ഫോക്സ്‌വാഗൻ ചൈനയിൽ പുതിയ സംയുക്ത സംരംഭത്തിന്

ചൈനീസ് വാഹന നിർമാതാക്കളായ അൻഹുയ് ജിയാങ്ഹുവായ് ഓട്ടമൊബീലു(ജെ എ സി മോട്ടോർ)മായി പുതിയ സംയുക്ത സംരംഭം സ്ഥാപിക്കാൻ ജർമൻ വാഹന നിർമാതാക്കളായ ഫോക്സ്‌വാഗൻ എ ജി ശ്രമിക്കുന്നതായി സൂചന. പരസ്പര സഹകരണത്തിനുള്ള പുതിയ ധാരണാപത്രം ഒപ്പിടുന്ന സാഹചര്യത്തിൽ കമ്പനി ഓഹരികളുടെ വ്യാപാരം നിർത്തിവയ്ക്കുകയാണെന്നു ജെ എ സി മോട്ടോർ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിനെയും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇടപാടിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ ജെ എ സി മോട്ടോർ സന്നദ്ധമായിട്ടില്ല.

ഫോക്സ്‌വാഗനും ജെ എ സിയും ചേർന്നു പുതിയ സംയുക്ത സംരംഭം സ്ഥാപിക്കുമെന്നു ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള പത്രമായ ചൈന ഡെയ്‌ലിയാണു വാർത്ത പ്രസിദ്ധീകരിച്ചത്. ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ ജെ എ സി സമർപ്പിച്ച ഫയലിങ്ങിൽ പേരു വെളിപ്പെടുത്താത്ത പങ്കാളി ഫോക്സ്‌വാഗൻ ആണെന്നു ധനകാര്യ വാർത്താ വിതരണ ഏജൻസിയായ കെയ്ക്സിനും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വൈദ്യുത വാഹന നിർമാണം ലക്ഷ്യമിട്ടാണ് ഇരുകമ്പനികളും ചേർന്നു പുതിയ സംയുക്ത സംരംഭം രൂപീകരിക്കുന്നതെന്നാണ് ഏജൻസിയുടെ വിലയിരുത്തൽ. സർക്കാരിൽ നിന്നുള്ള ഇളവുകളുടെയും ആനുകൂല്യങ്ങളുടെയും പിൻബലത്തിൽ ‘പുത്തൻ എനർജി വാഹന’മായി വാഴ്ത്തപ്പെടുന്ന വൈദ്യുത വാഹന വിൽപ്പന ചൈനയിൽ കഴിഞ്ഞ വർഷം നാലിരട്ടിയോളമായി വർധിച്ചിരുന്നു. അതേസമയം, ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പ് ഈ വിഷയത്തിൽ പ്രതികരിക്കാൻ ജെ എ സിയുടെ മാധ്യമ വിഭാഗം വിസമ്മതിച്ചു. ഈ വിഷയത്തിൽ വിശദീകരണം പിന്നീട് നൽകുമെന്നായിരുന്നു ഫോക്സ്‌വാഗന്റെ നിലപാട്.

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിലെ ഏറ്റവും വലിയ നിർമാതാവ് എന്ന പദവി ക്കായി ഫോക്സ്‌വാഗനും യു എസ് നിർമാതാക്കളായ ജനറൽ മോട്ടോഴ്സുമായി കടുത്ത മത്സരം നിലവിലുണ്ട്. കഴിഞ്ഞ വർഷത്തെ വിൽപ്പനയിൽ ജി എമ്മിന്റെ സംയുക്ത സംരംഭങ്ങൾ ഫോക്സ്‌വാഗനെ നേരിയ വ്യത്യാസത്തിൽ പിന്നിലാക്കിയെന്നാണു ചൈന അസോസിയേഷൻ ഓഫ് ഓട്ടമൊബീൽ മാനുഫാക്ചറേഴ്സിന്റെ കണക്ക്.പ്രാദേശിക പങ്കാളികളുമായി സഹകരിച്ചും സംയുക്ത സംരംഭം സ്ഥാപിച്ചും മാത്രമാണ് ആഗോള വാഹന നിർമാതാക്കൾക്ക് ചൈനീസ് വിപണിയിൽ വാഹനങ്ങൾ നിർമിച്ചു വിൽക്കാൻ അനുമതി. സാധാരണ ഗതിയിൽ രണ്ടു സംയുക്ത സംരംഭമാണു വിദേശ നിർമാതാക്കൾ ചൈനയിൽ സ്ഥാപിക്കാറുള്ളത്. ഫോക്സ്‌വാഗനാവട്ടെ നിലവിൽ എസ് എ ഐ സി മോട്ടോറും ചൈന എഫ് എ ഡബ്ല്യു ഗ്രൂപ്പുമായി ചേർന്നു സംയുക്ത സംരംഭം സ്ഥാപിച്ചിട്ടുണ്ട്. ഗ്രൂപ് അടിസ്ഥാനത്തിലുളള വിൽപ്പന കണക്കാക്കിയാൽ ചൈനീസ് നിർമാതാക്കളിൽ ഒൻപതാം സ്ഥാനത്താണ് ജെ എ സി മോട്ടോർ.