ഏപ്രിൽ‌ മാസത്തെ വിപണിയിലെ താരങ്ങൾ

ഇന്ത്യൻ വാഹന വിപണിക്ക് അത്ര മികച്ച മാസമയിരുന്നില്ല കഴിഞ്ഞ ഏപ്രില്‍. മാർച്ച് മാസത്തെ അപേക്ഷിക്ക് വിൽപ്പന കുറവായിരുന്നു ഏപ്രിലിൽ. എന്നാൽ ഹ്യുണ്ടേയ്, ടാറ്റ, ടൊയോട്ട, ‍ഡാറ്റ്സൺ പോലുള്ള വാഹന നിർമാതാക്കൾ അൽപം നേട്ടമുണ്ടാക്കി. ഏപ്രിൽ മാസത്തെ വിൽപ്പനയിലെ താരങ്ങൾ ആരൊക്കെയെന്ന നോക്കാം.

മാരുതി സുസുക്കി ഓൾട്ടോ

ഓൾട്ടോയാണ് ഇന്ത്യൻ വിപണിയിലെ സൂപ്പർസ്റ്റാർ. യുവതാരങ്ങൾ പലരും എത്തിയെങ്കിലും ഓൾട്ടോ വിപണിയിലെ താരമായി തുടരുന്നു. 16583 ഓൾട്ടോ യൂണിറ്റുകളാണു കഴിഞ്ഞ മാസം മാരുതി ‌വിറ്റഴിച്ചത്‌. അതേ സമയം മാർച്ചു മാസത്തെ അപേക്ഷിച്ച് 25 ശതമാനവും 2015 ഏപ്രിലിനെ അപേക്ഷിച്ച് 23 ശതമാനവും വിൽപ്പനയിൽ ഇടിവു രേഖപ്പെടുത്തി.

മാരുതി സുസുക്കി സ്വിഫ്റ്റ്

പ്രീമിയം ഹാച്ച്ബാക്കായ സ്വിഫ്റ്റ് ഇടത്തരക്കാരുടെ ഇഷ്ടവാഹനമാണ്. സെഗ്‌മെന്റിലേക്കു മറ്റു പലവാഹനങ്ങളും കടന്നുവരുന്നുണ്ടെങ്കിലും മാരുതി സ്വിഫ്റ്റിന്റെ സ്ഥാനത്തിന് ഇതുവരെ ഇളക്കം സംഭവിച്ചിട്ടില്ല. 15661 സ്വിഫ്റ്റുകൾ ഏപ്രിലിൽ മാരുതി പുറത്തിറക്കി. മാർച്ചിനെ അപേക്ഷിച്ച് 7.8 ശതമാനം കുടുതൽ വിൽപ്പന സ്വിഫ്റ്റിന് ലഭിച്ചെങ്കിലും 2015 ഏപ്രിലുമായി താരതമ്യം ചെയ്യുമ്പോൾ വിൽപ്പന 15.1 ശതമാനം കുറവാണ്.

മാരുതി സുസുക്കി വാഗൻ ആർ

വിൽപ്പന ചാർട്ടിലെ ടോപ്പ് 5 ലെ സ്ഥിരം സാന്നിധ്യമാണ് വാഗൻ ആർ. 1999 ൽ പുറത്തിറങ്ങിയ വാഗൻ ആറിന് 2003 ലും 2006 ലും 2010 ലും കാതലായ രൂപമാറ്റങ്ങൾ വരുത്തിയാണ് ഇന്നത്തെ രൂപത്തിലെത്തിച്ചിരിക്കുന്നത്. 15323 വാഗൻ ആറുകളാണ് കഴിഞ്ഞ മാസം മാത്രം ഇന്ത്യയിലാകെ വിറ്റത്. മുൻ‌വർഷത്തെ അപേക്ഷിച്ച് 10 ശതമാനവും മുൻമാസത്തെ അപേക്ഷിച്ച് 5.1 ശതമാനം വളർ‌ച്ചയുമാണ് അത്.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസയർ

കോംപാക്റ്റ് സെഡാൻ സെഗ്‌മെന്റിലെ കരുത്തനാണ് മാരുതി സുസുക്കിയുടെ സ്വിഫ്റ്റ് ഡിസയർ. ഭംഗിയും കരുത്തും യാത്രാസുഖവുമെല്ലാം ഒത്തിണങ്ങിയ ഡിസയർ മാർച്ച് മാസം വിൽപ്പനയിൽ രണ്ടാം സ്ഥാനത്തായിരുന്നു. മാർച്ചിനെ അപേക്ഷിച്ച് 25 ശതമാനം ഇടിവാണ് ഡിസയറിന്റെ വിൽപ്പനയിൽ നേരിട്ടത്. 13256 യൂണിറ്റ് ഡിസയറുകളാണ് കമ്പനി ഏപ്രിൽ മാസം പുറത്തിറക്കിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.6 ശതമാനം കുറവ്.

ഹ്യുണ്ടായ് എലൈറ്റ് ഐ20

ഐ 20 എലൈറ്റായി എത്തിയതോടെ വിൽപ്പനയിൽ വലിയ വളർച്ചയാണ് സ്വന്തമാക്കിയത്. പ്രീമിയം ഹാച്ച് സെഗ്‍മെന്റിലേയ്ക്ക് ഹ്യുണ്ടായ് 2008 ൽ പുറത്തിറക്കിയ ഐ20 യുടെ പുതിയ വകഭേദമാണ് എലൈറ്റ് ഐ20. മികച്ച സ്റ്റൈലും ഫീച്ചറുകളുമായി എത്തിയ ഐ20 എലൈറ്റിന് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 11141 യൂണിറ്റ് എലൈറ്റ് ഐ20 കളാണ് ഏപ്രിലിൽ വിപണിയിലെത്തിയത്. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് 4.7 ശതമാനം വളർച്ചയും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10.3 ശതമാനം വിൽപ്പന കുറവും.