നിസ്സാൻ ഇന്ത്യ കോർപറേറ്റ് ഓഫിസ് ഇനി ഗുഡ്ഗാവിൽ

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ഇന്ത്യയിലെ പ്രവർത്തനങ്ങളുടെ ആസ്ഥാനം ഗുഡ്ഗാവിലേക്കു മാറ്റി. ഇതുവരെ മുംബൈയിലാണു നിസ്സാൻ ഇന്ത്യ കോർപറേറ്റ് ഓഫിസ് പ്രവർത്തിച്ചിരുന്നത്. ഇതോടെ മാരുതി സുസുക്കി, ഹ്യുണ്ടേയ്, റെനോ, ബി എം ഡബ്ല്യു തുടങ്ങിയവരെ പോരെ നിസ്സാന്റെ കോർപറേറ്റ് ഓഫിസും ഡൽഹി രാജ്യതലസ്ഥാന മേഖല(എൻ സി ആർ)യിലായി. രാജ്യത്തിന്റെ വടക്കൻ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു കോർപറേറ്റ് ഓഫിസ് മാറ്റമെന്നാണു നിസ്സാൻ ഇന്ത്യയുടെ വിശദീകരണം. ഒപ്പം കമ്പനിയുടെ പങ്കാളികൾ കേന്ദ്രീകരിച്ചിരിക്കുന്നത് എൻ സി ആർ ഭാഗത്താണെന്നതും നിസ്സാന്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

പോരെങ്കിൽ നിസ്സാന്റെ ആഗോള പങ്കാളിയും ഫ്രഞ്ച് നിർമാതാക്കളായ റെനയുടെ ഇന്ത്യയിലെ പ്രവർത്തനവും ഗുഡ്ഗാവ് കേന്ദ്രീകരിച്ചാണ്. കമ്പനി ആസ്ഥാനം റെനോയ്ക്കു സമീപത്തേക്കു മാറ്റുന്നതോടെ ഇന്ത്യയിലെ പ്രവർത്തനത്തിലും കൂടുതൽ സഹകരണവും പങ്കാളിത്തവും ഉറപ്പാക്കാനാണു നിസ്സാൻ ലക്ഷ്യമിടുന്നത്. നിലവിൽ ചെന്നൈയ്ക്കടുത്ത് ഒരഗടത്തുള്ള നിർമാണശാലയിലാണു റെനോയുടെയും നിസ്സാന്റെയും കമ്പനിയുടെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ ശ്രേണിയിലെയും വാഹനങ്ങൾ ഉൽപ്പാദിപ്പിക്കുന്നത്. ഡാറ്റ്സൻ ശ്രേണിയിൽ പുറത്തിറക്കിയ അർബൻ ക്രോസോവറായ ‘റെഡി ഗോ’യ്ക്കു വിപണിയിൽ മികച്ച സ്വീകരണം ലഭിച്ചത് നിസ്സാനെ ഏറെ ആഹ്ലാദിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം കമ്പനിയുടെ മൊത്തം വിൽപ്പനയിൽ 61 ശതമാനത്തോളം ‘റെഡി ഗോ’യുടെ സംഭാവനയായിരുന്നു. ഇതോടൊപ്പം കയറ്റുമതിയിലെ പ്രകടനം മെച്ചപ്പെടുത്താനും നിസ്സാൻ ഇന്ത്യയ്ക്കു കഴിഞ്ഞിട്ടുണ്ട്. ജൂലൈയിലെ വിൽപ്പന കണക്കെടുപ്പിൽ റെനോ — നിസ്സാൻ സഖ്യം പ്രമുഖ യൂട്ടിലിറ്റി വാഹന നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര(എം ആൻഡ് എം)യെ പിന്തള്ളുകയും ചെയ്തു. ഇതോടെ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിനും ഹ്യുണ്ടേയ് മോട്ടോർ ഇന്ത്യ ലിമിറ്റഡിനും പിന്നിൽ മൂന്നാം സ്ഥാനത്താണു റെനോ നിസ്സാൻ സഖ്യം.. എൻട്രി ലവൽ ഹാച്ച്ബാക്കായ റെനോ ‘ക്വിഡും’ ഇതേ പ്ലാറ്റ്ഫോമിൽ ഡാറ്റ്സൻ സാക്ഷാത്കരിച്ച ‘റെഡി ഗോ’യും ചേർന്നാണു ഫ്രഞ്ച് — ജാപ്പനീസ് സഖ്യത്തിന് ഈ തകർപ്പൻ നേട്ടം സമ്മാനിച്ചത്.