സ്പീഡ് വേണ്ട, ക്യാമറകൾ പ്രവർത്തിക്കുന്നുണ്ട്

Representative Image

നമ്മുടെ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന സ്പീഡ് ക്യാമറകൾ പ്രവർത്തിക്കുന്നില്ല എന്ന ‘തെറ്റിദ്ധാരണ’ നാട്ടിലെങ്ങും വാഹനം ഓടിക്കുന്നവരിൽ വ്യാപകമായിട്ടുണ്ട്. സർക്കാരിന്റെ വകുപ്പുകൾ റോഡുകളിൽ സ്ഥാപിച്ചിരിക്കുന്ന വിവിധയിനം ക്യാമറകളുടെ പ്രവർത്തനശേഷിയെക്കുറിച്ച് പലവിധ കോണുകളിൽ നിന്നും സംശയം ഉയരുന്നു. തൻമൂലം വാഹനം ഓടിക്കുന്നവരുടെ ‘ക്യാമറപ്പേടി’ നന്നായി കുറഞ്ഞിരിക്കുന്നു. ക്യാമറകളെ പുച്ഛത്തോടെ നോക്കി അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ദിനംപ്രതി ഏകദേശം 10 പേരെങ്കിലും വാഹനാപകടങ്ങളിൽ കൊല്ലപ്പെടുന്ന കേരളത്തെ സംബന്ധിച്ച് ഒട്ടും ശുഭകരമല്ലാത്ത കാര്യമാണിത്. ഈ സാഹചര്യത്തിൽ അമിത വേഗം കണ്ടുപിടിക്കുന്ന മോട്ടോർ വാഹന വകുപ്പിന്റെ ‘സ്പീഡ് വയലേഷൻ ഡിറ്റക്‌ഷൻ’ ക്യാമറകളുടെ പ്രവർത്തനക്ഷമത മനസ്സിലാക്കുകയാണിവിടെ.

കാസർകോട് ജില്ല മുതൽ തിരുവനന്തപുരം ജില്ല വരെ 201 ക്യാമറകളാണ് വിവിധയിടങ്ങളിലായി മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്നത്. എല്ലാ ക്യാമറകളും എറണാകുളത്തെ ഓട്ടമേറ്റഡ് എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ സസൂക്ഷ്മം നിരീക്ഷിക്കപ്പെടുന്നു. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളുടെ ചുമതലയുള്ള എൻഫോഴ്സ്മെന്റ് ആർടിഒയുടെ കീഴിലാണ് ഈ കൺട്രോൾ റൂം. അപകടം മൂലവും, സാങ്കേതിക തകരാർ മൂലവും മറ്റും 8–10 ക്യാമറകൾ നിലവിൽ പ്രവർത്തിക്കുന്നില്ല എന്നതൊഴിച്ചാൽ ബാക്കി എല്ലാ ക്യാമറകളും മികച്ച പ്രവർത്തനശേഷിയോടെ പ്രവർത്തിക്കുന്നതായി ഉദ്യോഗസ്ഥർ സാക്ഷ്യപ്പെടുത്തുന്നു.

ദിനംപ്രതി 2000 മുതൽ 2500 വരെ നോട്ടിസുകൾ ഈ കൺട്രോൾ റൂമിൽ നിന്ന് അമിത വേഗക്കാർക്ക് അയയ്ക്കുന്നുണ്ട്. 400 രൂപ പിഴയായി 15 ദിവസത്തിനകം അവർ അടയ്ക്കണം. മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റിലെ ‘ഫൈൻ–റെമിറ്റൻസ്–ക്യാമറ–സർവീലിയൻസ്’ എന്ന ലിങ്ക് മുഖേന ഓൺലൈനായും ഫൈൻ അടയ്ക്കാം. വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പർ മാത്രം നൽകി ഇപ്പോൾ വാഹനത്തിന് ഫൈൻ എന്തെങ്കിലും അടയ്ക്കാനുണ്ടോ എന്നും അതിനു മുൻപ് എത്ര പ്രാവശ്യം വാഹനം അമിതവേഗത്തിന് പിടിക്കപ്പെട്ടിട്ടുണ്ട് എന്നും മറ്റും വെബ്സൈറ്റിലെ മേൽപറഞ്ഞ ലിങ്കിലൂടെ ആർക്കും മനസ്സിലാക്കാം.

അമിതവേഗത്തിൽ വാഹനം ഓടിക്കുന്ന ശീലം പലവട്ടം ആവർത്തിച്ചാൽ ഡ്രൈവിങ് ലൈസൻസ് 6 മാസത്തേക്ക് സസ്പെൻഡ് ചെയ്യുന്ന നടപടി വരെ ക്ഷണിച്ചുവരുത്താം. 95% റോഡപകടങ്ങൾ ഡ്രൈവറുടെ കൂടി തെറ്റുകൊണ്ടാണെന്നും 65% റോഡപകടങ്ങൾ ഡ്രൈവറുടെ മാത്രം കുറ്റം കൊണ്ടാണെന്നും ശാസ്ത്രീയമായ പഠനങ്ങൾ തെളിയിക്കുന്നതിനാൽ വാഹനത്തിന്റെ വേഗത്തിൽ ഏവർക്കും സ്വയം നിയന്ത്രണം അത്യന്താപേക്ഷിതമാണ്.

വിവരങ്ങള്‍ക്ക് കടപ്പാട്: മനോജ്കുമാർ ബി. അസോ. പ്രഫസർ, എസ്‌സിഎംഎസ് എൻജി. കോളജ്, കറുകുറ്റി