പെട്രോൾ എൻജിനോടെ വോൾവോ ‘എസ് 60’; വില 42.70 ലക്ഷം

ആഡംബര സലൂണായ ‘എസ് 60’ കാറിന്റെ കരുത്തേറിയ പെട്രോൾ വകഭേദം — ‘എസ് 60 ടി സിക്സ്’ — സ്വീഡിഷ് നിർമാതാക്കളായ വോൾവോ ഇന്ത്യയിൽ അവതരിപ്പിച്ചു. ബെൽജിയത്തിൽ നിർമിച്ച് ഇറക്കുമതി വഴി ഇന്ത്യയിൽ വിൽക്കുന്ന കാറിന് 42.70 ലക്ഷം രൂപയാണു ചെന്നൈയിലെ ഷോറൂം വില. പഴയ പെട്രോൾ എൻജിനോടെ 2011ൽ ഇന്ത്യയിൽ അവതരിപ്പിച്ച ‘എസ് 60 ടി സിക്സ്’ പ്രതീക്ഷിച്ച വിൽപ്പന കൈവരിക്കാതെ വന്ന സാഹചര്യത്തിൽ കമ്പനി പിൻവലിക്കുകയായിരുന്നു.

എന്നാൽ ‘2015 വോൾവോ എസ് 60 ടി സിക്സി’നു കരുത്തേകുന്നത് രണ്ടു ലീറ്റർ, നാലു സിലിണ്ടർ, ടർബോ ചാർജ്ഡ്, ഡയറക്ടർ ഇഞ്ചക്ഷൻ, സൂപ്പർചാർജ്ഡ് പെട്രോൾ എൻജിനാണ്. പരമാവധി 302 ബി എച്ച് പി കരുത്തും 400 എൻ എം കരുത്തുമാണ് ഈ എൻജിൻ സൃഷ്ടിക്കുക. ഫ്രണ്ട് വീൽ ഡ്രൈവ് ലേ ഔട്ടുള്ള കാറിന്റെ ട്രാൻസ്മിഷനാവട്ടെ പാഡിൽ ഷിഫ്റ്ററോടെയുള്ള എട്ടു സ്പീഡ് ഓട്ടമാറ്റിക് ഗീയർബോക്സാണ്. വിദേശ വിപണികളിൽ ഓൾ വീൽ ഡ്രൈവ് ലേ ഔട്ടോടെയും വോൾവോ ‘എസ് 60 ടി സിക്സ്’ വിൽക്കുന്നുണ്ട്.

നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 കിലോമീറ്ററിലേക്കു കുതിക്കാൻ ഈ കാറിനു വെറും ആറു സെക്കൻഡ് മതിയെന്നാണു വോൾവോയുടെ കണക്ക്; മണിക്കൂറിൽ പരമാവധി 230 കിലോമീറ്ററാണ് ‘എസ് 60 ടി സ്ക്സി’ന്റെ വേഗം. എന്നിട്ടും ഡബിൾ ഫോഴ്സ്ഡ് ഇൻഡക്ഷന്റെ മികവിൽ ലീറ്ററിന് 15 കിലോമീറ്ററിലേറെ ഇന്ധനക്ഷമതയും ഈ എൻജിന് വോൾവോ ഉറപ്പു പറയുന്നു.

മുന്തിയ വകഭേദമായ ‘ഇൻസ്ക്രിപ്റ്റി’ൽ മാത്രമാണ് ‘എസ് 60 ടി സിക്സ്’ ലഭ്യമാവുക. അതുകൊണ്ടുതന്നെ കാറിലെ സൗകര്യങ്ങൾക്കോ സംവിധാനങ്ങൾക്കോ ഒന്നും ഒട്ടും കുറവില്ല. 18 ഇഞ്ച് അലോയ് വീൽ, തുകൽ പൊതിഞ്ഞ, പവേഡ് മുൻ സീറ്റുകൾ, ലതറും ഗാർണിഷും അഴകേകുന്ന അകത്തളം,എൽ ഇ ഡി ഡേ ടൈം റണ്ണിങ് ലാംപ്, ആക്ടീവ് ബെൻഡിങ് സീനോൻ ഹെഡ്ലാംപ്, എൽ ഇ ഡി ടെയിൽ ലാംപ്, അഡാപ്റ്റീവ് ഡിജിറ്റൽ ഡിസ്പ്ലേ, ഇന്റീരിയർ എയർ ക്വാളിറ്റി സിസ്റ്റം(ഐ എ ക്യു എസ്) സഹിതമുള്ള ആക്ടീവ് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, ക്ലീൻ സോൺ ഇന്റീരിയർ പാക്കേജ്(സി സെഡ് ഐ പി), പവർ സൺറൂഫ്, കീ രഹിത എൻട്രി ആൻഡ് ഗോ എന്നിവയൊക്കെ കാറിലുണ്ട്.

നിർമാണം വോൾവോ ആയതിനാൽ സുരക്ഷാ കാര്യങ്ങളിലും ‘എസ് 60 ടി സിക്സ്’ ബഹുദൂരം മുന്നിലാണ്. എമർജൻസി ബ്രേക്ക് അസിസ്റ്റൻസ് സഹിതം ആന്റി ലോക്ക് ബ്രേക്ക്, ഡൈനാമിക് സ്റ്റെബിലിറ്റി ആൻഡ് ട്രാക്ഷൻ കൺട്രോൾ, ടയർ പ്രഷർ പരിശോധനാ സംവിധാനം, അഡാപ്റ്റീവ് എമർജൻസി ബ്രേക്ക് ലൈറ്റ്, ആക്ടീവ് ഹെഡ് റിസ്ട്രെയ്ന്റ് എന്നിവയെല്ലാം കാറിലുണ്ട്. അപകടത്തിൽപെട്ടു കായലിൽ വീണാൽ പോലും മുങ്ങിത്താഴാതെ കാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനും പര്യാപ്തമാണു കാറിലെ എയർ ബാഗുകൾ!