സ്വയം ഓടുന്ന കാർ 4 വർഷത്തിനുള്ളിലെന്നു റെനോ നിസ്സാൻ

സ്വയം ഓടുന്ന സാങ്കേതികവിദ്യയുടെ പിൻബലമുള്ള പത്തിലേറെ കാറുകൾ പുറത്തിറക്കുമെന്നു ഫ്രഞ്ച് — ജാപ്പനീസ് വാഹന നിർമാതാക്കളുടെ സഖ്യമായ റെനോ നിസ്സാൻ. നാലു വർഷത്തിനുള്ളിൽ ഇത്തരം വാഹനങ്ങൾ യു എസിലും യൂറോപ്പിലും ചൈനയിലും ജപ്പാനിലും വിൽപ്പനയ്ക്കെത്തിക്കുമെന്നാണു റെനോ നിസ്സാൻ സഖ്യത്തിന്റെ വാഗ്ദാനം. കണക്റ്റഡ് കാർ വിഭാഗത്തിൽ മുന്നേറാനായി ഈ രംഗത്തെ വിദഗ്ധനായ ഒജി റെഡ്സിക്കിനെ കമ്പനിയുടെ കണക്റ്റഡ് വെഹിക്കിൾസ് ആൻഡ് മൊബിലിറ്റി സർവീസസ് വിഭാഗം സീനിയർ വൈസ് പ്രസിഡന്റായും നിയമിച്ചു. നോക്കിയ ഹിയർ മാപ്പിങ് ബിസിനസിൽ ഓട്ടമോട്ടീവ് ബിസിനസ് ഗ്രൂപ്പിൽ നിന്നാണ് റെഡ്സിക് റെനോ നിസ്സാൻ സഖ്യത്തിനൊപ്പം ചേരുന്നത്.

സെൽഫ് ഡ്രൈവിങ് സാങ്കേതികവിദ്യയുടെ പിൻബലമുള്ള വാഹനങ്ങളുടെ അരങ്ങേറ്റം ഇക്കൊല്ലം തന്നെ പ്രതീക്ഷിക്കാമെന്നു റെനോ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും റെനോ നിസ്സാൻ സഖ്യത്തിന്റെ ചെയർമാനുമായ കാർലോസ് ഘോസ്ൻ വ്യക്തമാക്കി. ദേശീയപാതകളിൽ ലെയ്ൻ മാറാതെ സ്വയം ഓടാൻ പ്രാപ്തിയുള്ള ‘സിംഗിൾ ലെയൻ കൺട്രോൾ’ സംവിധാനമുള്ള കാറുകളാണ് സഖ്യം ആദ്യം പുറത്തിറക്കുക. കാറുകളുമായി വിദൂര സംവേദനം സാധ്യമാക്കുന്ന മൊബൈൽ ആപ്ലിക്കേഷനും റെനോ നിസ്സാൻ വൈകാത അവതരിപ്പിക്കും. ഈ ആപ് വഴി കാറിലെ സംഗീതം നിയന്ത്രിക്കാനും താപനില ക്രമീകരിക്കാനുമൊക്കെയാണ് അവസരമുണ്ടാവുക.

രണ്ടു വർഷത്തിനകം ആവശ്യഘട്ടത്തിൽ സ്വയം ലെയൻ മാറാനും ഗതാഗതത്തിരക്കിൽ സ്വയം നിയന്ത്രിക്കാനും കഴിയുന്ന ‘മൾട്ടിപ്ൾ ലെയ്ൻ കൺട്രോൾ’ സാങ്കേതികവിദ്യയുള്ള വാഹനങ്ങൾ വിൽക്കാനാവുമെന്നാണു ഘോസ്ന്റെ കണക്കുകൂട്ടൽ. 2020 ആകുമ്പോഴേക്ക് നഗരത്തിരക്കിൽ പോലും സ്വയം നിയന്ത്രണം ഏറ്റെടുക്കുന്ന സാങ്കേതികവിദ്യ സ്വായത്തമായ കാറുകൾ പുറത്തിറക്കാനാവുമെന്നും റെനോ നിസ്സാൻ സഖ്യം കരുതുന്നു. ടെസ്ല മോട്ടോഴ്സും ഗൂഗിൾ ഇൻകോർപറേറ്റഡും പോലെ ധാരാളം കമ്പനികൾ സ്വയം ഓടുന്ന കാറുകളുടെ രൂപകൽപ്പനയിലും വികസനത്തിലും മുഴുകിയിട്ടുണ്ട്. സ്മാർട് ഫോൺ പോലുള്ള ആശയവിനിമയ സംവിധാനങ്ങൾ വഴി കാറുകൾ നിയന്ത്രിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്.