ബ്രസീലിൽ 500 തൊഴിലാളികളെ മെഴ്സീഡിസ് പുറത്താക്കി

ജർമൻ വാഹന നിർമാതാക്കളായ ഡെയ്മ്ലർ എ ജിയുടെ ബ്രസീലിലെ മെഴ്സിഡീസ് ബെൻസ് ട്രക്ക് ഡിവിഷൻ 500 തൊഴിലാളികളെ പുറത്താക്കി. കമ്പനി പ്രഖ്യാപിച്ച, സ്വയം വിരമിക്കലിനു സമാനമായ വോളന്ററി ബൈഔട്ട് പദ്ധതി ഈ ആഴ്ച സമാപിക്കുകയാണ്. കമ്പനിയിലെ 1,028 ജീവനക്കാരാണ് ബൈഔട്ട് പദ്ധതി സ്വീകരിക്കാൻ താൽപര്യം പ്രകടിപ്പിച്ചത്. തൊഴിലാളികളെ ഒഴിവാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോവാതിരിക്കാൻ മാനേജ്മെന്റിൽ സമ്മർദം ചെലുത്തുമെന്നു സാവോപോളോ വ്യവസായ രംഗത്തെ എ ബി സി മേഖലയിൽപെട്ട മെറ്റൽ വർക്കേഴ്സ് യൂണിയൻ അറിയിച്ചു. മുമ്പ് കമ്പനി പ്രഖ്യാപിച്ച ബൈഔട്ട് പദ്ധതിയിൽ 638 തൊഴിലാളികൾ താൽപര്യം പ്രകടിപ്പിച്ചിരുന്നു.

അതേസമയം, തൊഴിലവസരം കുറയ്ക്കാനുള്ള നീക്കങ്ങളെപ്പറ്റി കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എന്നാൽ ബ്രസീലിൽ 2,000 തൊഴിലാളികളെ കുറയ്ക്കുമെന്നു ഡെയ്മ്ലർ ട്രക്ക്സ് ചീഫ് എക്സിക്യൂട്ടീവ് വുൾഫ്ഗാങ് ബെൺഹാഡ് ജൂണിൽ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി നേരിടുന്ന ബ്രസീലിലെ കാർ നിർമാണ മേഖലയ്ക്കു കൂടുതൽ തിരിച്ചടി സൃഷ്ടിക്കുന്നതാണു മെഴ്സീഡിസ് ബെൻസ് ട്രക്ക് ഡിവിഷന്റെ തീരുമാനം. ആഭ്യന്തര വിപണിയിലെ വിൽപ്പന കുറഞ്ഞതോടെ കഴിഞ്ഞ വർഷം പതിനായിരത്തോളം തൊഴിലവസരങ്ങളാണു ബ്രസീലിലെ വാഹന നിർമാണ മേഖലയിൽ നഷ്ടമായത്. 1930കളിലെ സാമ്പത്തിക മാന്ദ്യത്തിനു ശേഷമുള്ള ഏറ്റവും ഗുരുതര പ്രതിസന്ധിയാണു ബ്രസീൽ നിലവിൽ നേരിടുന്നത്.