മനേസാറിൽ മാഗ്നെറ്റി മാരെല്ലി എ എം ടി നിർമാണശാല തുറന്നു

ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) നിർമിക്കുന്ന മാഗ്നെറ്റി മാരെല്ലിയുടെ പുതിയ ശാല ഹരിയാനയിലെ മനേസാറിൽ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ഇതോടെ ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റിന്റെ ഉടമസ്ഥതയിലുള്ള അനുബന്ധ ഘടക നിർമാതാക്കളായ മാഗ്നെറ്റി മാരെല്ലിക്ക് ഇന്ത്യയിൽ ആകെ 11 പ്ലാന്റുകളായി.

മനേസാറിൽ 7,500 ചതുരശ്ര അടി വിസ്തൃതിയിൽ പ്രവർത്തനം ആരംഭിച്ച ശാലയുടെ വാർഷിക ഉൽപ്പാദന ശേഷി 2.80 ലക്ഷം യൂണിറ്റാണ്. ജൂലൈയിൽ തന്നെ പരീക്ഷണാടിസ്ഥാനത്തിൽ ഈ ശാല പ്രവർത്തനം തുടങ്ങിയിരുന്നു. 1.20 ലക്ഷം യൂണിറ്റാണ് ശാലയുടെ ഇപ്പോഴത്തെ വാർഷിക ഉൽപ്പാദന ശേഷി.

മാരുതി സുസുക്കിയുടെ ‘സെലേറിയൊ’, ‘ഓൾട്ടോ കെ 10’, ടാറ്റ മോട്ടോഴ്സിന്റെ ‘സെസ്റ്റ്’, ‘നാനോ’ എന്നിവയിൽ ഉപയോഗിക്കുന്ന എ എം ടി യൂണിറ്റുകൾ മാഗ്നെറ്റി മാരെല്ലി നിർമിച്ചു നൽകുന്നതാണ്.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഇന്ത്യയിൽ ഗീയർരഹിത ട്രാൻസ്മിഷനോടുള്ള ആഭിമുഖ്യമേറുന്നതു പരിഗണിച്ചാണു മനേസാറിൽ പുതിയ ശാല സ്ഥാപിച്ചതെന്നു മാഗ്നെറ്റി മാരെല്ലി വിശദീകരിച്ചു. പുതിയ ശാലയ്ക്കായി 150 കോടിയോളം രൂപയാണു കമ്പനി നിക്ഷേപിച്ചത്. പൂർണ തോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ 115 പേർക്കാണു മനേസാർ ശാലയിൽ ജോലി ലഭിക്കുകയെന്നും കമ്പനി അറിയിച്ചു. ഇന്ത്യയിൽ മൊത്തം 2,300 പേരാണു മാഗ്നെറ്റി മാരെല്ലി നിർമാണശാലകളിൽ ജോലി ചെയ്യുന്നത്. ഇതുവരെ ഇറ്റലിയിലെ ശാലയിൽ നിന്നാണ് ഇന്ത്യൻ ഇടപാടുകാർക്കായി മാഗ്നെറ്റി മാരെല്ലി എ എം ടി യൂണിറ്റ് ഇറക്കുമതി ചെയ്തിരുന്നത്. പുതിയ ശാല പ്രവർത്തനം ആരംഭിച്ചാലും ഇറ്റലിയിൽ നിന്നുള്ള ഇറക്കുമതി തുടരുമെന്നു മാഗ്നെറ്റി മാരെല്ലി വ്യക്തമാക്കി.

ഓട്ടമേറ്റഡ് ട്രാൻസ്മിഷൻ നിർമാണത്തിനായി ഇന്ത്യയിൽ സ്ഥാപിതമാവുന്ന ആദ്യ ശാലയാവും മനേസാറിലേതെന്നു മാഗ്നെറ്റി മാരെല്ലി അവകാശപ്പെട്ടു. ശാലയിൽ നിർമിക്കാവുന്ന വ്യത്യസ്ത ട്രാൻസ്മിഷൻ സംവിധാനങ്ങളിൽ ഒന്നു മാത്രമാണ് എ എം ടിയെന്നും മാഗ്നെറ്റി മാരെല്ലി ഇന്ത്യ കൺട്രി മാനേജറും മാനേജിങ് ഡയറക്ടറുമായ സാജു മൂക്കൻ അറിയിച്ചു. ഉൽപ്പാദനം ഉയരുന്ന മുറയ്ക്ക് ഇന്ത്യയിൽ മാത്രമല്ല മറ്റു വിപണികളിലേക്കും ഈ ശാലയിൽ നിർമിച്ച എ എം ടി യൂണിറ്റുകൾ ലഭ്യമാക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തി.

നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന നാലോ അഞ്ചോ ശതമാനം വാഹനങ്ങളിലാണ് ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സൊല്യൂഷനുള്ളത്. ഇത്തരം ഓട്ടമാറ്റിക് ട്രാൻസ്മിഷനിൽ 50 ശതമാനത്തോളമാണ് എ എം ടിയുടെ വിഹിതമെന്നും സാജു മൂക്കൻ വിശദീകരിച്ചു. 2020 ആകുമ്പോഴേക്ക് ഓട്ടമാറ്റിക് ട്രാൻസ്മിഷന്റെ വിഹിതം 30% ആയി ഉയരുമെന്നും അദ്ദേഹം പ്രത്യാശിച്ചു.

കഴിഞ്ഞ വർഷം മാഗ്നെറ്റി മാരെല്ലി അരലക്ഷത്തിലേറെ എ എം ടി യൂണിറ്റുകൾ വിറ്റിരുന്നു. ഈ കണക്ക് അടിസ്ഥാനമാക്കിയാൽ പുതിയ ശാലയുടെ ഉൽപ്പാദനശേഷി ഇന്ത്യയിലെ വിൽപ്പനയുടെ ഇരട്ടിയോളമാണ്.