ട്രെയിൻ.. ട്രെയിൻ.. ഗോ എവേ

Illustration: Ajo Kaitharam

മഴയെപ്പറ്റി ഇന്നലെ ക്ലാസിൽ പഠിച്ച നഴ്സറി റൈം ആ മിടുക്കൻ മാറ്റിപ്പാടാൻ തുടങ്ങി.. ട്രെയിൻ.. ട്രെയിൻ ഗോ എവേ.. കം എഗെയ്ൻ അനദർ ഡേ.. അമ്മ ആ നാലുവയസ്സുകാരനെ നെഞ്ചിലേക്കു ചേർത്തു. ഇനിയുള്ള കാഴ്ചകൾ കാണാതിരിക്കാൻ അവന്റെ കണ്ണു പൊത്തി !

രണ്ടു ജീവിതങ്ങൾ പാളംതെറ്റുന്ന  നിമിഷത്തിന് എൻജിൻ റൂമിലിരുന്ന് ഒരു ലോക്കോ പൈലറ്റ് സാക്ഷിയായത് ഇങ്ങനെയാണ്.  തൃപ്പൂണിത്തുറ സ്വദേശിയായ എൻജിൻ ഡ്രൈവർ എ.എൻ. ഉണ്ണിയുടെ ഓർമയാണിത്, വർഷങ്ങൾക്കു മുമ്പ് ഒരു വൈകുന്നേരം ആലപ്പുഴയിലെ തീവണ്ടിപ്പാതയിൽ നിന്ന്...

റയിൽപ്പാളത്തിന് അരികിൽ നിൽക്കുകയായിരുന്നു ആ അമ്മയും കുഞ്ഞും.  ട്രെയിൻ വരുന്നതു കണ്ട് കുഞ്ഞിനെയും എടുത്ത് അവർ ട്രാക്കിൽ കയറി നിന്നു. അവരുടെ ചുവന്ന സാരി അപകടം മണത്തതുപോലെ കാറ്റിൽ പറക്കുന്നത് ഉണ്ണി കണ്ടു.  തന്റെ നേർക്ക് ഓടിവരുന്ന തീവണ്ടിയെ ഒരു വലിയ കളിപ്പാട്ടം കാണുന്ന കൗതുകത്തോടെ നോക്കി കുട്ടി കൈവീശി പാടിക്കൊണ്ടിരുന്നു.. ലോകത്തെ ഏറ്റവും നിസ്സഹായനായ ഡ്രൈവർ ലോക്കോ പൈലറ്റാണെന്ന് ഉണ്ണിക്കു തോന്നി. എത്ര ശ്രമിച്ചാലും ആ അപകടം തടയാൻ ഡ്രൈവർക്കു കഴിയില്ല. 

ട്രാക്കിൽ സംശയാസ്പദമായി ആളെ കണ്ടാൽ എൻജിൻ ഡ്രൈവർമാർ ആദ്യം ചെയ്യുക ചെവി പൊട്ടുന്ന ശബ്ദത്തിൽ‌ ഹോൺ മുഴക്കുകയാണ്.  മരണം മോഹിച്ചുവന്ന പലരും അതു കേട്ടതായിപ്പോലും ഭാവിക്കില്ല.  

മരണത്തിനു മുന്നിൽ പുരുഷന്മാരെക്കാൾ ചങ്കുറപ്പ് സ്ത്രീകൾക്കാണ്. പുരുഷന്മാർ പലപ്പോഴും അവസാന നിമിഷം വെപ്രാളത്തോടെ ജീവിതത്തിലേക്ക് തിരിച്ചോടാൻ നോക്കും. അങ്കമാലി ഭാഗത്ത് കുറ്റിക്കാടുകൾക്കു നടുവിലെ വിജനമായ ട്രാക്കിൽ നിന്ന് അങ്ങനെയൊരു ഓർമയുണ്ട് ഉണ്ണിക്ക്.  തലയൊക്കെ നരച്ച് പ്രായം ചെന്ന ഒരാൾ. വെള്ള ഉടുപ്പും മുണ്ടുമൊക്കെയായി വൃത്തിയായിട്ടാണ് മരിക്കാൻ വന്നത്.  ട്രെയിൻ കണ്ടപ്പോൾ പാളത്തിൽ പ്രാർഥിക്കുന്നതുപോലെ മുട്ടുകുത്തി നിന്നു.  തീവണ്ടി അരികിൽ വന്നതോടെ പേടിച്ചു പോയി. നിലവിളിച്ചുകൊണ്ട് ട്രാക്കിൽ നിന്ന് എടുത്തു ചാടി. അടുത്ത ട്രാക്കിലൂടെ  മറ്റൊരു ട്രെയിൻ വരുന്നത് അയാൾ അറിഞ്ഞില്ല.  ജെല്ലിക്കെട്ടുകാളയെപ്പോലെ അത് അയാളെ കൊമ്പിൽ കോരിയെടുത്ത് ആകാശത്തേക്കു തെറിപ്പിച്ചു. 

വേഗത്തിൽ ഓടുന്ന ട്രെയിൻ എത്ര പെട്ടെന്ന് ബ്രേക്ക് ചെയ്താലും 500 മീറ്ററെങ്കിലും മുന്നോട്ടു നീങ്ങിയേ നിൽക്കൂ. മുന്നിൽച്ചാടുന്ന ഒരാളുടെയും ജീവൻ രക്ഷിക്കാനാവില്ലെന്നതിനാൽ  അടുത്ത സ്റ്റേഷനിൽ സംഭവം റിപ്പോർട്ട് ചെയ്ത ശേഷം യാത്ര തുടരുകയാണ് ലോക്കോ പൈലറ്റുമാരുടെ പതിവ്. ഓരോ ഡ്രൈവർക്കും പറയാനുണ്ടാകും ഇതുപോലെ ഒരുപാടു കഥകൾ ! കോച്ചുകളിൽ കമ്പിയഴികൾ ഉയർത്തി വയ്ക്കാവുന്ന എമർജൻസി ജനാലയുണ്ട്. അടിയന്തര ഘട്ടങ്ങളിൽ യാത്രക്കാർക്ക് രക്ഷപ്പെടാനാണിത്.  ആ ജനാലയാണ്  മറ്റൊരു കുട്ടിക്ക് അപകടക്കെണിയായത്. അച്ഛന്റെയും  അമ്മയുടെയും കൂടെ ഒരു ഉല്ലാസയാത്ര. അപ്പർ ബർത്തിലേക്ക് കയറിയും തിരിച്ചിറങ്ങിയും കളിക്കുകയായിരുന്നു അവൻ.  

മുകളിലെ ബർത്തിൽ നിന്ന് ഊർന്നു താഴേക്കിറങ്ങുമ്പോൾ ഇല്ലാത്ത കമ്പിയഴിയിൽ ചവിട്ടി അവനു കാൽതെറ്റി.  കുതിച്ചുപായുന്ന ട്രെയിനിന്റെ ജനാലയിലൂടെ ആ കുട്ടി പുറത്തേക്കു പറന്നുപോയി. അമ്മ ഉറക്കെ കരഞ്ഞിട്ടും അച്ഛൻ അപായച്ചങ്ങല വലിച്ചിട്ടും ഒരു കിലോമീറ്ററോളം മുന്നോട്ട് ഓടിയിട്ടേ വണ്ടി നിന്നുള്ളൂ..  തന്റെ കുഞ്ഞിനെ തിരഞ്ഞ് ട്രാക്കിലൂടെ കരഞ്ഞുകൊണ്ട് പിന്നോട്ട് ഓടുന്ന അച്ഛനെ എങ്ങനെ മറക്കാൻ കഴിയും.. പാളത്തിനു സമാന്തരമായി നടുവിൽ കയറി കിടന്നിട്ട് ട്രെയി‍ൻ പോയപ്പോൾ ഒന്നും സംഭവിക്കാതെ എഴുന്നേറ്റു നടന്നു പോയ ഒരാൾ..  പതിവായി ചങ്ങല വലിച്ചു നിർത്തി കോളജിന്റെ അടുത്ത് ഇറങ്ങുന്ന കൊല്ലം പാസഞ്ചറിലെ വികൃതിക്കുട്ടികൾ, തനിക്കിറങ്ങാനുള്ള സ്റ്റേഷനിൽ വരുമ്പോൾ ചെയിൻ വലിക്കുന്ന ശീലമുള്ള ഒരു പൊലീസുദ്യോസ്ഥൻ.. ഇങ്ങനെ ഒരുപാടു പേർ..സന്തോഷത്തിന്റെയും സങ്കടത്തിന്റെയും രണ്ടുപാളങ്ങൾ സമാന്തരമായി നീളുന്നു. അവയിലൂടെ ലോക്കോ പൈലറ്റിന്റെ ജീവിതം ഓടിക്കൊണ്ടേയിരിക്കുന്നു.