മാരുതി സുസുക്കി ‘സൂപ്പർ കാരി’ ആഫ്രിക്കയിൽ

മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിൽ നിന്നുള്ള ആദ്യ ലഘു വാണിജ്യ വാഹന(എൽ സി വി)മായ ‘സൂപ്പർ കാരി’ ആദ്യം വിൽപ്പനയ്ക്കെത്തുക വിദേശ വിപണികളിൽ. ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുംമുമ്പ് ദക്ഷിണ ആഫ്രിക്കയിലേക്കും താൻസാനിയയിലേക്കുമാണ് ‘സൂപ്പർ കാരി’ കയറ്റുമതി ആരംഭിച്ചത്.  പെട്രോൾ എൻജിനുള്ള ‘സൂപ്പർ കാരി’യാണ് വിദേശ വിപണികളിൽ വിൽപ്പനയ്ക്കെത്തുന്നത്; ജി 12 ബി എൻജിനാണ് ‘സൂപ്പർ കാരി’ക്കു കരുത്തേകുക. ആദ്യ ബാച്ചിൽ നൂറോളം ‘സൂപ്പർ കാരി’യാണു വിദേശ വിപണികളിലേക്കു യാത്ര ആരംഭിച്ചത്. അടുത്ത ഘട്ടത്തിൽ സാർക് മേഖലയിലെ രാജ്യങ്ങളിൽ ‘സൂപ്പർ കാരി’ വിൽപ്പനയ്ക്കെത്തിക്കാനും മാരുതി സുസുക്കിക്കു പദ്ധതിയുണ്ട്. ഈ വിപണികളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിലാവും മാരുതി സുസുക്കി മറ്റു വിദേശ രാജ്യങ്ങളിലേക്കു ‘സൂപ്പർ കാരി’ കയറ്റുമതിക്കു പദ്ധതി തയാറാക്കുക.

ആഭ്യന്തര വിപണിയിൽ നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിലാവും ‘സൂപ്പർ കാരി’ അരങ്ങേറ്റം കുറിക്കുക. തുടക്കത്തിൽ തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിൽ മാത്രമാവും ഈ എൽ സി വി ലഭ്യമാവുക; ക്രമേണ രാജ്യവ്യാപകമായി ‘സൂപ്പർ കാരി’ വിൽപ്പനയ്ക്കെത്തിക്കാനാണു മാരുതിയുടെ പദ്ധതി. വിദേശ വിപണികളിൽ നിന്നു വ്യത്യസ്തമായി ഇ 08 ഡീസൽ എൻജിനാവും ഇന്ത്യയിൽ വിൽക്കുന്ന ‘സൂപ്പർ കാരി’ക്കു കരുത്തേകുക.
ഇടപാടുകാർ തികച്ചും വ്യത്യസ്തരാണ് എന്നതു പരിഗണിച്ച് കാർ വിൽപ്പനയ്ക്കുള്ള ഡീലർഷിപ്പുകൾ ഉപയോഗിക്കാതെ ‘സൂപ്പർ കാരി’ക്കായി ഇന്ത്യയിൽ പ്രത്യേക വിപണന ശൃംഖല തന്നെ സൃഷ്ടിക്കാനും മാരുതി സുസുക്കി തീരുമാനിച്ചിട്ടുണ്ട്.