ഒറ്റ വകഭേദത്തിൽ പടയ്ക്കിറങ്ങാൻ ‘ട്രെയ്ൽബ്ലേസർ’

Trailblazer

സ്പോർട് യൂട്ടിലിറ്റി വാഹന(എസ് യു വി) വിപണി പിടിക്കാൻ യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സ്(ജി എം) അവതരിപ്പിക്കുന്ന ‘ട്രെയ്ൽബ്ലേസർ’ വിൽപ്പനയ്ക്കെത്തുക ഒറ്റ വകഭേദത്തിൽ. ടൊയോട്ട ‘ഫോർച്യൂണറി’നെയും മിറ്റ്സുബിഷി ‘പജീറൊ സ്പോർട്ടി’നെയും ഫോഡ് ‘എൻഡേവറി’നെയുമൊക്കെ നേരിടാൻ ബോഡി ഓൺ ഫ്രെയിം രീതിയിൽ നിർമിച്ച ‘ട്രെയ്ൽബ്ലേസർ’ ഒക്ടോബറോടെ അരങ്ങേറ്റം കുറിക്കുമെന്നാണു പ്രതീക്ഷ.

ടു വീൽ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് ലേ ഔട്ടുകളോടെയും മാനുവൽ, ഓട്ടമാറ്റിക് ട്രാൻസ്മിഷൻ സാധ്യതകളോടെയുമൊക്കെയാണ് എതിരാളികൾ എത്തുന്നതെങ്കിലും തുടക്കത്തിൽ ഓട്ടമാറ്റിക് ഗീയർബോക്സും ടു വീൽ ഡ്രൈവുമായി മാത്രമാവും ‘ട്രെയ്ൽബ്ലേസറി’ന്റെ വരവ്. ഫോർ ബൈ ഫോർ, ഓൾ വീൽ ഡ്രൈവ് ലേ ഔട്ടിൽ കാടും മേടും കീഴടക്കാൻ കഴിയുംവിധം ‘ട്രെയ്ൽബ്ലേസർ’ അവതരിക്കുമെന്നു കരുതിയവരെയാണ് ജി എമ്മിന്റെ ഈ തീരുമാനം നിരാശരാക്കുക. എന്നാൽ വിപണനത്തിന്റെ ആദ്യ ഘട്ടത്തിൽ റോഡുകളിൽ മാത്രം വാഹനം ഉപയോഗിക്കുന്നവരെ വശത്താക്കുക എന്ന സമീപനമാണു ജി എം സ്വീകരിക്കുന്നത്.

സൗകര്യങ്ങളിലോ സംവിധാനങ്ങളിലോ തെല്ലും വിട്ടുവീഴ്ച ചെയ്യാതെയാവും ‘ട്രെയ്ൽബ്ലേസർ’ എത്തുക. രണ്ട്, രണ്ട്, മൂന്ന് ലേ ഔട്ടിൽ ഏഴു പേർക്കാവും പൂർണ എസ് യു വിയായ ‘ട്രെയ്ൽബ്ലേസറി’ൽ യാത്രാസൗകര്യം. സുരക്ഷയ്ക്കായി ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആന്റി ലോക്ക് ബ്രേക്കിങ്, ഹൈഡ്രോളിക് ബ്രേക്ക് അസിസ്റ്റ്, ട്രാക്ഷൻ കൺട്രോൾ, ഡൈനാമിക് റിയർ ബ്രേക്ക് പ്രൊപ്പോഷനിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, പാനിക് ബ്രേക്ക് അസിസ്റ്റ്, എൻജിൻ ഡ്രാഗ് കൺട്രോൾ, ഹിൽ ഡിസന്റ് കൺട്രോൾ, ഹിൽ സ്റ്റാർട് അസിസ്റ്റ്, ഇരട്ട എയർബാഗ് എന്നിവയൊക്കെ ‘ട്രെയ്ൽബ്ലേസറി’ലുണ്ടാവും. കൂടാതെ 80 സെന്റീമീറ്റർ വരെ ആഴത്തിലുള്ള വെള്ളക്കെട്ടിനെ മറികടക്കാനും ഈ എസ് യു വിക്കാവും. 2.8 ലീറ്റർ, ഡ്യുറാമാക്സ്, ഡി ഒ എച്ച് സി ടർബോ ഡീസൽ എൻജിനാണു ‘ട്രെയ്ൽബ്ലേസറി’നു കരുത്തേകുക; പരമാവധി 197 ബി എച്ച് പി കരുത്തും 500 എൻ എം ടോർക്കുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ആറു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാവും ട്രാൻസ്മിഷൻ.

സി ഡി, യു എസ് ബി, ഓക്സിലറി, ബ്ലൂടൂത്ത് കംപാറ്റിബിലിറ്റിയുള്ള ടച്സ്ക്രീൻ ഇൻഫൊടെയ്ൻമെന്റ് സംവിധാനം, ക്രൂസ് കൺട്രോൾ, ലതർ സീറ്റ് തുടങ്ങിയവയൊക്കെ ‘ട്രെയ്ൽബ്ലേസറി’ൽ ജി എം ലഭ്യമാക്കുമെന്നാണു പ്രതീക്ഷ. മിക്കവാറും 26 — 29 ലക്ഷം രൂപ വിലയിട്ടാവും ജി എം ഈ ടു വീൽ ഡ്രൈവ്, ഓട്ടമാറ്റിക് ‘ട്രെയ്ൽബ്ലേസർ’ ഇന്ത്യയിൽ വിൽപ്പനയ്ക്കെത്തിക്കുക.