ഇന്ത്യയിൽ മികച്ച വിൽപ്പന നേടുമെന്നു ലംബോർഗിനി

ഇന്ത്യയിൽ മികച്ച വളർച്ച സാധ്യമാവുമെന്ന് ഇറ്റാലിയൻ ആഡംബര സ്പോർട്സ് കാർ നിർമാതാക്കളായ ലംബോർഗിനിക്കു പ്രതീക്ഷ. പുതുതലമുറ സംരംഭകർ പെരുകുന്നതിനൊപ്പം ഇടത്തരം, ചെറുകിട പട്ടണങ്ങളിൽ നിന്നുള്ള ആവശ്യവും ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യയിൽ ഇക്കൊല്ലം 10 ശതമാനത്തിലേറെ വിൽപ്പന വളർച്ച കൈവരിക്കാനാവുമെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. അത്യാഡംബര കാർ വിപണിയിൽ ഇന്ത്യയിൽ 40 ശതമാനത്തോളം വിഹിതമാണു ലംബോർഗിനി അവകാശപ്പെടുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 55 കാറുകളാണു കമ്പനി വിറ്റത്; വരും വർഷങ്ങളിൽ വിൽപ്പനയിൽ വൻ കുതിച്ചുചാട്ടമുണ്ടാവുമെന്നാണു ലംബോർഗിനി പ്രതീക്ഷിക്കുന്നത്.

സൂപ്പർ സ്പോർട്സ് ആഡംബര കാർ വാങ്ങാനെത്തുന്നവരിൽ വൻമാറ്റമാണ് ഇപ്പോൾ ദൃശ്യമാവുന്നതെന്ന് ലംബോർഗിനി ഇന്ത്യ മേധാവി ശരദ് അഗർവാൾ വിശദീകരിക്കുന്നു. മുമ്പൊക്കെ രണ്ടും മൂന്നും തലമുറയായി ബിസിനസ് നടത്തുന്ന കുടുംബങ്ങളായിരുന്നു ഇത്തരം കാറുകൾ വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ ആദ്യമായി ബിസിനസിൽ പ്രവേശിച്ചു വിജയം കൊയ്ത യുവാക്കളാണ് ലംബോർഗിനി പോലുള്ള കാറുകൾ സ്വന്തമാക്കുന്നതെന്ന് അഗർവാൾ വെളിപ്പടുത്തി.അതുപോലെ മുമ്പ് മെട്രോ നഗരങ്ങളിലായിരുന്നു ആഡംബര കാർ വിൽപ്പന കേന്ദ്രീകരിച്ചിരുന്നത്. എന്നാൽ ഇന്ന് ആഗ്രയും ഭുവനേശ്വറും കൊച്ചിയും പോലുള്ള പട്ടണങ്ങളിലും ലംബോർഗ്നി വിറ്റു പോകും. ഇന്ത്യൻ വിപണിയുടെ വിപുല സാധ്യതയാണ് ഇതിൽ പ്രതിഫലിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കൂടാതെ വനിതകളെയും ലംബോർഗിനി പ്രേമികളാക്കാൻ കമ്പനി പദ്ധതി തയാറാക്കുന്നുണ്ട്. നഗരവീഥികളിലും റേസ് ട്രാക്കുകളിലും ലംബോർഗ്നി ഓടിക്കാനുള്ള അവസരമാണ് കമ്പനി വനിതകൾക്കു നൽകുക. ലംബോർഗിനി അനുഭവിച്ചറിയുന്നതോടെ അവരും കാർ വാങ്ങാനെത്തുമെന്നാണ് അഗർവാളിന്റെ പ്രതീക്ഷ.

രണ്ടു കോടിയിലേറെ രൂപ വിലയും 400 ബി എച്ച് പിയിലേറെ എൻജിൻ കരുത്തുമുള്ള മോഡലുകൾ അരങ്ങുവാഴുന്ന അത്യാഡംബര സ്പോർട്സ് കാർ വിപണിയിൽ ഇറ്റലിയിൽ നിന്നു തന്നെയുള്ള ഫെറാരിയാണു ലംബോർഗ്നിയുടെ എതിരാളികൾ. ലംബോർഗിനി ഇന്ത്യയിൽ വിൽക്കുന്ന ‘അവന്റഡോർ’ ശ്രേണിക്ക് 3.07 കോടി മുതൽ 6.20 കോടി രൂപ വരെയാണു ഡൽഹി ഷോറൂമിൽ വില. ഡൽഹി, മുംബൈ, ബെംഗളൂരു നഗരങ്ങളിലാണു നിലവിൽ കമ്പനിക്കു ഷോറൂമുകളുള്ളത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ 3,251 കാറുകളാണ് ലംബോർഗിനി വിറ്റത്; ആയിരത്തിലേറെ യൂണിറ്റുമായി യു എസ് ആണു വിൽപ്പനയിൽ മുന്നിൽ. അതേസമയം ഇന്ത്യയിലെ വിൽപ്പന ലക്ഷ്യം വെളിപ്പെടുത്താൻ അഗർവാൾ സന്നദ്ധനല്ല. തന്ത്രപ്രധാന വിപണിയായ ഇന്ത്യയിൽ വിപണന ശൃംഖല വികസിപ്പിക്കാൻ പ്രത്യേക ശ്രമം നടത്തുമെന്നും മികച്ച വിൽപ്പന കൈവരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്.