പുതിയ ‘സ്പോർട്ടു’മായി ടി വി എസ്; വില 36,800 രൂപ

ഉയർന്ന ഇന്ധനക്ഷമതയും കൂടുതൽ സൗകര്യങ്ങളുമുള്ള മോട്ടോർ സൈക്കിളായ ‘സ്പോർട്’ വിപണിയിലിറക്കിയതായി ടി വി എസ് മോട്ടോർ കമ്പനി. ചുവപ്പ്, കറുപ്പ്, വെള്ള, നീല, മെർക്കുറി ഗ്രേ നിറങ്ങളിൽ വിൽപ്പനയ്ക്കുള്ള ബൈക്കിന്റെ അടിസ്ഥാന വകഭേദത്തിനു 36,800 രൂപയാണു ഡൽഹി ഷോറൂമിൽ വില; കേരളത്തിലെ ഷോറൂമുകളിൽ 39,181 രൂപയും.

പരീക്ഷണ സാഹചര്യങ്ങളിൽ ലീറ്ററിന് 95 കിലോമീറ്ററാണു ‘സ്പോർട്ടി’ന് ടി വി എസ് വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. ഓൾ ഗീയർ ഇലക്ട്രിക് സ്റ്റാർട്ട്, അലൂമിനിയം ഗ്രാബ് റയിൽ, ക്രോം മഫ്ളർ ഗാർഡ്, സ്പോർട്ടി ഇൻസ്ട്രമെന്റ് ക്ലസ്റ്റർ തുടങ്ങിയ സൗകര്യങ്ങളും ബൈക്കിലുണ്ട്.

ക്രോം പൂശിയ പിസ്റ്റൺ റിങ്ങുകളും റോൾ കാം ഫോളോവറും ഉപയോഗിച്ചു ഘർഷണം കുറച്ചതു മൂലമാണു ‘സ്പോർട്ടി’ലെ ‘ഡ്യൂറലൈഫ്’ എൻജിനു ടി വി എസ് കൂടുതൽ ഇന്ധനക്ഷമത ഉറപ്പു നൽകുന്നത്. ബൈക്കിലെ 99.7 സി സി, സിംഗിൾ സിലിണ്ടർ എൻജിന് പരമാവധി 7.5 പി എസ് കരുത്തും 8.5 എൻ എം ടോർക്കും സൃഷ്ടിക്കാനാവും.

ഇടപാടുകാർ ആഹ്ലാദമേകുന്ന ഉൽപന്നങ്ങൾ വിൽപ്പനയ്ക്കെത്തിക്കുകയെന്ന വാഗ്ദാനത്തോടു നീതി പുലർത്താനാണു കൂടുതൽ സൗകര്യങ്ങളും മികച്ച ഇന്ധനക്ഷമതയ്ക്കായി ട്യൂൺ ചെയ്ത എൻജിനുമുള്ള ‘സ്പോർട്’ അവതരിപ്പിക്കുന്നതെന്നു ടി വി എസ് മോട്ടോർ കമ്പനി പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ വിശദീകരിച്ചു. മികച്ച രൂപഭംഗിക്കൊപ്പം പ്രകടനക്ഷമതയിലും ഇന്ധനക്ഷമതയിലും മുന്നിലുള്ള ‘ടി വി എസ് സ്പോർട്’ ഈ വിഭാഗത്തിൽ മുടക്കുന്ന പണത്തിന് ഏറ്റവും ഉയർന്ന മൂല്യമാണു വാഗ്ദാനം ചെയ്യുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.