘സി — എക്സ് 75’ വികസന വേളയിലും ജഗ്വാറിന്റെ പങ്കാളി വില്യംസായിരുന്നു.