ലാഭമില്ല; ‘വിക്ടറി’ നിർത്തുകയാണെന്ന് പൊളാരിസ്

Victory Vision

ലാഭക്ഷമത കുറവായതിനാൽ ‘വിക്ടറി’ ശ്രേണിയിലെ മോട്ടോർ സൈക്കിളുകളുടെ ഉൽപ്പാദനം നിർത്താൻ യു എസ് നിർമാതാക്കളായ പൊളാരിസ് ഇൻഡസ്ട്രീസ് ഒരുങ്ങുന്നു. ‘വിക്ടറി’യെ കൈവിട്ട് പകരം ‘ഇന്ത്യൻ’ മോട്ടോർ സൈക്കിൾ ബ്രാൻഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു പൊളാരിസിന്റെ തീരുമാനം. പതിനെട്ടു വർഷമായി വിപണിയിലുള്ള ‘വിക്ടറി’യുടെ ഉൽപ്പാദനം നിർത്തുകയാണെന്നു കഴിഞ്ഞ ദിവസമാണു മിനിയപെലിസ് ആസ്ഥാനമായ പൊളാരിസ് പ്രഖ്യാപിച്ചത്. അയോവയിലെ സ്പിരിറ്റ് ലേക്കിലും സൗത്ത് ഡക്കോട്ടയിലെ സ്പിയർഫിഷിലുമുള്ള ശാലകളിലായിരുന്നു ‘വിക്ടറി’ ശ്രേണിയുടെ നിർമാണം. ലാഭക്ഷമത കുറഞ്ഞ ‘വിക്ടറി’യെ കൈവിട്ട മെച്ചപ്പെട്ട വളർച്ചാസാധ്യതയുള്ള ‘ഇന്ത്യൻ’ ബ്രാൻഡിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കമ്പനിയുടെ തീരുമാനമെന്ന് പൊളാരിസ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ സ്കോട്ട് വൈൻ വ്യക്തമാക്കി. ആഗോള മോട്ടോർ സൈക്കിൾ വ്യവസായത്തിൽ പൊളാരിസിന്റെ ലാഭക്ഷമത മെച്ചപ്പെടുത്തുന്നതിനൊപ്പം ഈ രംഗത്ത് കൂടുതൽ മത്സരക്ഷമത നേടാനും പുതിയ തീരുമാനം സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ മൂന്നു തവണയും ‘വിക്ടറി’ പൊളാരിസിനു നഷ്ടം സൃഷ്ടിച്ചിരുന്നു. 2012ലാണു ‘വിക്ടറി’ വിൽപ്പന ഏറ്റവും ഉയർന്നതലത്തിലെത്തിയത്. തുടർന്നു പൊളാരിസിന്റെ മൊത്തം വിൽപ്പനയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രമായിരുന്നു ‘വിക്ടറി’യുടെ സംഭാവന. യു എസ് വിപണിയിൽ ഹാർലി ഡേവിഡ്സനു പിന്നിൽ രണ്ടാം സ്ഥാനത്തുള്ള ‘ഇന്ത്യൻ’ ബ്രാൻഡിനെ സംബന്ധിച്ചിടത്തോളം ‘വിക്ടറി’യെ ഉപേക്ഷിക്കാനുള്ള പൊളാരിസിന്റെ തീരുമാനം ഗുണകരമാവുമെന്നാണു വിദഗ്ധരുടെ വിലയിരുത്തൽ. ‘വിക്ടറി’ ഒഴിവാകുന്നതു സ്വാഭാവികമായും ‘ഇന്ത്യൻ’ വിൽപ്പനയ്ക്കു തന്നെയാവും നേട്ടം സമ്മാനിക്കുകയെന്നാണ് അവരുടെ പ്രതീക്ഷ. യു എസ് മോട്ടോർ സൈക്കിൾ ബ്രാൻഡായ ‘വിക്ടറി’യുടെ തിരോധാനം ഹാർലി ഡേവിഡ്സനു കാര്യമായ പ്രയോജനം ചെയ്യില്ലെന്നും വിലയിരുത്തപ്പെടുന്നു.

ഡീലർഷിപ്പുകളിലുള്ള ‘വിക്ടറി’ മോട്ടോർ സൈക്കിളുകൾ വിറ്റഴിക്കാൻ സഹായിക്കാമെന്ന് പൊളാരിസ് വാഗ്ദാനം ചെയ്തിട്ടുണ്ട്. ഒപ്പം 10 വർഷത്തേക്കു കൂടി ‘വിക്ടറി’ ബൈക്കുകൾക്കുള്ള യന്ത്രഘടകങ്ങൾ ഉൽപ്പാദിപ്പിക്കുന്നതു തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. യു എസിൽ നാനൂറോളം ഡീലർമാരാണു ‘വിക്ടറി’ മോട്ടോർ സൈക്കിളുകൾ വിൽക്കുന്നത്; ഇവയിൽ 150 ഷോറൂമുകളിൽ ‘ഇന്ത്യൻ’ മോട്ടോർ സൈക്കിളുകളും ലഭ്യമാണ്. ‘ഇന്ത്യൻ’, ‘വിക്ടറി’ മോട്ടോർ സൈക്കിളുകൾക്കു പുറമെ ഓൾടെറെയ്ൻ വെഹിക്കിൾ(എ ടി വി), സ്നോ മൊബൈൽ, ത്രിചക്രവാഹനമായ ‘സ്ലിങ്ഷോട്ട്’ റോഡ്സ്റ്റർ തുടങ്ങിയവയും പൊളാരിസ് ഇൻഡസ്ട്രീസ് നിർമിക്കുന്നുണ്ട്. അയോവ, സൗത്ത് ഡക്കോട്ട ശാലകളിൽ ‘ഇന്ത്യൻ’ ഉൽപ്പാദനം തുടരുന്നതിനാൽ ‘വിക്ടറി’യുടെ പിൻമാറ്റം മൂലം എത്ര തൊഴിവസരങ്ങൾ നഷ്ടമാവുമെന്നു വ്യക്തമല്ല. അലബാമയിലെ ഹണ്ട്സ്വിൽ ശാലയിലാണു കമ്പനി ‘സ്ലിങ്ഷോട്ട്’ ഉൽപ്പാദിപ്പിക്കുന്നത്.