ലിമിറ്റഡ് എഡീഷൻ ക്ലാസിക്ക്: വില 2.17 ലക്ഷം

റോയൽ എൻഫീൽ‌ഡ് ക്ലാസിക് 500 ലിമിറ്റഡ് എഡീഷൻ ബൈക്കുകളുടെ വില പ്രഖ്യാപിച്ചു. 2.17 ലക്ഷമാണ് ഒാൺ റോഡ് വില. ജൂലൈ 15 മുതൽ ഒാൺലൈൻ വഴി ബൈക്ക് ബുക്ക് ചെയ്യാം. ക്ലാസിക് 500 മോഡലിനെ അടിസ്ഥാനമാക്കിയുള്ള മൂന്നു യുദ്ധ കാല മോഡലുകളാണ് ലിമിറ്റഡ് എഡിഷനായി ഇറങ്ങുന്നത്. ഇതിൽ രണ്ടെണ്ണമേ ഇന്ത്യയിൽ കിട്ടൂ. മൂന്നാമത്തേത് ഇന്ത്യൻ കരസേന ഇപ്പോഴും ഉപയോഗിക്കുന്ന ഡെസ്പാച്ചർ ബൈക്കുകളുമായുള്ള സാമ്യം മൂലം വിദേശത്തു മാത്രമേ ലഭിക്കൂ. മൂന്നു മോഡലുകളും ഓൺ ലൈൻ വഴി മാത്രമായിരിക്കും ബുക്കിങ്. ഷോറൂമിൽപ്പോയി കാണാൻ നിവൃത്തിയില്ല.

റോയൽ എൻഫീൽഡിൻറെ ബ്രിട്ടീഷ് പാരമ്പര്യത്തിൻറെ തുടർച്ചയായാണ് ഈ ബൈക്കുകളുടെ വരവ്. ലോക യുദ്ധകാലത്ത് ആശയവിനിയമത്തിൽ നിർണായക പങ്ക് വഹിച്ച വാഹനങ്ങളാണ് ഡസ്പാച്ച് ബൈക്കുകൾ. അവശ്യ സന്ദേശങ്ങൾ ഏതു ദുർഘടമായ അവസ്ഥകളിലും കൃത്യമായി ലക്ഷ്യത്തിലെത്തിക്കുക എന്നതാണ് ഡെസ്പാച്ചർമാരുടെ പണി. അതിനായി ഉപയോഗിക്കുന്ന പ്രത്യേക ബൈക്കുകളാണ് ഡെസ്പാച്ചർ ബൈക്കുകൾ. ഒന്നാം ലോകയുദ്ധകാലത്ത് ബ്രിട്ടിഷ് ആർമിയുടെ റോയൽ എൻജിനിയേഴ്സ് സിഗ്നൽ സർവീസിനു കീഴിലായിരുന്നു ഈ ഡെസ്പാച്ചർ സംഘം. രണ്ടാം ലോകയുദ്ധകാലത്ത് റോയൽ കോർ ഓഫ് സിഗ്നൽസ് ഈ ദൗത്യം ഏറ്റെടുത്തു.

മൂന്നു നിറങ്ങളിലാണു വിൽപനയ്ക്കെത്തുക; ഓരോ നിറത്തിലും 200 ബൈക്ക് വീതം വിൽപനയ്ക്കുണ്ടാവും. ഇതിൽ ഡെസേർട്ട് സ്റ്റോം ഡെസ്പാച്ച്, സ്വാഡ്വൺ ബ്ലൂ ഡെസ്പാച്ച് നിറങ്ങൾ ഇന്ത്യയിൽ കിട്ടും. ബാറ്റിൽ ഗ്രീൻ ഡെസ്പാച്ച് എന്ന മൂന്നാം നിറമാണ് വിദേശ വിപണികളിൽ മാത്രം ലഭിക്കുക. ഇതിനു പുറമെ ലോകമഹായുദ്ധ കാലത്തെ അനുസ്മരിപ്പിക്കുന്ന തുകൽ ജാക്കറ്റുകളും ആങ്കിൾ ഗാർഡുള്ള ഷൂസുമൊക്കെ വിൽപനയ്ക്കെത്തിക്കുന്നുണ്ട്. ഇന്ത്യയ്ക്കു പുറമെ നിലവിൽ കമ്പനിക്കു സാന്നിധ്യമുള്ള 50 വിദേശ വിപണികളിലും ഇവ ലഭിക്കും.