ഇന്ത്യയിലെ വിൽപ്പന ഇരട്ടിയാക്കാൻ ട്രയംഫ്

Triumph Bonneville T100

ഇന്ത്യയിലെ വിൽപ്പന ഇരട്ടിയാക്കാനാവുമെന്നു ബ്രിട്ടീഷ് മോട്ടോർ സൈക്കിൾ നിർമാതാക്കളായ ട്രയംഫിനു പ്രതീക്ഷ. വിൽപ്പന മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടു പ്രാദേശികമായി നിർമിക്കുന്ന മോഡലുകളുടെ എണ്ണം വർധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. കഴിഞ്ഞ ഏപ്രിൽ — സെപ്റ്റംബർ അർധവർഷത്തിൽ 659 ബൈക്കുകളാണു കമ്പനി വിറ്റതെന്നു ട്രയംഫ് മോട്ടോർ സൈക്കിൾസ് മാനേജിങ് ഡയറക്ടർ വിമൽ സുംബ്ലി അറിയിച്ചു. ഇക്കൊല്ലത്തെ മൊത്തം വിൽപ്പന 1,300 — 1,400 യൂണിറ്റിലെത്തുമെന്നാണു പ്രതീക്ഷയെന്നും അദ്ദേഹം വെളിപ്പെടുത്തി. 2013 നവംബറിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിച്ച ട്രയംഫിന്റെ ഇതുവരെയുള്ള മൊത്തം വിൽപ്പന 3,300 യൂണിറ്റോളമാണ്. കഴിഞ്ഞ വർഷത്തെ വിൽപ്പന 1,200 യൂണിറ്റായിരുന്നെന്നും അദ്ദേഹം അറിയിച്ചു.

വിവിധ വിഭാഗങ്ങളിലായി 16 മോഡലുകളാണു ട്രയംഫ് മോട്ടോർ സൈക്കിൾസ് ഇന്ത്യയിൽ വിൽക്കുന്നത്. ഇവയിൽ ചിലത് ഹരിയാനയിലെ മനേസാറിൽ അസംബ്ൾ ചെയ്താണു വിൽപ്പനയ്ക്കെത്തുന്നത്. ഇന്ത്യയിൽ വിൽക്കുന്നവയിൽ 40 ശതമാനത്തോളം കംപ്ലീറ്റ്ലി നോക്ക്ഡ് ഡൗൺ(സി കെ ഡി) വ്യവസ്ഥയിലാണ് എത്തുന്നതെന്നു സുംബ്ലി വിശദീകരിച്ചു. മനേസാർ ശാലയ്ക്ക് വേണ്ടത്ര ശേഷിയുള്ളതിനാൽ ‘ക്ലാസിക്’ ശ്രേണിയിലെ മോഡലുകൾ കൂടി പ്രാദേശികമായി നിർമിക്കാനാണു കമ്പനി ആലോചിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ പ്രാദേശിക നിർമാണത്തെക്കുറിച്ചു കൂടുതൽ വിശദീകരണത്തിന് അദ്ദേഹം സന്നദ്ധനായില്ല.

നിലവിൽ ട്രയംഫ് ഇന്ത്യയിൽ വിൽക്കുന്ന ചില മോഡലുകൾ ബ്രിട്ടനിൽ നിന്നും തായ്ലൻഡിൽ നിന്നും ഇറക്കുമതി വഴിയാണ് എത്തുന്നത്. യു കെയിലും തായ്ലൻഡിലും നിർമാണശാലകളുള്ള ട്രയംഫിന് ഇന്ത്യയ്ക്കു പുറമെ ബ്രസീലിലും അസംബ്ലിങ് യൂണിറ്റുകളുണ്ട്.നിലവിൽ 14 ഡീലർഷിപ്പുകളാണു ട്രയംഫിന് ഇന്ത്യയിലുള്ളത്; രാജ്യത്ത് വിൽക്കുന്ന ബൈക്കുകളിൽ 55 ശതമാനവും ബാങ്ക് വായ്പയോടെയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. നാലു വർഷത്തിനകം ഡീലർഷിപ്പുകളുടെ എണ്ണം 25 ആയി ഉയർത്തും.