ഡീലർഷിപ്പുകളിൽ നിസ്സാൻ ഇന്ത്യയ്ക്ക് ഇരട്ട സെഞ്ചുറി

ജാപ്പനീസ് നിർമാതാക്കളായ നിസ്സാന്റെ ഇന്ത്യയിലെ ഡീലർഷിപ്പുകളുടെ എണ്ണം ഇരുനൂറിലെത്തി. മുംബൈ നഗരഹൃദയത്തിലെ അന്ധേരി വെസ്റ്റിലാണു നിസ്സാൻ ഇന്ത്യയുടെ 200—ാം ഷോറൂം പ്രവർത്തനം ആരംഭിച്ചത്. റിതു നിസ്സാൻ എന്നു പേരുള്ള ഷോറൂമിൽ നിസ്സാന്റെയും ബജറ്റ് ബ്രാൻഡായ ഡാറ്റ്സന്റെയും സമ്പൂർണ ശ്രേണി ലഭ്യമാണ്. ഒപ്പം വിപുലമായ സർവീസ് സെന്ററും ഡീലർഷിപ്പിലുണ്ട്. മുംബൈ മഹാനഗരത്തിൽ നിസ്സാന്റെ നാലാമത്തെ ഡീലർഷിപ്പാണ് അന്ധേരിയിലേത്; നിലവിലൽ താണെ, ഭിവണ്ഡി, ഭാണ്ഡൂപ് എന്നിവിടങ്ങളിലാണു നിസ്സാൻ ഷോറൂമുകളുള്ളത്.

കഴിഞ്ഞ രണ്ടു മാസത്തിനിടെ വൻനഗരങ്ങളിലും ഇടത്തരം പട്ടണങ്ങളിലുമായി 18 ഡീലർഷിപ്പുകളാണു നിസ്സാൻ തുറന്നത്. ട്രിച്ചി, തിരുപ്പതി, സികാർ, നാസിക് എന്നിവിടങ്ങളിലെല്ലാം നിസ്സാൻ ഡീലർഷിപ്പുകൾ പ്രവർത്തനം ആരംഭിച്ചു. വെറും അഞ്ചു വർഷം കൊണ്ടാണു കമ്പനിയുടെ ഡീലർഷിപ് ശൃംഖല 200 എണ്ണത്തിലെത്തിയതെന്നു നിസ്സാൻ മോട്ടോർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ അരുൺ മൽഹോത്ര വെളിപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും വേഗത്തിൽ വളരുന്ന വിപണന ശൃംഖലയാണു നിസ്സാന്റേതെന്നും അദ്ദേഹം അവകാശപ്പെട്ടു. അടുത്ത സാമ്പത്തിക വർഷം അവസാനിക്കുമ്പോഴേക്കു വിപണന കേന്ദ്രങ്ങളുടെ എണ്ണം മുന്നൂറിലെത്തിക്കാനാണു കമ്പനി ലക്ഷ്യമിടുന്നതെന്നും മൽഹോത്ര അറിയിച്ചു. ലോക നിലവാരമുള്ള മോഡലുകൾ ഉപയോക്താവിന് ഏറ്റവുമടുത്ത് ലഭ്യമാക്കുക എന്ന നയമാണു കമ്പനി പിന്തുടരുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

കശ്മീർ തലസ്ഥാനമായ ശ്രീനഗറിലാണു നിസ്സാന്റെ 201—ാമതു ഡീലർഷിപ് പ്രവർത്തനം തുടങ്ങുക. ഈ 23നാണു ഷോറൂമിന്റെ ഉദ്ഘാടനം നിശ്ചയിച്ചിരിക്കുന്നത്.