ഫോക്സ്‌വാഗൻ ‘അമിയൊ’: പ്രീ ബുക്കിങ് 12 മുതൽ

പുതിയ കോംപാക്ട് സെഡാനായ ‘അമിയൊ’യ്ക്കുള്ള ബുക്കിങ് 12ന് തുടങ്ങുമെന്നു ജർമൻ കാർ നിർമാതാക്കളായ ഫോക്സ്‌വാഗൻ ഇന്ത്യ. കഴിഞ്ഞ ഓട്ടോ എക്സ്പൊയിൽ അനാവരണം ചെയ്ത കാറിന്റെ ഔദ്യോഗിക അരങ്ങേറ്റം നിശ്ചയിച്ചിരിക്കുന്നത് ജൂലൈയിലാണ്.

‘അമിയൊ’യുടെ അരങ്ങേറ്റത്തിനു മുന്നോടിയായി 17 നഗരങ്ങളെ ഉൾപ്പടുത്തി വിപുലമായ റോഡ് ഷോയും ഫോക്സ്‌വാഗൻ ഇന്ത്യ സംഘടിപ്പിക്കുന്നുണ്ട്. ഈ 12ന് ആരംഭിക്കുന്ന റോഡ് ഷോ ജൂലൈ രണ്ടു വരെ തുടരും. ആരാധകർക്ക് ‘അമിയൊ’ അടുത്തു കാണാൻ അവസരം നൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടിക്ക് ആദിഥ്യമരുളുക പുണെ, സൂറത്ത്, ലുധിയാന, കൊൽക്കത്ത, കൊച്ചി, ചെന്നൈ, നാഗ്പൂർ, ജയ്പൂർ, ചണ്ഡീഗഢ്, ഭുവനേശ്വർ, ബെംഗളൂരു, ഡൽഹി, അഹമ്മദബാദ്, ലക്നൗ, ഹൈദരബാദ്, കോയമ്പത്തൂർ, മുംബൈ നഗരങ്ങളാണ്.

രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും ‘അമിയൊ’ ബുക്കിങ്ങുകൾ സ്വീകരിക്കാൻ ഫോക്സ്‌വാഗൻ ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്. ഒപ്പം പുതിയ കാറിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ലഭ്യമാവുന്ന പ്രത്യേക മൊബൈൽ ആപ്ലിക്കേഷനും കമ്പനി തയാറാക്കിയിട്ടുണ്ട്. ആൻഡ്രോയ്ഡ്, ഐ ഒഎസ് പ്ലാറ്റ്ഫോമുകളിൽ തയാറാക്കിയ ആപ് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

‘പോളോ’യും ‘വെന്റോ’യുമായി പ്ലാറ്റ്ഫോം പങ്കുവയ്ക്കുന്ന ‘അമിയൊ’യ്ക്കു നിലവിൽ രാജ്യത്തു ലഭ്യമാവുന്ന സെഡാനുകളിൽ ഏറ്റവും ചെറുതെന്ന സവിശേഷതയും സ്വന്തമാണ്. ഇന്ത്യയ്ക്കായി പ്രത്യേകം വികസിപ്പിച്ച ‘അമിയൊ’യിലൂടെ മാരുതി സുസുക്കി ‘സ്വിഫ്റ്റ് ഡിസയർ’, ഫോഡ് ‘ഫിഗൊ അസ്പയർ’, ഹോണ്ട ‘അമെയ്സ്’, ഹ്യൂണ്ടേയ് ‘അക്സന്റ്’, ടാറ്റ ‘സെസ്റ്റ്’ തുടങ്ങിയവരെ നേരിടുകയാണു ഫോക്സ്‌വാഗന്റെ ലക്ഷ്യം. 1.2 ലീറ്റർ മൂന്നു സിലിണ്ടർ പെട്രോൾ, 1.5 ലീറ്റർ, നാലു സിലിണ്ടർ ടി ഡി ഐ ഡീസൽ എൻജിനുകളാണ് ‘അമിയൊ’യ്ക്കു കരുത്തേകുക.

ക്രൂസ് കൺട്രോൾ, മഴ തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന വൈപ്പർ, സ്റ്റാറ്റിക് കോണറിങ് ലൈറ്റ്, മിറർ ലിങ്ക് ഇൻഫൊടെയ്ൻമെന്റ് സിസ്റ്റം തുടങ്ങി സൗകര്യങ്ങൾക്കും സംവിധാനങ്ങൾക്കും പഞ്ഞമില്ലാതെയാണ് ‘അമിയൊ’യുടെ വരവ്. മികച്ച സുരക്ഷയ്ക്കായി എല്ലാ വകഭേദത്തിലും മുന്നിൽ ഇരട്ട എയർബാഗും ആന്റി ലോക്ക് ബ്രേക്കും സ്റ്റാൻഡേഡ് വ്യവസ്ഥയിൽ ലഭ്യമാക്കുമെന്നും ഫോക്സ്‌വാഗൻ ഉറപ്പു നൽകുന്നു.