2020ൽ വിപണി വിഹിതം 5% ആകുമെന്നു നിസ്സാൻ ഇന്ത്യ

പുത്തൻ മോഡൽ അവതരണങ്ങളിലൂടെ ഇന്ത്യൻ വാഹന വിപണിയിൽ അഞ്ചു ശതമാനം വിഹിതമെന്ന ലക്ഷ്യം 2020നുള്ളിൽ സ്വന്തമാക്കാനാവുമെന്നു ജാപ്പനീസ് നിർമാതാക്കളായ നിസ്സാൻ മോട്ടോർ കോർപറേഷനു പ്രതീക്ഷ. ഇന്ത്യൻ കാർ വിപണിയിൽ പ്രധാന ശക്തിയായി മാറുകയാണു കമ്പനിയുടെ ലക്ഷ്യമെന്നു നിസ്സാൻ ഇന്ത്യ ഓപ്പറേഷൻസ് പ്രസിഡന്റ് ഗിലോം സികാർഡ് വെളിപ്പെടുത്തി. നിലവിൽ രണ്ടു ശതമാനമാണു കമ്പനിയുടെ ഇന്ത്യയിലെ വിപണി വിഹിതം; 2020 ആകുമ്പോഴേക്കു വിഹിതം അഞ്ചു ശതമാനമായി ഉയരുമെന്നാണു പ്രതീക്ഷ.

ഡാറ്റ്സൻ — നിസ്സാൻ ശ്രേണികളിലായി 2021 വരെ എട്ടു പുതിയ കാറുകൾ അവതരിപ്പിക്കാനാണു കമ്പനി ലക്ഷ്യമിടുന്നത്. ഇന്ത്യയ്ക്കായി ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണു നിസ്സാൻ ആവിഷ്കരിച്ചിരിക്കുന്നതെന്നും സികാർഡ് വിശദീകരിച്ചു.അഞ്ചു ശതമാനം വിപണി വിഹിതമെന്ന ലക്ഷ്യം കൈവരിക്കാൻ പുത്തൻ മോഡൽ അവതരണങ്ങൾ സഹായിക്കുമെന്നാണു പ്രതീക്ഷ. ഒപ്പം ഇന്ത്യൻ വിപണിയോടുള്ള പ്രതിബദ്ധതയുടെ കൂടി പ്രതിഫലനമാണു പുത്തൻ മോഡൽ അവതരണങ്ങളെന്നും അദ്ദേഹം വിശദീകരിച്ചു.
നടപ്പു സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കമ്പനിക്കു കഴിഞ്ഞതായും സികാർഡ് അവകാശപ്പെട്ടു. 2015 — 16ൽ ആദ്യ ആറു മാസത്തെ അപേക്ഷിച്ച് 48% അധികമായിരുന്നു

ഇക്കൊല്ലം ഏപ്രിൽ — സെപ്റ്റംബർ കാലത്തെ നിസ്സാൻ — ഡാറ്റ്സൻ വിൽപ്പന. അടുത്ത വർഷവും വിൽപ്പനയിലെ മുന്നേറ്റം നിലനിർത്താനാവുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.ശതമാനം അടിസ്ഥാനമാക്കിയാൽ ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വളരുന്ന രണ്ടാമത് ബ്രാൻഡാണു ണിസ്സാനെന്ന് സികാർഡ് വെളിപ്പെടുത്തി. കമ്പനിയെ അപേക്ഷിച്ച് വർഷങ്ങൾ മുമ്പേ ഇന്ത്യയിലെത്തിയ വിദേശ ബ്രാൻഡുകളെ കടത്തിവെട്ടുന്ന വളർച്ചയാണു നിസ്സാൻ കൈവരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.