ജർമൻ പോലീസിന്റെ മോഡിഫൈഡ് സൂപ്പർ കാർ

വാഹനം മോഡിഫൈ ചെയ്യുന്നതിനെ എതിര്‍ക്കുന്ന നിയമങ്ങളാണ് നമ്മുടെ നാട്ടിൽ ഉള്ളത്. എൻജിന്റെ കരുത്തു വർദ്ധിപ്പിക്കുന്നതും കൂടുതൽ ഭംഗിയാക്കുന്നതുമെല്ലാം പല രാജ്യങ്ങളും നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കില്‍ ജർമനിയിൽ അങ്ങനെയല്ല. സുരക്ഷിതമായ മോഡിഫിക്കേഷനെ അവിടുത്തെ സർക്കാർ പ്രേത്സാഹിപ്പിക്കുന്നു. ജർമൻ പോലീസിന് വേണ്ടി മോഡിഫൈ ചെയ്ത ഷെവർലെ കോർവെറ്റ് ആണിപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ജർമനിയിലെ പ്രശസ്ത മോ‍‍ഡിഫിക്കേഷൻ വർക്‌ഷോപ്പായ ടിഐകെടി ട്യൂൺ ചെയ്ത കോർവെറ്റിന്റെ ബോഡി പൂർണ്ണമായും കാർബൺ ഫൈബർ കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ട്യൂൺ ഇറ്റ് സെയ്ഫ് എന്ന പദ്ധതിയുടെ ഭാഗമായി മോ‍‍ഡിഫൈ ചെയ്തിരിക്കുന്ന കോർവെറ്റിന്റെ 6.2 ലിറ്റർ വി-8 എൻജിൻ 466 ബിഎച്ച്പി കരുത്തും 630 എൻഎം ടോർക്കും ഉൽപാദിപ്പിക്കും. 4.2 സെക്കന്റ് കൊണ്ട് 100 കിലോമീറ്റർ വേഗത കൈവരിക്കുന്ന കാറിന്റെ കൂടിയ വേഗത 290 കിമീയാണ്.