കാർ റോബോട്ടാകുന്ന വിഡിയോ കാണാം

ട്രാൻസ്ഫോമേഴ്സ് എന്ന ഹോളിവുഡ് ചിത്രത്തിലാണ് റോബോട്ടായി മാറുന്ന കാറിനെ നാം ആദ്യം കണ്ടത്. കണ്ടാൽ ഒരു കാർ, വിശ്വരൂപം പുറത്തെടുത്താലോ ഞെട്ടിപ്പിക്കുന്ന റോബോട്ട്. സിനിമയെ അനുസ്മരിപ്പിക്കുന്ന കാറുമായി എത്തിയിരിക്കുകയാണ് ഒരു തുർ‌ക്കി കമ്പനി.

റിമോട്ടിൽ ഓടുന്ന കാർ ഒറ്റ നോട്ടത്തിൽ ഒന്നാന്തരം ബിഎംഡബ്ല്യു. എന്നാൽ തൊട്ടടുത്ത നിമിഷം കാറിന്റെ രൂപവും ഭാവവും മാറി വലിയൊരു റോബോട്ടാകും. ലെവിസ്റ്റണ്‍ എന്ന കമ്പനിയാണ് ഈ കാര്‍ റോബോട്ടിനു പിന്നില്‍. ലെവി ട്രോണ്‍ എന്നാണ് ഈ യന്ത്രമനുഷ്യന്റെ പേര്. പിൻചക്രം നിലത്തുറപ്പിച്ച് എഴുന്നേറ്റു നിൽക്കുന്ന കാറിനു കൈകളും വിരലുകളുമുണ്ട്. വിരലുകൾ ചലിപ്പിക്കാനും ഈ റോബോകാറിനു സാധിക്കും. ബോണറ്റിനുള്ളിലാണ് തല ഒളിപ്പിച്ചിരിക്കുന്നത്.

ഇതുവരെ നാല് ലെവിട്രോണുകൾ നിർ‌മിച്ച കമ്പനി ആദ്യ ഔട്ട്‍ഡോർ പരീക്ഷണത്തിന്റെ വിഡിയോയാണ് ഇപ്പോൾ പുറത്തു വിട്ടിരിക്കുന്നത്. 12 എൻജിനീയർമാരുടെ എട്ടു മാസത്തെ പരിശ്രമത്തിന്റെ ഫലമാണ് ഈ റോബോ കാറെന്നാണ് കമ്പനി പറയുന്നത്.