‘കോടി’പതി പദവിയിൽ ടി വി എസ് ‘എക്സ് എൽ സൂപ്പർ’

ജനപ്രീതിയാർജിച്ച മോപ്പഡിന്റെ വിൽപ്പന ഒരു കോടി യൂണിറ്റ് പിന്നിട്ടത് ആഘോഷിക്കാൻ ടി വി എസ് മോട്ടോർ കമ്പനി ‘എക്സ് എൽ സൂപ്പറി’ന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ടി വി എസ് മോട്ടോർ ചെയർമാനായിരുന്ന പരേതനായ ടി എസ് ശ്രീനിവാസനും അദ്ദേഹത്തിന്റെ മകനും ഇപ്പോഴത്തെ ചെയർമാനുമായ വേണു ശ്രീനിവാസനും ചേർന്ന് ആവിഷ്കരിച്ച മോഡലായ ‘എക്സ് എൽ’ 1980ലാണു നിരത്തിലെത്തിയത്. ഇന്ത്യയിൽ ഒരു കോടി യൂണിറ്റിന്റെ ഇരുചക്രവാഹനങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച ഏക മോപ്പഡും ‘എക്സ് എൽ സൂപ്പർ’ തന്നെ.

ഒരു കോടി യൂണിറ്റ് വിൽക്കുകയെന്ന അപൂർവമായ നേട്ടത്തെ ‘എക്സ് എൽ സൂപ്പറി’നു രണ്ടു പുത്തൻ നിറങ്ങളിലുള്ള പരിമിതകാല പതിപ്പ് പുറത്തിറക്കിയാണു ടി വി എസ് ആഘോഷിക്കുന്നത്. സിൽവർ ഗ്രേ, ടൈറ്റാനിയം ഗ്രേ നിറങ്ങളിലാവും ‘എക്സ് എൽ സൂപ്പറി’ന്റെ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തുക. സവിശേഷ ഗ്രാഫിക്സും ഇരട്ട വർണ സീറ്റും ക്രോമിയം സ്പർശമുള്ള ഗ്രാബ് റെയിലുമൊക്കെയായിട്ടാവും ‘എക്സ് എൽ സൂപ്പറി’ന്റെ പ്രത്യേക പതിപ്പിന്റെ വരവ്. വിൽപ്പന ഒരു കോടി യൂണിറ്റിലെത്തിയെന്നു വിളംബരം ചെയ്യുന്ന പ്രത്യേക സ്റ്റിക്കറും മോപ്പഡിന്റെ സൈലൻസർ ഗാർഡിൽ പതിക്കുമെന്നു ടി വി എസ് മോട്ടോർ കമ്പനി അറിയിച്ചു. തമിഴ്നാടിനു പുറമെ ആന്ധ്ര പ്രദേശ്, തെലങ്കാന, കർണാടക സംസ്ഥാനങ്ങളിലും ‘എക്സ് എൽ സൂപ്പറി’ന്റെ പ്രത്യേക പതിപ്പ് വിൽപ്പനയ്ക്കെത്തും.

ജനങ്ങൾക്കു ദൃഢതയുള്ളതും വിശ്വസനീയവുമായ ഇരുചക്രവാഹനം ലഭ്യമാക്കുകയെന്ന സ്വപ്നമാണ് ‘എക്സ് എൽ സൂപ്പറി’ലേക്കു നയിച്ചതെന്നു ടി വി എസ് മോട്ടോർ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ കെ എൻ രാധാകൃഷ്ണൻ അനുസ്മരിച്ചു. സാധാരണക്കാരുടെ കുടുംബങ്ങൾക്കു പോലും താങ്ങാവുന്ന വിലയ്ക്കു ലഭ്യമായിരുന്ന ‘എക്സ് എൽ സൂപ്പറി’ന്റെ സ്ഥാനം ഇപ്പോൾ ഒരു കോടി യൂണിറ്റ് വിറ്റ അപൂർവം ബ്രാൻഡുകൾക്കൊപ്പമെത്തിയതിൽ ടി വി എസിന് അഭിമാനമുണ്ട്. ഇന്ത്യയിൽ മാത്രമല്ല വിദേശത്തും ‘എക്സ് എൽ സൂപ്പറി’നു സ്വീകാര്യത കൈവരിക്കാനായിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.