ഇന്ത്യയ്ക്കു സങ്കര ഇന്ധന സാങ്കേതികവിദ്യയുമായി സുസുക്കി

Ciaz Hybrid

ഇന്ത്യൻ വിപണിയിലെ മേധാവിത്തം നിലനിർത്താൻ വില കുറഞ്ഞ സങ്കര ഇന്ധന കോംപാക്ട് കാറുകൾ വികസിപ്പിക്കാൻ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും മാതൃസ്ഥാപനമായ സുസുക്കി മോട്ടോർ കമ്പനിയും ശ്രമം തുടങ്ങി. സമീപ ഭാവിയിൽ ഇന്ത്യയിൽ പരിസ്ഥിതി സൗഹൃദ വാഹനങ്ങളോടുള്ള താൽപര്യമേറുമെന്ന കണക്കുകൂട്ടലിലാണു മാരുതി സുസുക്കിയുടെ ഈ നീക്കം. ചെറു കാറുകൾക്കുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യ വികസനത്തിൽ മാരുതിക്കൊപ്പം സുസുക്കിക്കും ഏറെ താൽപര്യമുണ്ടെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് ചെയർമാൻ ആർ സി ഭാർഗവ വെളിപ്പെടുത്തി. ടൊയോട്ട പോലുള്ള കമ്പനികൾ വലിയ കാറുകൾക്കുള്ള ഹരിത സാങ്കേതികവിദ്യയിൽ ശ്രദ്ധയൂന്നുമ്പോൾ ചെറു കാറുകളിൽ സമാന സാങ്കേതികവിദ്യയ്ക്കുള്ള സാധ്യതയാണു സുസുക്കി പരിശോധിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ആഗോളതലത്തിൽ ചെറു കാറുകൾക്കുള്ള സങ്കര ഇന്ധന സാങ്കേതികവിദ്യ നിലവിലില്ല; അതുകൊണ്ടുതന്നെ ഇന്ത്യയിൽ ഈ സാധ്യത പരിശോധിക്കുന്നത് അർഥപൂർമാണെന്നു ഭാർഗവ കരുതുന്നു. വില കുറഞ്ഞ കാറുകൾക്കായി ഇത്തരം സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇത്തരം വാഹനങ്ങൾ യാഥാർഥ്യമാക്കാനുള്ള സമയക്രമം സംബന്ധിച്ചു ഭാർഗവ സൂചനയൊന്നും നൽകിയില്ല. നിലവിൽ വിവിധോദ്ദേശ്യ വാഹന(എം പി വി)മായ ‘എർട്ടിഗ’യിലും പ്രീമിയം സെഡാനായ ‘സിയാസി’ലും മാരുതി സുസുക്കി മൈൽഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ലഭ്യമാക്കുന്നുണ്ട്.പ്രീമിയം ഹാച്ച്ബാക്കായ ‘ബലേനൊ’യുടെ പ്രകടനം വിലയിരുത്തിയ ശേഷമാവും കൂടുതൽ ഇന്ത്യൻ നിർമിത മോഡലുകൾ ജപ്പാനിൽ വിൽപ്പനയ്ക്കെത്തിക്കുകയെന്നു ഭാർഗവ വെളിപ്പെടുത്തി.

ഇന്ത്യയിൽ നിർമിച്ചു മാരുതി സുസുക്കി ജപ്പാനിൽ വിൽപ്പനയ്ക്കെത്തിച്ച ആദ്യ മോഡലായിരുന്നു ‘ബലേനൊ’. വിദേശ നിർമാതാക്കൾക്കു വാഹനം നിർമിച്ചു വിൽക്കാൻ ഏറെ ബുദ്ധിമുട്ടുള്ള വിപണിയാണു ജപ്പാനെന്നു ഭാർഗവ വ്യക്തമാക്കി. ആഭ്യന്തര മോഡലുകൾക്കു പുറമെ യു എസിലും ജർമനിയിലും നിർമിച്ച കാറുകളോടു മാത്രമാണു ജപ്പാൻ ഇതുവരെ ആഭിമുഖ്യം പ്രകടിപ്പിച്ചിട്ടുള്ളത്. എന്നാൽ ഇന്ത്യയിൽ നിർമിച്ച 2,300 ‘ബലേനൊ’ ഇതുവരെ ജപ്പാനിൽ വിൽപ്പനയ്ക്കെത്തിയതായും ഭാർഗവ വെളിപ്പെടുത്തി. മൊത്തം 15 മോഡലുകൾ വിൽപ്പനയ്ക്കെത്തിക്കുന്ന മാരുതി സുസുക്കിക്ക് ഇന്ത്യൻ കാർ വിപണിയിൽ 47% വിഹിതം സ്വന്തമാണെന്നാണു കണക്ക്. 2020 ആകുമ്പോഴേക്ക് വാർഷിക ഉൽപ്പാദനം 20 ലക്ഷം യൂണിറ്റിലെത്തിക്കാനും കമ്പനി തയാറെടുക്കുന്നുണ്ട്. 2016 — 17ൽ കമ്പനി 16 ലക്ഷം കാറുകൾ ഉൽപ്പാദിപ്പിക്കുമെന്നാണു പ്രതീക്ഷ.