പവർ ഓഫ് വൺ പ്ലസ് വൺ പദ്ധതിയുമായി ടാറ്റ

നിലവിലുള്ള ’നാനോ ഉടമകൾക്ക് ഓട്ടമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ(എ എം ടി) സംവിധാനത്തിന്റെ പിൻബലത്തോടെയെത്തുന്ന ’ജെൻ എക്സ് നാനോ സ്വന്തമാക്കാൻ അവസരമൊരുക്കി പ്രത്യേക എക്സ്ചേഞ്ച് പദ്ധതിയുമായി ടാറ്റ മോട്ടോഴ്സ്.

എ എം ടി ഗീയർ ബോക്സിനു പുറമെ പരിഷ്കരിച്ച രൂപകൽപ്പനയും തുറക്കാവുന്ന ടെയിൽ ഗേറ്റുമൊക്കെയുള്ള ’ജെൻ എക്സ് നാനോ അവതരണം വൈകില്ലെന്നാണ് ’പവർ ഓഫ് വൺ പ്ലസ് വൺ എന്നു പേരിട്ട ഈ എക്സ്ചേഞ്ച് പദ്ധതി നൽകുന്ന സൂചന. ’ജെൻ എക്സ് നാനോ അവതരണ തീയതി സംബന്ധിച്ചു ടാറ്റ മോട്ടോഴ്സ് മനസ്സു തുറന്നിട്ടില്ലെങ്കിലും കാർ വൈകാതെ വിൽപ്പനയ്ക്കെത്തുമെന്നാണു വ്യവസായ വൃത്തങ്ങളുടെ കണക്കുകൂട്ടൽ.

പഴയ ’നാനോയ്ക്കു പരമാവധി വിലയ്ക്കൊപ്പം 20,000 രൂപ എക്സ്ചേഞ്ച് ബോണസ് കൂടി നൽകിയാണു ടാറ്റ മോട്ടോഴ്സ് പുതിയ ’ജെൻ എക്സ് നാനോ നൽകുക. കൂടാതെ സുഹൃത്തുക്കളെയും ബന്ധുക്കളെയും പരിചയപ്പെടുത്തി ’നാനോ ഉടമകളാക്കി 5,000 രൂപ വീതം നേടാനും ടാറ്റ മോട്ടോഴ്സ് അവസരമൊരുക്കിയിട്ടുണ്ട്.

കാറിനോടുള്ള തികഞ്ഞ പ്രതിബദ്ധതയാണു ’നാനോ ഉടമകളുടെ പ്രധാന സവിശേഷതയെന്നു ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് മയങ്ക് പരീക്ക് പറയുന്നു. പഴയ ’നാനോ മാറ്റി പുതിയതു വാങ്ങുന്ന ധാരാളം ഉപയോക്താക്കളെ കണ്ട ആത്മവിശ്വാസത്തിലാണ് ’പവർ ഓഫ് വൺ പ്ലസ് വൺ എക്സ്ചേഞ്ച് പദ്ധതി ആവിഷ്കരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ’ജെൻ എക്സ് നാനോയെപ്പറ്റി പ്രതീക്ഷകൾ ഏറെയുള്ളതിനാൽ മികവുറ്റ ഈ സിറ്റി കാർ സ്വന്തമാക്കാൻ നിലവിലുള്ള ഉടമകൾക്ക് ആകർഷക അവസരമൊരുക്കാനാണ് പുതിയ എക്സ്ചേഞ്ച് പദ്ധതിയെന്നും പരീക്ക് വിശദീകരിച്ചു.

കൂടാതെ ’പവർ ഓഫ് വൺ പ്ലസ് വൺ എന്ന എക്സ്ചേഞ്ച് പദ്ധതി വഴിയുള്ള ’ജെൻ എക്സ് നാനോയുടെ വിൽപ്പനയിൽ നിന്നുള്ള വരുമാനത്തിലൊരു വിഹിതം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കാനും ടാറ്റ മോട്ടോഴ്സിനു പദ്ധതിയുണ്ട്. ഉപയോക്താവിന്റെ പേരിലാവും ’ചൈൽഡ് റൈറ്റ്സ് ആൻഡ് യു അഥവാ ’ക്രൈയ്ക്കു കമ്പനി സംഭാവന നൽകുക. എക്സ്ചേഞ്ച് വ്യവസ്ഥയിൽ ഓരോ ’ജെൻ എക്സ് നാനോ വിൽക്കുമ്പോഴും ഒരു സ്കൂൾ വിദ്യാർഥിനിയുടെ ഒരു വർഷത്തെ പഠന ചെലവാണു ടാറ്റ മോട്ടോഴ്സ് ’ക്രൈയ്ക്കു കൈമാറുക.