750 സിസി ബുള്ളറ്റ് അടുത്ത വർഷം

ഹിമാലയനു ശേഷം പുതിയ മോഡലുമായി റോയൽ എൻഫീൽഡ് എത്തുന്നു. മിഡ്‌വെയിറ്റ് വിഭാഗത്തിൽ ഹാർലി, ട്രയംഫ് തുടങ്ങിയ നിർമാതാക്കളുടെ ബൈക്കുകളുമായി രാജ്യന്തര തലത്തിൽ ഏറ്റുമുട്ടാൻ ശേഷിയുള്ള ബൈക്കായിരിക്കും കമ്പനി അടുത്ത വർഷം പുറത്തിറക്കുക. നേരത്തെ ബൈക്കിന്റെ പരീക്ഷണ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ഹിമാലയനിൽ ഉപയോഗിച്ചിരിക്കുന്ന 410 സിസി എൻജിനു ശേഷം കമ്പനി വികസിപ്പിക്കുന്ന ഏറ്റവും നൂതന എൻജിനായിരിക്കും പുതിയ ബൈക്കിൽ.

ചരിത്രത്തിൽ ആദ്യമായി റോയൽ എൻഫീൽഡ് പുറത്തിറങ്ങുന്ന ട്വിൻ സിലിണ്ടർ എൻജിനായിരിക്കും ബൈക്കിന്റേത്. യുകെയിൽ കമ്പനി പുതുതായി സ്ഥാപിച്ച ടെക്നിക്കൽ സെന്ററിലാണ് ബൈക്ക് വികസിപ്പിച്ചത്. നിലവിൽ കോൺടിനെന്റൽ ജിടിയിൽ പരീക്ഷണയോട്ടം നടത്തുന്ന എൻജിൻ ഘടിപ്പിക്കുന്ന ബൈക്കിന്റെ വിശദവിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. റോയൽ എൻഫീൽഡ് ഇന്നുവരെ നിർമിച്ചതിൽ ഏറ്റവുമധികം ശേഷിയും കരുത്തുമുള്ള എൻജിനായിരിക്കും പുതിയത്. ഏകദേശം 45 മുതൽ 50 ബിഎച്ച്പി വരെ കരുത്തും 60 മുതൽ 70 എൻഎം വരെ ടോർക്കുമുള്ള എൻജിനിൽ കാർബറേറ്ററായിരിക്കും ഉപയോഗിക്കുക.

അഞ്ചു സ്പീഡ് ഗിയർബോക്സ് ഉപയോഗിക്കുന്ന ബൈക്കിൽ എബിഎസ് ഓപ്ഷണലായി ഉണ്ടായേക്കും എന്നാണു സൂചന. യൂറോപ്യൻ വിപണിയും മുന്നിൽകണ്ടു നിർമിക്കുന്ന ബൈക്കിനു യൂറോ 4 നിലവാരം ഉണ്ടായിരിക്കും. ഹാർലി ഡേവിഡ്സൺ സ്ട്രീറ്റ് 750, ട്രയംഫ് ബോൺവില്ല തുടങ്ങിയ ബൈക്കുകളുമായി മൽസരിക്കാനെത്തുന്ന റോയൽ എൻഫീൽഡ് 750 ന്റെ പരമാവധി വേഗത 160 കീമി ആയിരിക്കും. മൂന്നു മുതൽ നാലു ലക്ഷം വരെയാണു പ്രതീക്ഷിക്കുന്ന വില. 2018 ആദ്യം റോയൽ എൻഫീൽഡിന്റെ പുതിയ ബൈക്ക് പുറത്തിറങ്ങുമെന്നാണ് കരുതുന്നത്.