തിരുപ്പതിയിൽ 2 കോടി രൂപ കാണിക്കയുമായി ടി വി എസ്

തിരുമലയിലെ തിരുപ്പതി വെങ്കടാചലപതിക്ക് രണ്ടു കോടി രൂപയുടെ കാണിക്കയുമായി ടി വി എസ് ഗ്രൂപ് കമ്പനികൾ. ചെന്നൈ ആസ്ഥാനമായ ഇരുചക്ര, ത്രിചക്ര വാഹന നിർമാതാക്കളായ ടി വി എസ് മോട്ടോർ കമ്പനിയും അലൂമിനിയം — മഗ്നീഷ്യം കാസ്റ്റിങ് നിർമാതാക്കളായ സുന്ദരം ക്ലേടണുമാണു തിരുമല വെങ്കടേശ്വര ക്ഷേത്രത്തിൽ ഓരോ കോടി രൂപ വീതം കാണിക്കയർപ്പിച്ചത്. ഇരു കമ്പനികളും ഡിമാൻഡ് ഡ്രാഫ്റ്റ് മുഖേനയാണു കാണിക്ക കൈമാറിയതെന്നു തിരുപ്പതി തിരുമല ദേവസ്ഥാനം പബ്ലിക് റിലേഷൻസ് ഓഫിസർ തലരി രവി അറിയിച്ചു.

തിരുപ്പതിയിലെത്തുന്ന ഭക്തർക്ക് ശ്രീ വെങ്കടേശ്വര അന്നപ്രസാദം ട്രസ്റ്റ് മുഖേന നൽകുന്ന സൗജന്യ ഭക്ഷണ വിതരണത്തിന് ഈ തുക ചെലവഴിക്കണമെന്നാണു കമ്പനികളുടെ അഭ്യർഥന. ടി വി എസ് മോട്ടോർ കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ കെ എൻ രാധാകൃഷ്ണനും സുന്ദരം ക്ലേടൺ ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ ടി എ രംഗനാഥനും ചേർന്നു ക്ഷേത്രത്തിലെത്തി തിരുപ്പതി തിരുമല ദേവസ്ഥാനം എക്സിക്യൂട്ടീവ് ഓഫിസർ ഡി സാംബശിവ റാവുവിനു ഡ്രാഫ്റ്റ് കൈമാറുകയായിരുന്നു.