കയറ്റുമതിയിൽ വൻ കുതിപ്പ് നേടി ഫോക്സ്‌വാഗൻ ഇന്ത്യ

ഇന്ത്യയിൽ കഴിഞ്ഞ വർഷം നിർമിച്ച കാറുകളിൽ പകുതിയിലേറെയും കയറ്റുമതി ചെയ്ത് ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ. 2011ൽ മൊത്തം ഉൽപ്പാദനത്തിന്റെ 6.4% കയറ്റുമതി ചെയ്ത ഫോക്സ്‌വാഗൻ ഇന്ത്യ കഴിഞ്ഞ വർഷം നിർമിച്ച കാറുകളിൽ 55 ശതമാനവും വിദേശ വിപണികളിലാണു വിറ്റത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 1.85 ലക്ഷത്തോളം കാറുകളാണു കയറ്റുമതി ചെയ്തതെന്നും ഫോക്സ്‌വാഗൻ ഇന്ത്യ വെളിപ്പെടുത്തി.

കഴിഞ്ഞ ജനുവരി — ഡിസംബർ കാലത്ത് 69,300 കാറുകളാണു ഫോക്സ്‌വാഗൻ ഇന്ത്യ കയറ്റുമതി ചെയ്തത്; 2014ലെ കയറ്റുമതിയെ അപേക്ഷിച്ച് നാലു ശതമാനത്താളം അധികമാണിത്. അതേസമയം, 2013നെ അപേക്ഷിച്ച് മൂന്നിരട്ടിയോളം വളർച്ചയാണു 2014ലെ കയറ്റുമതിയിൽ ഫോക്സ്‌വാഗൻ ഇന്ത്യ കൈവരിച്ചത്.

ഇക്കൊല്ലവും കയറ്റുമതിയിൽ നേരിയ വളർച്ചയാവും കൈവരിക്കുകയെന്നാണു കമ്പനിയുടെ കണക്കുകൂട്ടൽ. പൊതുവേ ആഭ്യന്തര വിൽപ്പനയും കയറ്റുമതിയുമായി 50:50 എന്ന അനുപാതം നിലനിർത്താനാണു ശ്രമിക്കുന്നതെന്നും കമ്പനി വ്യക്തമാക്കി.

പുണെയ്ക്കടുത്ത് ചക്കനിലുള്ള ശാല 2009 മാർച്ചിൽ പ്രവർത്തനം ആരംഭിച്ചതു മുതൽ ഫോക്സ്‌വാഗൻ ഇന്ത്യയുടെ ഇതുവരെയുള്ള മൊത്തം ഉൽപ്പാദനം 5.75 ലക്ഷത്തോളം കാറുകളാണ്. ലെഫ്റ്റ് ഹാൻഡ്, റൈറ്റ് ഹാൻഡ് ലേ ഔട്ടിലുള്ള ‘പോളോ’, ‘വെന്റോ’ കാറുകളാണു ഫോക്സ്‌വാഗന്റെ പ്രധാന കയറ്റുമതി. ദക്ഷിണ ആഫ്രിക്കയിലേക്കുള്ള കയറ്റുമതിയോടെ തുടങ്ങിയ കമ്പനിയുടെ ഇപ്പോഴത്തെ പ്രധാന വിദേശ വിപണി മെക്സിക്കോയാണ്; 2015ലെ കയറ്റുമതിയിൽ 80 ശതമാനവും ഈ വിപണിയിലേക്കായിരുന്നു. 3,200 ജീവനക്കാരാണു ചക്കൻ ശാലയിലുള്ളത്.

ആഭ്യന്തര വിപണിയിലെ ആവശ്യത്തിൽ നേരിട്ട ചാഞ്ചാട്ടവും വിദേശനാണയ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുമാണു കയറ്റുമതി ഉയരാൻ ഇടയാക്കിയതെന്നാണു ഫോക്സ്‌വാഗൻ ഇന്ത്യ പ്രസിഡന്റും മാനേജിങ് ഡയറക്ടറുമായ ഡോ ആൻഡ്രിയാസ് ലോവർമാന്റെ വിലയിരുത്തൽ.