‘ഡീസൽഗേറ്റ്’: ഉടമകൾക്ക് 7,000 ഡോളർ വീതം നൽകാൻ ഫോക്സ്‌വാഗൻ

മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ കൃത്രിമം കാട്ടി കുടുങ്ങിയ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ 1000 കോടി ഡോളർ(ഏകദേശം 67,865 കോടി രൂപ) യു എസിൽ നിലവിലുള്ള സിവിൽ കേസിൽ നിന്നു തലയൂരാൻ ശ്രമം തുടങ്ങി. ‘ഡീസൽഗേറ്റി’ൽ കുടുങ്ങിയ, രണ്ട് ലീറ്റർ ഡീസൽ എൻജിനുള്ള 4.80 ലക്ഷത്തോളം കാറുകളുടെ ഉടമകൾക്ക് 7,000 ഡോളർ (4,75,058 രൂപ) വീതം അനുവദിക്കാനാണു ഫോക്സ്‌വാഗന്റെ പദ്ധതി. കൂടാതെ അന്തരീക്ഷ മലിനീകരണം ചെറുക്കാനുള്ള പദ്ധതിക്കും കമ്പനി സഹായം നൽകും. കൃത്രിമം കാട്ടിയ ഡീസൽ കാറുകൾ വിറ്റ് ഉടമകളെ വഞ്ചിച്ചതിനും പരിസ്ഥിതിക്കു തകരാർ സൃഷ്ടിച്ചതിനുമാണ് സാൻഫ്രാൻസിസ്കോയിൽ ഫോക്സ്വാഗനെതിരെ സിവിൽ കേസുള്ളത്.

സുദീർഘമായ വിചാരണ സൃഷ്ടിച്ചക്കാവുന്ന ചീത്തപ്പേര് കൂടി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണു കേസ് കോടതിക്കു പുറത്ത് ഒത്തുതീർക്കാൻ ഫോക്സ്‌വാഗൻ ശ്രമിക്കുന്നത്. ലോകത്തിലെ വാഹന നിർമാതാക്കളിൽ രണ്ടാം സ്ഥാനത്തുള്ള ഫോക്സ്‌വാഗന് ‘ഡീസൽഗേറ്റ്’ വിവാദം ഇപ്പോൾ തന്നെ കനത്ത തിരിച്ചടി സൃഷ്ടിച്ചിട്ടുണ്ട്.
കേസിൽ ഇരുഭാഗങ്ങൾക്കും ചർച്ച നടത്തി അഭിപ്രായ ഐക്യം സ്വരൂപിക്കാനായി സാൻഫ്രാൻസിസ്കോയിലെ ഫെഡറൽ ജില്ലാ കോടതി അനുവദിച്ച സമയം ഈ 28 വരെ നീട്ടിയിട്ടുണ്ട്. അന്തിമ ധാരണയെപ്പറ്റിയുള്ള വിസ്താരം ജൂലൈ 26നാണു നിശ്ചയിച്ചിരിക്കുന്നത്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരിശോധന ജയിക്കാൻ ഡീസൽ എൻജിനുകളിൽ സോഫ്റ്റ്‌വെയർ സഹായം തേടിയ കാര്യം കഴിഞ്ഞ സെപ്റ്റംബറിലാണു ഫോക്സ്‌വാഗൻ സ്ഥിരീകരിച്ചത്.

പരിശോധനാവേള തിരിച്ചറിഞ്ഞു പ്രവർത്തിക്കുന്ന ഈ സോഫ്റ്റ്‌വെയർ കാറുകളുടെ മലിനീകരണ നിയന്ത്രണ നിലവാരം പരിധിക്കുള്ളിലാണെന്ന പ്രതീതി സൃഷ്ടിക്കുന്നു. എന്നാൽ നിരത്തിലെത്തുന്നതോടെ എൻജിന്റെ പ്രവർത്തനം സാധാരണനിലയിലാവുകയും നൈട്രജൻ ഓക്സൈഡിന്റെയും മറ്റും സാന്നിധ്യം അനുവദനീയ പരിധിയിലും 40 മടങ്ങ് വരെയായി ഉയരുകയും ചെയ്യുമത്രെ. യു എസിനു പിന്നാലെ മറ്റു രാജ്യങ്ങളും പരിശോധന കർശനമാക്കിയതോടെ ആഗോളതലത്തിൽ 1.10 കോടിയോളം വാഹനങ്ങളിൽ ‘പുകമറ’ സോഫ്റ്റ്വെയറിന്റെ സാന്നിധ്യമുണ്ടെന്നു ഫോക്സ്‌വാഗൻ അംഗീകരിച്ചു. ഫോക്സ്‌വാഗനു പുറമെ ഗ്രൂപ്പിൽപെട്ട പോർഷെ, ഔഡി തുടങ്ങിയ മോഡലുകളിലും സമാന സോഫ്റ്റ്‌വെയറിന്റെ സാന്നിധ്യമുണ്ടെന്നു കമ്പനി വെളിപ്പെടുത്തി.