റോയൽ എൻഫീൽഡ് അക്സസറികൾ ഓൺലൈനായി

അക്സസറികളുടെയും ഗീയറുകളുടെയും ഓൺലൈൻ വിൽപ്പനയ്ക്കായി ഐഷർ മോട്ടോഴ്സിന്റെ ഇരുചക്രവാഹന നിർമാണ വിഭാഗമായ റോയൽ എൻഫീൽഡും ഇ കൊമേഴ്സ് പോർട്ടലായ ഫ്ളിപ്കാർട്ടും ധാരണയിലെത്തി. റോയൽ എൻഫീൽഡ് ശ്രേണിയിലെ ഹെൽമറ്റ്, റൈഡിങ് ഗീയർ, സാഡിൽ ബാഗ്, ഷൂസ്, ടി ഷർട്ട്, ജാക്കറ്റ് തുടങ്ങി അപ്പരൽ, അക്സസറി, ഹെഡ് ഗീയർ, ലൈഫ് സ്റ്റൈൽ പ്രോഡക്ട് തുടങ്ങിയവയെല്ലാം ഇനി ഫ്ളിപ്കാർട്ട് വഴി സ്വന്തമാക്കാം. അർബൻ പ്രൊട്ടക്ഷൻ, മോട്ടോ ഇൻസ്പയേഡ് ക്ലോതിങ് വിഭാഗത്തിലും റോയൽ എൻഫീൽഡിനു ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടുതൽ ആളുകൾ ഇരുചക്രവാഹന യാത്രികരായി മാറുന്നതോടെ അനുയോജ്യമായ വസ്ത്രങ്ങൾക്കും അക്സസറികൾക്കുമെല്ലാമുള്ള ആവശ്യം ഗണ്യമായി ഉയർന്നിട്ടുണ്ടെന്ന് റോയൽ എൻഫീൽഡ് ഗീയർ ബിസിനസ് മേധാവി സമ്രാട്ട് സോം അഭിപ്രായപ്പെട്ടു.

ഗുണനിലവാരമുള്ള റൈഡിങ് ഗീയറിന്റെ ഇപ്പോഴത്തെ ലഭ്യത പര്യാപ്തമല്ലെന്നും അദ്ദേഹം വിലയിരുത്തി. അതുകൊണ്ടുതന്നെ റോയൽ എൻഫീൽഡിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് മികച്ച സ്വീകാര്യത കൈവരുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. കമ്പനിയുടെ പ്രധാന വ്യാപാരത്തിന്റെ സ്വാഭാവികമായ വിപുലീകരണമാണ് അപ്പരൽ — ഗീയർ ശ്രേണി. റോയൽ എൻഫീൽഡിന്റെ ബ്രാൻഡ് മൂല്യം കൂടിയാവുന്നതോടെ റൈഡർമാരുടെ ജീവിതത്തിലും ഇടം പിടിക്കാൻ ഇത്തരം അനുബന്ധ ഉൽപന്നങ്ങൾക്കു കഴിയുമെന്നു സോം അവകാശപ്പെട്ടു. രാജ്യത്ത് വിശ്വാസ്യതയിലും ആദരവിലും മുൻനിരയിലുള്ള മോട്ടോർ സൈക്കിൾ ബ്രാൻഡ് ആണു റോയൽഎൻഫീൽഡ് എന്ന് ഫ്ലിപ്കാർട്ട് വൈസ് പ്രസിഡന്റ്(ഇലക്ട്രോണിക്സ് ആൻഡ് ഓട്ടോ) ആദർശ് കെ മേനോൻ അഭിപ്രായപ്പെട്ടു.

രാജ്യത്ത് അനുദിനം പെരുകുന്ന റൈഡർമാരുടെ സമൂഹത്തിലും കമ്പനിക്കു ഗണ്യമായ പ്രാതിനിധ്യമുണ്ട്. ഈ സാഹചര്യത്തിൽ റൈഡിങ് സമൂഹത്തിന്റെ പതാകവാഹകരായ റോയൽ എൻഫീൽഡുമായി സഹകരിക്കാൻ കഴിയുന്നതിൽ ആഹ്ലാദമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്ലിപ്കാർട്ടിൽ വിൽപ്പനയ്ക്കെത്തുന്നതോടെ റോയൽ എൻഫീൽഡിൽ നിന്നുള്ള യഥാർഥ അക്സസറികളും ഗീയർ ശ്രേണിയും വീട്ടിലിരുന്നു സ്വന്തമാക്കാനുള്ള അവസരമാണ് ഉപയോക്താക്കളെ തേടിയെത്തുന്നതെന്നും മേനോൻ വിശദീകരിച്ചു.