ആഡംബര കാർ വിൽപ്പന: ഒന്നാമതു മെഴ്സീഡിസ്

GLA

ആഡംബര കാർ വിൽപ്പനയിൽ ജർമൻ നിർമാതാക്കളായ മെഴ്സീഡിസ് ബെൻസ് ആഗോളതലത്തിൽ തന്നെ ഒന്നാം സ്ഥാനത്തേക്ക്. സ്വന്തമാക്കാൻ കമ്പനി ലക്ഷ്യമിട്ടിരുന്നതിലും നാലു വർഷം മുമ്പേയാണ് ഈ നേട്ടം മെഴ്സീഡിസ് ബെൻസിനെ തേടിയെത്തുന്നത്. പോരെങ്കിൽ വിപണി വിഹിതം ഉയർത്താനുള്ള പരക്കം പാച്ചിൽ അവസാനിപ്പിച്ചു രൂപകൽപ്പനയിലും സാങ്കേതിക മികവിലും മുന്നിട്ടു നിൽക്കുന്ന കാറുകൾ അവതരിപ്പിച്ചതോടെയാണു മെഴ്സീഡിസ് ബെൻസിന് ഈ നേട്ടം സ്വന്തമാവുന്നതെന്ന സവിശേഷതയുമുണ്ട്.

കാഴ്ചപ്പകിട്ടുള്ള സ്പോർട്ടി രൂപകൽപ്പനയും സ്വയം ഓടുന്ന കാർ പോലുള്ള ആധുനിക സാങ്കേതികവിദ്യകളിലെ മുന്നേറ്റവുമൊക്കെ ചേർന്നാണു മെഴ്സീഡിസ് ബെൻസിനു നഷ്ടപ്രതാപം വീണ്ടെടുത്തു കൊടുത്തത്. ഇതേ കാരണങ്ങളാൽ സമീപഭാവിയിലും ലോക ആഡംബര കാർ വിപണിയിൽ സ്റ്റുട്ഗർട്ട് ആസ്ഥാനമായ മെഴ്സീഡിസ് ബെൻസ് ആധിപത്യം നിലനിർത്തുമെന്നാണു വിലയിരുത്തൽ.ദശാബ്ദത്തോളം മുമ്പു ക്രൈസ്ലറുമായി വഴി പിരിഞ്ഞ മെഴ്സീഡിസിസിനെ സംബന്ധിച്ചിടത്തോളം ഉജ്വല നേട്ടാണ് ഇപ്പോൾ കൈവരുന്നത്. നാലു വർഷം മുമ്പു ജർമനിയിൽ നിന്നുള്ള ബി എം ഡബ്ല്യുവിനും ഫോക്സ്വാഗന്റെ ആഡംബര കാർ ബ്രാൻഡായ ഔഡിക്കും പിന്നിലായതോടെ ഡെയ്മ്ലർ ചീഫ് എക്സിക്യൂട്ടീവ് ഡീറ്റർ സെറ്റ്ച് കേട്ട പഴിക്കും കണക്കില്ലായിരുന്നു.

രൂപകൽപ്പനയിൽ പാളിച്ചയില്ലെങ്കിലും വില നിർണയം, ഗുണനിലവാരം തുടങ്ങിയ മേഖലകളിൽ ചില പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചിരുന്നു. ക്രൈസ്ലറിനൊപ്പമായിരുന്ന കാലത്ത് പ്രീമിയം കാർ നിർമാതാവു മാത്രമായി തുടരാൻ കമ്പനിക്കു കഴിയാതെ പോയതും പോരായ്മയായി അദ്ദേഹം വിലയിരുത്തി.
എങ്കിലും 2020 ആകുമ്പോഴേക്ക് മെഴ്സീഡിസ് ബെൻസിനെ ലോകത്ത് ഏറ്റവുമധികം വിൽപ്പനയുള്ള ആഡംബര കാർ നിർമാതാവാക്കി മാറ്റുമെന്ന് അദ്ദേഹം ഉറപ്പു നൽകിയിരുന്നു. 2011ൽ കമ്പനിയുടെ 125—ാം വാർഷികാഘോഷ വേളയിലായിരുന്നു സെറ്റ്ചിന്റെ പ്രഖ്യാപനം; അക്കൊല്ലത്തെ വിൽപ്പനയിലാവട്ടെ ഔഡിയുടെയും പിന്നിലായി മൂന്നാം സ്ഥാനത്തായിരുന്നു മെഴ്സീഡിസിന്റെ സ്ഥാനം.

ഏതായാലും 2016ൽ 20.8 കാറുകൾ വിറ്റതോടെ മെഴ്സീഡിസ് ബെൻസ് അവിശ്വസനീയ തിരിച്ചുവരവാണു നടത്തിയിരിക്കുന്നത്. ‘സ്മാർട്’ കാറുകളുടെ വിൽപ്പന കൂടിയാവുന്നതോടെ ഡെയ്മ്ലറിന്റെ മൊത്തം വിൽപ്പന 22.30 ലക്ഷം യൂണിറ്റിലെത്തും. അതേസമയം 2005 മുതൽ ആഡംബര കാർ വിപണിയിൽ നേതൃസ്ഥാനത്തുള്ള ബി എം ഡബ്ല്യുവിന്റെ വിൽപ്പന കണക്ക് വന്നിട്ടില്ല; പക്ഷേം മെഴ്സീഡീസ് ബെൻസിന്റെ ഈ തകർപ്പൻ പ്രകടനത്തെ മറികടക്കാൻ കമ്പനിക്കു കഴിയുമെന്ന് ആരും കരുതുന്നില്ല.