ബുക്കിങ്ങില്‍ ചരിത്രം കുറിച്ച് റെനോ ‘ക്വിഡ്’

നിരത്തിലെത്തി ഒറ്റ മാസത്തിനുള്ളിൽ അരലക്ഷത്തിലേറെ ബുക്കിങ് സ്വന്തമാക്കി റെനോ ‘ക്വിഡി’ന്റെ ജൈത്രയാത്ര. അടിസ്ഥാന മോഡലിന് ഡൽഹി ഷോറൂമിൽ 2,56,968 രൂപ വിലയുള്ള ‘ക്വിഡ്’ സെപ്റ്റംബർ 24നാണ് അരങ്ങേറ്റം കുറിച്ചത്. അത്യുജ്വല വരവേൽപ്പാണു ‘ക്വിഡി’നു ലഭിച്ചതെന്നു റെനോ ഇന്ത്യ ഓപ്പറേഷൻസ് കൺട്രി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറും മാനേജിങ് ഡയറക്ടറുമായ സുമിത് സാഹ്നി അഭിപ്രായപ്പെട്ടു. റെനോ ബ്രാൻഡിൽ അർപ്പിച്ച വിശ്വാസത്തിനും ‘ക്വിഡി’നു നൽകിയ സ്വീകരണത്തിനും അദ്ദേഹം ഉപയോക്താക്കളോടു നന്ദിയും രേഖപ്പെടുത്തി. ‘ക്വിഡ്’ ബുക്ക് ചെയ്തു കാത്തിരിക്കുന്നവർക്കു രാജ്യവ്യാപകമായി തന്നെ കാറുകൾ കൈമാറിത്തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു. വർധിച്ച ആവശ്യം നിറവേറ്റാൻ റെനോ ‘ക്വിഡ്’ ഉൽപ്പാദനം ഉയർത്തിയിട്ടുണ്ട്. ബുക്കു ചെയ്തു കാത്തിരിക്കുന്നവർക്ക് ‘ക്വിഡ്’ വേഗത്തിൽ ലഭ്യമാക്കാൻ തീവ്രശ്രമം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

നിരവധി ഉപഭോക്താക്കളുടെ ആദ്യ കാർ എന്ന സ്വപ്നമാണ് ‘ക്വിഡ്’ സാക്ഷാത്കരിക്കുന്നത്. അതുകൊണ്ടുതന്നെ അവരുടെ സ്വപ്നസാഫല്യം ഉറപ്പാക്കുന്ന കാറാണു ‘ക്വിഡ്’. മുടക്കുന്ന പണത്തിനു തികഞ്ഞ മൂല്യവും ‘ക്വിഡ്’ ഉറപ്പാക്കുന്നുണ്ട്. ഗ്രാമ, നഗര ഭേദമില്ലാതെയാണ് ഉപയോക്താക്കൾ ‘ക്വിഡ്’ തേടിയെത്തുന്നതെന്നും സാഹ്നി അവകാശപ്പെട്ടു.

ക്രോസ്ഓവറുകളെ അനുസ്മരിപ്പിക്കുന്ന രൂപവും ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസുമൊക്കെയുള്ള ‘ക്വിഡ്’ ഏറെക്കുറെ പൂർണമായും ഇന്ത്യയിൽ നിന്നു സമാഹരിച്ച യന്ത്രഘടകങ്ങൾ ഉപയോഗിച്ചാണു റെനോ സാക്ഷാത്കരിച്ചത്; കാറിന്റെ 98 ശതമാനത്തോളം ഘടകങ്ങളും പ്രാദേശികമായി നിർമിച്ചതാണ്. റെനോയും പങ്കാളിയായ നിസ്സാനും ചേർന്നു സാക്ഷാത്കരിച്ച പുത്തൻ പ്ലാറ്റ്ഫോമായ ‘സി എം എഫ് — എ’യാണു ‘ക്വിഡി’ന്റെ അടിത്തറ. നിസ്സാന്റെ ബജറ്റ് ബ്രാൻഡായ ഡാറ്റ്സൻ അടുത്ത വർഷം പുറത്തിറക്കുന്ന ചെറുകാറിന് അടിത്തറയാവുന്നതും ഇതേ ‘സി എം എഫ് — എ’ പ്ലാറ്റ്ഫോം തന്നെ.

റെനോ — നിസ്സാൻ സഖ്യം വികസിപ്പിച്ച പുതിയ 793 സി സി, മൂന്നു സിലിണ്ടർ എൻജിനാണു‘ക്വിഡി’നു കരുത്തേകുക; പരമാവധി 54 ബി എച്ച് പി കരുത്തും 72 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. അഞ്ചു സ്പീഡ് മാനുവൽ ഗീയർബോക്സാണു ട്രാൻസ്മിഷൻ. 660 കിലോഗ്രാമോളം ഭാരമുള്ള കാറിന് ലീറ്ററിന് 25.17 കിലോമീറ്റർ ഇന്ധനക്ഷമതയാണ് റെനോ വാഗ്ദാനം ചെയ്യുന്നത്.