മഴ ചതിച്ചാൽ ഗ്രാമങ്ങളിൽ തിരിച്ചടി നേരിടുമെന്ന് മാരുതി

രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ മഴ കുറയാനുള്ള സാധ്യത വാഹന വിൽപ്പനയ്ക്കു തിരിച്ചടിയാവുമെന്നു മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന് ആശങ്ക. പ്രതീക്ഷിക്കുന്ന മഴ ലഭിക്കാതെ പോകാൻ സാധ്യതയുണ്ടെന്ന പ്രവചനം ഗ്രാമീണ മേഖലയിലെ വിൽപ്പന ഇടിയാൻ കാരണമാവുമെന്നാണ് മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് മാനേജിങ് ഡയറക്ടറു ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെനിചി അയുകാവയുടെ വിലയിരുത്തൽ.

കഴിഞ്ഞ സാമ്പത്തിക വർഷം ഗ്രാമീണ മേഖലയിൽ നിന്നുള്ള വിൽപ്പനയിൽ മാരുതി സുസുക്കി 23% വളർച്ച കൈവരിച്ചിരുന്നു. ഗ്രാമീണ മേഖലയിൽ 4,15,380 യൂണിറ്റ് വിറ്റ മാരുതി സുസുക്കി 2014 — 15ൽ മൊത്തം 12,92,415 വാഹനങ്ങളുടെ റെക്കോർഡ് വിൽപ്പനയും സ്വന്തമാക്കിയിരുന്നു.

എന്നാൽ ഇക്കൊല്ലത്തെ മൺസൂൺ കാലത്തെ മഴ ലഭ്യത 88% ആയി കുറയാൻ സാധ്യതയുണ്ടെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനം കഴിഞ്ഞ ദിവസമാണു പുറത്തെത്തിയത്. ഇക്കൊല്ലം പ്രതീക്ഷിക്കുന്നതിന്റെ 93% മഴ ലഭിക്കുമെന്ന മുൻ പ്രവചനമാണു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം തിരുത്തിയത്. രാജ്യത്തിന്റെ വടക്കു പടിഞ്ഞാറു മേഖലയിലെ മഴ ലഭ്യതയിലാണു വൻ കുറവ് പ്രതീക്ഷിക്കുന്നതെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.

മൺസൂൺ കാലത്തെ മഴ 93% ആവുമെന്ന് ഏപ്രിലിൽ തന്നെ ഐ എം ഡി പ്രഖ്യാപിച്ചിരുന്നു; അതുകൊണ്ടുതന്നെ ഇക്കൊല്ലത്തെ മഴ ‘ശരാശരിയിലും കുറവ്’ ആകുമെന്നായിരുന്നു നിഗമനം. എന്നാൽ ലഭിക്കുമെന്നു കരുതുന്ന മഴയെക്കുറിച്ചുള്ള പ്രവചനം 88% ആയി പരിഷ്കരിക്കുന്നതോടെ ഇക്കൊല്ലത്തെ മൺസൂൺ ‘കുറവ്’ ആയി മാറുന്നു.

മൺസൂൺ കാലത്തെ മഴയെക്കുറിച്ചുള്ള അനിശ്ചിതത്വം തുടരുകയാണെങ്കിലും ഇത് കാർ വിൽപ്പനയെ ബാധിക്കാതിരിക്കാൻ ശ്രമിക്കുമെന്ന നിലപാടിലാണ് അയകാവ. പുതിയ മോഡൽ അവതരണങ്ങൾ വഴിയും വിപണിയെ ഉത്തേജിപ്പിക്കാനുള്ള നടപടികളിലൂടെയും മൺസൂൺ മഴയിലെ പോരായ്മയെ മറികടക്കാനാണ് മാരുതി സുസുക്കിയുടെ നീക്കം.

കഴിഞ്ഞ മാർച്ചോടെ മാരുതി സുസുക്കി രാജ്യത്തെ ഒന്നേകാൽ ലക്ഷം ഗ്രാമങ്ങളിൽ സാന്നിധ്യം ഉറപ്പാക്കിയിരുന്നു. ഇക്കൊല്ലത്തോടെ കാൽ ലക്ഷം ഗ്രാമങ്ങളിലേക്കു കൂടി പ്രവർത്തനം വ്യാപിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. 2013 — 14 അവസാനം 93,400 ഗ്രാമങ്ങളിലായിരുന്നു മാരുതി സുസുക്കിക്കു സാന്നിധ്യമുണ്ടായിരുന്നത്.