നിസ്സാൻ മേധാവി ഘോസ്ന്റെ വാർഷിക ശമ്പളം 53 കോടി രൂപ

കമ്പനി മേധാവിയായ കാർലോസ് ഘോസ്ൻ കഴിഞ്ഞ വർഷം 103.5 കോടി യെൻ(ഏകദേശം 53.16 കോടി രൂപ) ശമ്പളം നൽകിയെന്നു ജപ്പാനിലെ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള നിസ്സാൻ മോട്ടോർ കമ്പനി. മുൻവർഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തോളം കൂടുതലായിരുന്നു ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) ആയ ഘോസ്ന്റെ പ്രതിഫലമെന്നും നിസ്സാൻ വ്യക്തമാക്കി. ജപ്പാനിലെ സി ഇ ഒമാരിൽ പ്രതിഫലപ്പട്ടികയിൽ മുന്നിലുള്ള ഘോസ്ന് കഴിഞ്ഞ വർഷം 99.5 കോടി യെൻ(ഏകദേശം 51.10 കോടി രൂപ) ആയിരുന്നു നിസ്സാൻ നൽകിയത്.

നിസ്സാന്റെ പങ്കാളിയും ഫ്രഞ്ച് വാഹന നിർമാതാക്കളുമായ റെനോ എസ് എയുടെ സി ഇ ഒ സ്ഥാനവും കാർലോസ് ഘോസ്ൻ(61) വഹിക്കുന്നുണ്ട്; 2014ൽ 72 ലക്ഷം യൂറോ(ഏകദേശം 51.31 കോടി രൂപ) ആണു കമ്പനി മേധാവിക്കു റെനോ നൽകിയ ശമ്പളം. ഇതിനു പുറമെ റെനോയുടെ റഷ്യൻ പങ്കാളിയായ ഓട്ടോവാസിന്റെ ചെയർമാൻ സ്ഥാനവും കാർലോസ് ഘോസ്ൻ അലങ്കരിക്കുന്നുണ്ട്. നിസ്സാന്റെ 31.22 ലക്ഷം ഓഹരികളാണു ഘോസ്ന്റെ പക്കലുള്ളത്; ഇപ്പോഴത്തെ നിരക്കിൽ ഈ ഓഹരികളുടെ വിപണി മൂല്യം മൂന്നു കോടി ഡോളറി(ഏകദേശം 190.65 കോടി രൂപ) ലേറെയാണ്.

വാഹന നിർമാണ കമ്പനി മേധാവികളുടെ പ്രതിഫലത്തുകയിൽ കാർലോസ് ഘോസ്ൻ ബഹുദൂരം മുന്നിലാണെങ്കിലും ജപ്പാനിലെ മൊത്തം കണക്കെടുപ്പിൽ അദ്ദേഹം മുന്നിലല്ല. സോഫ്റ്റ്ബാങ്ക് കോർപറേഷൻ സി ഇ ഒ ആയ നികേഷ് അറോറയാണു കമ്പനി മേധാവികളുടെ പ്രതിഫലത്തുകയിൽ റെക്കോർഡ് സൃഷ്ടിച്ചത്; ഗൂഗിളിൽ നിന്നു സോഫ്റ്റ്ബാങ്കിലെത്തിയ അറോറ 2014ൽ വാങ്ങിയ ശമ്പളം 1,656 കോടി യെൻ(ഏകദേശം 850.51 കോടി രൂപ) ആണ്. അതും ഏതാനും മാസം മാത്രം ജാപ്പനീസ് ടെലികോം കമ്പനിക്കൊപ്പം ജോലി ചെയ്താണ് അറോറ ഈ കനത്ത തുക സ്വന്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. പോരെങ്കിൽ സെപ്റ്റംബറിൽ ഗൂഗിൾ വിട്ട് കമ്പനിയിൽ ചേരുമ്പോൾ അനുവദിച്ച സൈനിങ് ബോണസ് തുക സോഫ്റ്റ്ബാങ്ക് കോർപറേഷൻ ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

ജപ്പാനിലെ ഓഹരി വിപണിയിലുള്ള 2,451 കമ്പനികളും വാർഷിക സെക്യൂരിറ്റീസ് റിപ്പോർട്ട് കഴിഞ്ഞ ദിവസം സമർപ്പിച്ചതോടെയാണു മേധാവികളുടെ പ്രതിഫലത്തുക വെളിച്ചത്തായത്. ടോക്കിയോ ഷോക്കോ റിസർച്ചിന്റെ കണക്കനുസരിച്ച് 32 സ്ഥാപനങ്ങളിലെ 77 എക്സിക്യൂട്ടീവുകൾക്കാണ് 10 കോടി യെന്നി(ഏകദേശം 5.10 കോടി രൂപ)ലേറെ പ്രതിഫലം ലഭിച്ചത്.