റോയൽ എൻഫീൽഡ് ഹിമാലയന് ഭീഷണിയാകാൻ എത്തുന്ന ബൈക്കുകൾ

ബൈക്കിലുള്ള സാഹസിക യാത്രകളെ സ്നേഹിക്കുന്നവരുടെ പ്രിയ സെഗ്‌‍മെന്റാണ് അഡ്വഞ്ചർ ടൂറർ. എന്നാൽ ലക്ഷങ്ങൾ വില മതിക്കുന്ന ഈ ബൈക്കുകൾ സ്വന്തമാക്കുക സാധാരണക്കാരന് അപ്രാപ്യമായ ഒന്നായിരുന്നു. എന്നാൽ ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ അ‍‍‍ഡ്വഞ്ചർ ടൂററായ റോയൽ എൻഫീൽഡ് കാര്യങ്ങളെല്ലാം മാറ്റി മറിച്ചു. ഓഫ് റോഡിനും ഓൺ റോഡിനും ഒരുപോലെ ഇണങ്ങിയ ഈ ബൈക്ക് മറ്റു വാഹന നിർമാതാക്കള്‍ക്കും വലിയൊരു സാധ്യതയാണ് തുറന്നുകൊടുത്തിരിക്കുന്നത്. ഹിമാലയനെ പിന്തുടർന്നെത്തുന്ന വില കുറഞ്ഞ അഡ്വഞ്ചർ ബൈക്കുകൾ നിരവധി. മിലാനിൽ നടക്കുന്ന രാജ്യന്തര ഇരുചക്ര മേളയിൽ പ്രദർശിപ്പിച്ച ചെറു അഡ്വഞ്ചർ ബൈക്കുകൾ.
‌‌
ബിഎം‍ഡബ്ല്യു ജി 310 ജിഎസ്

ജർമൻ ഇരുചക്ര വാഹന നിർമാതാക്കളായ ബി എം ഡബ്ല്യു മോട്ടോറാഡും ഇന്ത്യൻ നിർമാതാക്കളായ ടിവിഎസും ചേർന്നു നിർമിക്കുന്ന ജി 310 ആർ എന്ന ബൈക്കിനെ ആധാരമാക്കി പുറത്തിറങ്ങുന്ന ബൈക്കാണ് ജി 310 ജിഎസ്. യൂറോപ്പിനു പുറത്ത് ബി എം ഡബ്ല്യു മോട്ടോറാഡ് നിർമിക്കുന്ന ആദ്യ ബൈക്കെന്ന പെരുമയും സ്വന്തമാക്കിയ ‘ജി 310 ആർ' 1948ൽ പുറത്തുവന്ന ‘ആർ 24’നു ശേഷം ശേഷി കുറഞ്ഞ എൻജിനുമായി വിപണിയിലെത്തുന്ന ‍ബി എം ഡബ്ല്യു മോഡലു‌മാണ്.

ജി 310 ആറിൽ ഉപയോഗിക്കുന്ന 313 സിസി എൻജിൻ തന്നെയാണ് ജി310 ജിഎസിലും. 9500 ആർപിഎമ്മിൽ 34 ബിഎച്ച്പി കരുത്തും 10500 ആർപിഎമ്മിൽ 28 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 140 കിലോമീറ്ററായിരിക്കും ബൈക്കിന്റെ ടോപ്‍ സ്പീഡ്. ഓൺറോഡ്, ഓഫ്റോ‍ഡ് യാത്രകൾക്കായി ഡിസൈൻ ചെയ്തിരിക്കുന്ന ബൈക്കിൽ ലോങ് ട്രാവൽ സസ്പെൻഷനും 19 ഇഞ്ച് അലോയ് വീലുകളുമാണ് ബൈക്കിൽ. കൂടാതെ 11 ലീറ്റർ ഇന്ധന ടാങ്കും നൽകിയിരിക്കുന്നു. ജി 310 ആർ പുറത്തിറങ്ങുന്നതിനോടൊപ്പം തന്നെ ജിഎസും പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കുന്നത്.

കാവസാക്കി വേഴ്‍സിസ് എക്സ്-300

കാവസാക്കിയുടെ അഡ്വ​ഞ്ചർ ബൈക്കായ വേഴ്സിസ് 1000 ന്റെ ചെറു പതിപ്പാണ് വേഴ്സിസ് എക്സ് 300. നിഞ്ച 300 ൽ ഉപയോഗിക്കുന്ന 296 സിസി പാരലർ ട്വിൻ എൻജിനാണ് ബൈക്കിൽ ഉപയോഗിക്കുന്നത്. വേഴ്സിസ് 1000 ന്റെ രൂപഗുണങ്ങളുള്ള ബൈക്കിന് മികച്ച പ്രതികരണം ലഭിക്കും എന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ലോങ് ട്രാവൽ സസ്പെൻഷൻ, പൊക്കം കൂടിയ ഡിസൈൻ, വീതിയേറിയ ഹാൻഡിൽ ബാർ, പൊക്കമുള്ള വിൻഡ് സ്ക്രീൻ എന്നിവയ എക്സ് 300 ന്റെ പ്രത്യേകതകളായിരിക്കും. അടുത്ത വർഷം ബൈക്ക് ഇന്ത്യൻ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

സുസുക്കി ഡിഎൽ 250 വി-സ്റ്റോം

സുസുക്കിയുടെ വി സ്റ്റോം നിരയിലെ ഏറ്റവും ചെറിയ എൻജിനുള്ള ബൈക്കാണ് ഡിഎൽ-250. ഇന്ത്യൻ വിപണിയിൽ സുസുക്കിക്കുള്ള 250 സിസി ബൈക്കായ ഇനസൂമയുടെ 248 സിസി പാരലൽ ട്വിൻ എൻജിനാണ് ഡിഎൽ 250ൽ ഉപയോഗിക്കുക. 24.7 കരുത്തുള്ള എൻജിനാണിത്. ലോങ് റൈഡുകൾക്ക് ചേർന്ന തരത്തിലുള്ള ഡിസൈനാണ് ബൈക്കിന്. ഏതു തരം ടെറൈനിലൂടെയും അനായാസം സഞ്ചരിക്കാനാവും എന്നതാണ് ബൈക്കിന്റെ പ്രത്യേകത. എന്നാൽ ഡിഎൽ 250 വി സ്റ്റോം ഇന്ത്യൻ വിപണിയിലെത്തിക്കുമോ എന്ന കാര്യം സുസുക്കി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

ഹോണ്ട സിആർഎഫ് 250 എൽ റാലി

ലോകത്തിലെ ഏറ്റവും കഠിനമായ റാലിയായ ദാക്കർ റാലിയിൽ കഴിവു തെളിയിച്ച ഹോണ്ട സിആർഎഫ് 450 തിന്റെ ചെറുപതിപ്പായിരിക്കും സിആർഎഫ് 250 എൽ. റാലിക്ക് വേണ്ടിയുള്ള നിർമ്മിച്ച ബൈക്കാണെങ്കിലും ഓഫ് റോഡിനും സിആർഎഫ് യോജിക്കും എന്നാണ് ഹോണ്ടയുടെ പ്രഖ്യാപനം. 249 സിസി സിംഗിൾ സിലിണ്ടർ എൻജിനാണ് ബൈക്കിൽ. 24.4 ബിഎച്ച്പി കരുത്തും 22 എൻഎം ടോർക്കുമുണ്ട് ബൈക്കിന്. കൂടാതെ ഓഫ് റോഡിന് ഇണങ്ങിയ ടയറുകളും എബിഎസും സിആർഎഫ് 250നുണ്ടാകും.