‘പുകമറ’ വിവാദം: മ്യുള്ളറെ പിന്തുണച്ചു പോർഷെ — പീച്ച് കുടുംബങ്ങൾ

Matthias Mueller

‘പുകമറ’ വിവാദത്തിൽ കുടുങ്ങിയ ഫോക്സ്‌വാഗനെ കരകയറ്റാൻ ശ്രമിക്കുന്ന ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ(സി ഇ ഒ) മത്തിയാസ് മ്യുള്ളർക്ക് പോർഷെ — പീച്ച് കുടുംബങ്ങളുടെ പൂർണ പിന്തുണ. ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജിയിലെ വോട്ടിങ് അവകാശത്തിൽ ഭൂരിപക്ഷവും പോർഷെ — പീച്ച് കുടുംബങ്ങളിൽ നിക്ഷിപ്തമായതിനാൽ ഈ പിന്തുണ ഏറെ നിർണായകമാണ്. അടുത്തയിടെ നടത്തിയ യു എസ് സന്ദർശന വേളയിൽ മ്യുള്ളർ ‘ഡീസൽഗേറ്റ്’ വിവാദം കൈകാര്യം ചെയ്തതിനെച്ചൊല്ലിയും ഏറെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലും പോർഷെ — പീച്ച് കുടുംബങ്ങളുടെ പിന്തുണയ്ക്ക് പ്രാധാന്യമേറെയാണ്. യു എസിലെ കർശന മലിനീകരണ നിയന്ത്രണ പരീക്ഷ ജയിക്കാൻ ഡീസൽ എൻജിനുകളിൽ കൃത്രിമം കാട്ടിയെന്നാണു ഫോക്സ്‌വാഗൻ നേരിടുന്ന ആരോപണം. മലിനീകരണ നിയന്ത്രണ പരിശോധനവിജയിക്കാൻ ഡീസൽ എൻജിനുകളിൽ സോഫ്റ്റ്‌വെയർ സഹായം തേടിയെന്നു കഴിഞ്ഞ സെപ്റ്റംബറിൽ കമ്പനി സ്ഥിരീകരിക്കുകയും ചെയ്തു.

ഇതിനു ശേഷവും യു എസിലെത്തി കാര്യങ്ങൾ വിശദീകരിക്കാൻ കഴിഞ്ഞ ആഴ്ച വരെ കാത്തിരുന്നു എന്നതാണു മ്യുള്ളർക്കെതിരായ പ്രധാന ആക്ഷേപം. ഒപ്പം യു എസിലേക്കുള്ള ആദ്യ സന്ദർശനവേളയിൽതന്നെ ‘പുകമറ’ വിവാദത്തിന്റെ ഗൗരവം കുറച്ചുകാട്ടുന്ന വിധത്തിൽ റേഡിയോ അഭിമുഖത്തിൽ അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണവും നിലവിലുണ്ട്.ഒപ്പം ധാരണപ്പിശകാണ് ‘പുകമറ’ വിവാദത്തിലേക്കു നയിച്ചതെന്ന മ്യുള്ളറുടെ വിലയിരുത്തൽ യു എസ് അധികൃതർക്ക് അനിഷ്ടമുണ്ടാക്കിയിരുന്നു. ഈ പ്രശ്നം തികച്ചും സാങ്കേതികമാണെന്നും മറിച്ചു ധാർമികമല്ലെന്നുമായിരുന്നു മ്യുള്ളറുടെ നിലപാട്.അതേസമയം മ്യുള്ളറുടെ യു എസ് സന്ദർശനം പരാജയമായിരുന്നെന്നും പ്രശ്നം പരിഹരിക്കുന്നതിൽ പിഴവു വരുത്തിയെന്നുമൊക്കെയുള്ള ആക്ഷേപത്തിനിടയിലും അദ്ദേഹത്തെ കൈവിടാനില്ലെന്ന വ്യക്തമായ സൂചനയാണു ഫോക്സ്‌വാഗന്റെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് നൽകുന്നത്. പോർഷെ — പീച്ച് കുടുംബങ്ങൾ മ്യുള്ളർക്കു പിന്നിൽ അണിനിരന്നതാണ് ബോർഡിന്റെ ഈ നിലപാടിനു പിന്നിലെന്നും കേൾക്കുന്നുണ്ട്. പോരെങ്കിൽ ‘പുമറ’ വിവാദത്തെപ്പറ്റി കമ്പനി പ്രഖ്യാപിച്ച ആഭ്യന്തര അന്വേഷണത്തിന്റെ പുരോഗതി വിലയിരുത്താൻ ഫോക്സ്‌വാഗൻ സൂപ്പർവൈസറി ബോർഡ് ചൊവ്വാഴ്ച യോഗവും ചേരുന്നുണ്ട്.

അതിനിടെ ഫോക്സ്‌വാഗനെ നയിക്കാൻ മത്തിയാസ് മ്യുള്ളറുടെ കഴിവിനെപ്പറ്റി തന്നെ ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ ഭിന്നാഭിപ്രായമുണ്ടെന്ന അഭ്യൂഹവും ശക്തമാണ്; സ്വാധീന ശക്തിയേറിയ, ട്രേഡ് യൂണിയൻ പ്രതിനിധികൾക്കാണത്രെ മ്യുള്ളറോടു താൽപര്യക്കുറവ്. അതേസമയം, ഇത്തരം വാർത്തകൾ ഫോക്സ്വാഗൻ നിഷേധിച്ചിട്ടുണ്ട്. ‘പുകമറ’ വിവാദം മൂലം ഫോക്സ്‌വാഗൻ സി ഇ ഒയായിരുന്ന മാർട്ടിൻ വിന്റർകോൺ സ്ഥാമൊഴിഞ്ഞതോടെയാണ് പോർഷെയെ നയിച്ചിരുന്ന മ്യുള്ളർ ചുമതലയേൽക്കുന്നത്.