വിപണി പിടിക്കാൻ പുതിയ ‘എക്സ് ട്രെയ്ൽ’

ഇന്ത്യൻ വിപണിയിൽ തിരിച്ചെത്താൻ നിസ്സാന്റെ സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി)മായ ‘എക്സ് ട്രെയ്ൽ’ ഒരുങ്ങുന്നു. അടുത്ത വർഷത്തെ ഓട്ടോ എക്സ്പോയിൽ പുതിയ ‘എക്സ് ട്രെയ്ൽ’ പുറത്തിറക്കാനാണു ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ പദ്ധതി. സമഗ്രമായി പരിഷ്കരിച്ച ‘എക്സ് ട്രെയ്ൽ’ 2013 ഫ്രാങ്ക്ഫുർട്ട് ഓട്ടോ ഷോയിലാണു നിസ്സാൻ അനാവരണം ചെയ്തത്. യു എസ് വിപണിയിൽ ‘റോഗ്’ എന്ന പേരിൽ വിൽപ്പനയ്ക്കെത്തുന്ന ഏഴു സീറ്റുള്ള ഈ എസ് യു വിക്ക് അടിത്തറയാവുന്നത് നിസ്സാന്റെ സി എം എഫ് പ്ലാറ്റ്ഫോമാണ്. പുതിയ ‘എക്സ് ട്രെയ്ലി’ന്റെ വരവോടെയാവും ഈ പ്ലാറ്റ്ഫോമും ഇന്ത്യയിൽ അരങ്ങേറ്റം കുറിക്കുക. പിന്നാലെ ഇതേ പ്ലാറ്റ്ഫോം ആധാരമാക്കി ബജറ്റ് ബ്രാൻഡായ ഡാറ്റ് സൻ സാക്ഷാത്കരിക്കുന്ന ക്രോസോവറായ ‘റെഡി ഗോ’യും എത്തുന്നുണ്ട്.

മുൻ മോഡലിനെ അപേക്ഷിച്ച് 76 എം എം കൂടുതൽ നീളത്തോടെയാണ് പുതിയ ‘എക്സ്ട്രെയ്ലി’ന്റെ വരവ്; വീൽബേസാവട്ടെ 17 എം എം അധികമാണ്. വീതിയും വർധിപ്പിച്ചിട്ടുണ്ട്. പഴയ ‘എക്സ് ട്രെയ്ൽ’ കാഴ്ചയിൽ ചതുരപ്പെട്ടിയെയാണ് ഓർമിപ്പിച്ചിരുന്നതെങ്കിൽ പുതിയ മോഡലിന്റെ രൂപകൽപ്പന കൂടുതൽ വൃത്താകൃതിയിലാണെന്ന മാറ്റമുണ്ട്. ഹെഡ്ലാംപ് അസംബ്ലിയിൽ പ്രൊജക്ടർ ലാംപിനൊപ്പം എൽ ഇ ഡിയിലുള്ള ഡേടൈം റണ്ണിങ് ലാംപും ഇടംപിടിക്കുന്നു. ഗ്രില്ലിലാവട്ടെ ‘വി’ ആകൃതിയിൽ ക്രോമിയം ഇടംപിടിക്കുന്നു.

Nissan X-trail

പാർശ്വക്കാഴ്ചയിൽ കാര്യമായ മാറ്റമില്ലെങ്കിലും പുതിയ ‘എക്സ് ട്രെയ്ലി’ൽ 19 ഇഞ്ച് അലോയ് വീലുകളുണ്ട്. പിന്നിൽ റാപ് എറൗണ്ട് ടെയിൽ ലാംപും നമ്പർ പ്ലേറ്റ് ഹോൾഡറിനു മുകളിൽ ക്രോം സ്ട്രിപ്പുമുണ്ട്. അകത്തളത്തിലും ധാരാളം പുതുമകളും പരിഷ്കാരങ്ങളുമായാണു പരിഷ്കരിച്ച ‘എക്സ് ട്രെയ്ൽ’ എത്തുന്നത്: പുത്തൻ അപ്ഹോൾസ്ട്രി, നവീന രൂപകൽപ്പനയുള്ള ഡാഷ്ബോഡ്, ഏഴ് ഇഞ്ച് കളർ ടച് സ്ക്രീൻ സഹിതം നിസ്സാൻ കണക്ട് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, പനോരമിക് സൺ റൂഫ്, പിൻ എ സി വെന്റ്. ഡ്രൈവിങ് സുഗമമാക്കാൻ ആക്ടീവ് റൈഡ് കൺട്രോൾ, അഡ്വാൻസ് ഹിൽ ഡിസന്റ്, അപ്ഹിൽ സ്റ്റാർട് സപ്പോട്ട് തുടങ്ങിയവയും പുതിയ ‘എക്സ് ട്രെയ്ലി’ലുണ്ട്.

‘എക്സ് ട്രെയ്ലി’നു കരുത്തേകുക 1.6 ലീറ്റർ, ഡീസൽ എൻജിനാവുമെന്നാണു സൂചന; പരമാവധി 130 പി എസ് കരുത്തും 320 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആഗോളതലത്തിൽ ആറു സ്പീഡ് മാനുവൽ, എക്സ് ട്രോണിക് സി വി ടി ഗീയർബോക്സുകളാണു ട്രാൻസ്മിഷൻ. ഇന്ത്യയിലും ഇരു ട്രാൻസ്മിഷൻ സാധ്യതകളും ലഭിച്ചേക്കും.

വിൽപ്പന കുത്തനെ ഇടിഞ്ഞതോടെയാണു നിസ്സാൻ ഇന്ത്യയിലെ ‘എക്സ് ട്രെയ്ൽ’ വിൽപ്പന അവസാനിപ്പിച്ചത്. 2005ൽ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങിയ പിന്നാലെ നിസ്സാൻ അവതരിപ്പിച്ച ആദ്യ മോഡലായിരുന്നു ‘എക്സ് ട്രെയ്ൽ’. വിദേശത്തു നിർമിച്ച പുതിയ ‘എക്സ് ട്രെയ്ൽ’ ഇറക്കുമതി വഴിയാവും ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തുക; ഹ്യുണ്ടായ് ‘സാന്റാ ഫെ’യും ഹോണ്ട ‘സി ആർ — വി’യുമാവും ‘എക്സ് ട്രെയ്ലി’ന്റെ പ്രധാന എതിരാളികൾ.