അടുത്ത 8 വർഷം ക്രിക്കറ്റിനു കൂട്ടാവാൻ നിസ്സാൻ

ജപ്പാൻകാർക്കു ക്രിക്കറ്റ് കളിക്കാൻ അറിയില്ലെന്നു മാത്രമല്ല അവർ അബദ്ധത്തിൽപോലും ഈ കളി കാണാനും സാധ്യതയില്ല. എന്നിട്ടും അടുത്ത എട്ടു വർഷത്തിനിടെ ആഗോളതലത്തിൽ അരങ്ങേറുന്ന പ്രധാന ടൂർണമെന്റുകളുടെ സ്പോൺസർഷിപ് സ്വന്തമാക്കാൻ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസ്സാൻ, രാജ്യാന്തര ക്രിക്കറ്റ് കൗൺസിലു(ഐ സി സി)മായി കരാറിലെത്തി. ക്രിക്കറ്റിനെ മതമായും ക്രിക്കറ്റർമാരെ ദൈവങ്ങളായും ആരാധിക്കുന്ന ഇന്ത്യ പോലൊരു വിപണിയിൽ ചുവടുറപ്പിക്കാൻ വേണ്ടി മാത്രമാണത്രെ ഈ കടുത്ത നടപടി. ക്രിക്കറ്റുമായി ബന്ധപ്പെട്ട സജീവ പ്രചാരണ പരിപാടികളുമാണു നിസ്സാന്റെ ഹ്രസ്വകാല പദ്ധതി. പുതിയ മോഡൽ അവതരണങ്ങളും മറ്റുമാവും ക്രിക്കറ്റിലൂടെ ലഭിക്കുന്ന ജനപ്രീതി മുതലെടുക്കാനുള്ള കമ്പനിയുടെ ഇടക്കാല പദ്ധതി.

ഇന്ത്യയിൽ പ്രതീക്ഷിച്ച വിജയം കൊയ്യാൻ നിസ്സാനു കഴിഞ്ഞില്ലെന്നതു വസ്തുതയാണ്. അതുകൊണ്ടുതന്നെ ഈ സ്ഥിതിയിൽ മാറ്റം വരുത്തി ഇന്ത്യൻ വിപണിയിൽ സജീവ സാന്നിധ്യമാവാൻ നിസ്സാൻ തീവ്രശ്രമം നടത്തുന്നുണ്ട്. ക്രിക്കറ്റിൽ അതീവ തൽപരരായ ഏഷ്യൻ രാജ്യങ്ങളിൽ മികച്ച വിൽപ്പന സ്വന്തമാക്കാനുള്ള നടപടികളുടെ തുടക്കം കൂടിയായാണ് ഈ ഐ സി സി സ്പോൺസർഷിപ് കരാർ വിലയിരുത്തപ്പെടുന്നത്. ഐ സി സി ക്രിക്കറ്റ് ലോകകപ്പ്, ചാംപ്യൻസ് ട്രോഫി, ഐ സി സി വേൾഡ് ട്വന്റി 20, അണ്ടർ 19, വനിതാ ലോകകപ്പുകൾ, വിവിധ ചാംപ്യൻഷിപ്പുകളുടെ യോഗ്യതാ നിർണയ റൗണ്ടുകൾ തുടങ്ങി 2023 വരെ ഐ സി സംഘടിപ്പിക്കുന്ന എല്ലാ രാജ്യാന്തര ടൂർണമെന്റുകളുടെയും ഗ്ലോബൽ സ്പോൺസറാവും നിസ്സാൻ. ഇതോടെ ലോകമെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളെ ലക്ഷ്യമിട്ടു പ്രത്യേക പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനുള്ള അവസരവും കമ്പനിക്കു സ്വന്തമാവും. ഐ സി സി സംഘടിപ്പിക്കുന്ന മത്സര വേദികളിലും സംപ്രേഷണ വേളയിലും ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലുമൊക്കെ നിസ്സാനു പരസ്യ പ്രചാരണത്തിന് അവസരമൊരുങ്ങും.

ആവേശം സൃഷ്ടിക്കുന്ന പുതുമകളാണു നിസ്സാൻ ആവിഷ്കരിക്കുന്നതെന്നു നിസ്സാന്റെ മാർക്കറ്റിങ്ങിന്റെയും ബ്രാൻഡ് സ്ട്രാറ്റജിയുടെയും കോർപറേറ്റ് വൈസ് പ്രസിഡന്റും ആഗോള മേധാവിയുമായ റോൾ ഡെ വ്രീസ് അഭിപ്രായപ്പെട്ടു. ഗ്ലോബൽ ട്രോഫി ടൂർ, ഇന്റർനാഷനൽ ഫ്ളാഗ് ബെയറർ പ്രോഗ്രാം തുടങ്ങി ലഭ്യമാവുന്ന അവസരങ്ങളിലെല്ലാം ക്രിക്കറ്റ് ആരാധകർക്കു പുതിയ അനുഭവം സമ്മാനിക്കാൻ നിസ്സാൻ ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പുതിയ ഗ്ലോബൽ പങ്കാളിയായി നിസ്സാനെ സ്വാഗതം ചെയ്യാൻ ആഹ്ലാദമുണ്ടെന്നു രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ഡേവ് റിച്ചാർഡ്സൺ അറിയിച്ചു. അടുത്ത എട്ടു വർഷത്തിനിടെ മികച്ച നേട്ടം കൊയ്യാൻ ഈ സഖ്യത്തിനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രിക്കറ്റിൽ നവാഗതരെങ്കിലും കായിക രംഗത്തു നിസ്സാൻ മുമ്പേ സജീവ സാന്നിധ്യമാണ്. യുവേഫ ചാംപ്യൻസ് ലീഗ്, 2016 റയോ ഒളിംപിക്സ് ആൻഡ് പാരാലിംപിക് ഗെയിംസ് എന്നിവയുടെ പ്രായോജകരായ നിസ്സാൻ യു കെ, മെക്സിക്കോ, ബ്രസീൽ എന്നീ രാജ്യങ്ങളുടെ ഒളിംപിക് ടീമുകളെയും സ്പോൺസർ ചെയ്യുന്നുണ്ട്. നാഷനൽ കൊളീജിയറ്റ് അത്​ലറ്റിക്സ് അസോസിയേഷൻ, ഹെയ്സ്മാൻ ട്രോഫി, സിറ്റി ഫുട്ബോൾ ഗ്രൂപ് എന്നിവയ്ക്കു പുറമെ വേഗരാജാവായ ഉസെയ്ൻ ബോൾട്ടുമായും കമ്പനിക്കു പരസ്യ കരാറുണ്ട്.